മലങ്കര വര്‍ഗീസ് വധം: ഫാദര്‍ വര്‍ഗീസ് ഒന്നാം പ്രതി
Kerala
മലങ്കര വര്‍ഗീസ് വധം: ഫാദര്‍ വര്‍ഗീസ് ഒന്നാം പ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th May 2010, 11:25 pm

കൊച്ചി: മലങ്കര വര്‍ഗീസ് കൊലക്കേസില്‍ അങ്കമാലി ഭദ്രാസന മാനേജര്‍ ഫാ. വര്‍ഗീസ് തെക്കേക്കരയെ ഒന്നാം പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. 19 പേരാാണ് പ്രതിപ്പട്ടികയിലുള്ളത്. ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാ തര്‍ക്കത്തിനിടെ വളരെ ആസൂത്രിതമായി മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നത്. രണ്ടാം പ്രതിയായ സിമന്റ് ജോയി എന്നയാളുമായി ചേര്‍ന്ന് ഫാ വര്‍ഗീസ് തെക്കേക്കരയാണ് കൊല ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സിമന്റ് ജോയിയാണ് കൊല നടത്താന്‍ ഗുണ്ടകളെ ഏര്‍പ്പാടാക്കിയതെന്നും സി ബി ഐ പറയുന്നു.

യാക്കോബായ സഭാംഗമായിരുന്ന ബിനുവെന്ന യുവാവിന്റെ മരണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സി ബി ഐ വ്യക്തമാക്കി. സഭാ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സമയത്താണ് മലങ്കര വര്‍ഗീസിന്റെ കാര്‍ തട്ടി ബിനു മരിച്ചത്. കാര്‍ പിന്നോട്ടെടുക്കുന്നതിനിടെയാണ് ബിനുവിനെ ഇടിക്കുകയായിരുന്നു. എന്നാല്‍ ബിനുവിനെ മനപൂര്‍വ്വം കൊലപ്പെടുത്തുകയായിരുന്നുവെന്ന് യാക്കോബായ വിഭാഗം ആരോപിച്ചു. തുടര്‍ന്ന് പിന്നീട് ഫാ വര്‍ഗീസ് തെക്കേക്കരയുടെ നേതൃത്വത്തില്‍ ബിനു സഹായ ഫണ്ട് സ്വരൂപിച്ചിരുന്നു. ഫണ്ടില്‍ നിന്ന് ലഭിച്ച തുകയുടെ ഒരുഭാഗം ബിനുവിന്റെ കുടുംബത്തിന് നല്‍കുകയും ശേഷിക്കുന്ന തുക ഗുണ്ടകള്‍ക്ക് നല്‍കാനായി സിമന്റ് ജോയിക്ക് നല്‍കുകും ചെയ്തു.

2002 ഡിസംബര്‍ അഞ്ചിന് വൈകീട്ട് 4.30നാണ് പെരുമ്പാവൂര്‍ തോമ്പത്തില്‍ മത്തായിയുടെ മകന്‍ വര്‍ഗീസ് കൊല്ലപ്പെടുന്നത്. വാടക കൊലയാളികള്‍ കരോട്ടപടിയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സഭാ തര്‍ക്കത്തില്‍ മെത്രാന്‍ കക്ഷിയോടൊപ്പമായിരുന്നു വര്‍ഗീസ്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി ബി ഐക്ക് വിടുകയായിരുന്നു. അന്നത്തെ ഭരണ കക്ഷിയായിരുന്നു യു ഡി എഫിലെ ചില നേതാക്കള്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയുയര്‍ന്നിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് ഭാര്യ സാറാമ്മ വര്‍ഗീസ് ഒറ്റക്കാണ് നിയമയുദ്ധം നടത്തിയത്. കേസ് അന്വേഷണത്തിനിടെ ഫാ. വര്‍ഗീസ് തെക്കേക്കരയെ സി ബി ഐ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നു.