നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ അത് രാജ്യത്തെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും: മല്ലികാർജുൻ ഖാർഗെ
national news
നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ അത് രാജ്യത്തെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും: മല്ലികാർജുൻ ഖാർഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th January 2024, 5:16 pm

ഭുവനേശ്വർ: നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ അത് രാജ്യത്തെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ഭൂരിപക്ഷം നേടുകയാണെങ്കിൽ പിന്നീട്‌ തെരഞ്ഞെടുപ്പ് തന്നെ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒഡീഷയിലെ ഭുവനേശ്വറിൽ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

‘ 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ വന്നാൽ ഇവിടെ സ്വേച്ഛാധിപത്യം സ്ഥാപിക്കും. പിന്നീട് ഇവിടെ ജനാധിപത്യമോ തെരഞ്ഞെടുപ്പോ ഉണ്ടാകില്ല. ഈ രാജ്യത്ത് ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവസാനത്തെ അവസരം ആയിരിക്കും ഈ വരുന്ന തെരഞ്ഞെടുപ്പ്.

അവർ എല്ലാവർക്കും നോട്ടീസ് നൽകുന്നു. ആളുകളെ ഭയപ്പെടുത്തുന്നു. ചിലർ സൗഹൃദം ഉപേക്ഷിക്കുന്നു. മറ്റു ചിലർ പാർട്ടി ഉപേക്ഷിക്കുന്നു. ചിലർ സഖ്യം തന്നെ ഉപേക്ഷിക്കുന്നു,’ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉദ്ദേശിച്ചുകൊണ്ട് ഖാർഗെ പറഞ്ഞു.

‘ഈ വരുന്ന തെരഞ്ഞെടുപ്പ് ഒരുപക്ഷെ വോട്ട് ചെയ്യാനുള്ള നിങ്ങളുടെ അവസാനത്തെ അവസരം ആയിരിക്കും. ഇതിനുശേഷം ഒരു തെരഞ്ഞെടുപ്പ് തന്നെ ഉണ്ടാകില്ല,’അദ്ദേഹം പറഞ്ഞു.

ബി.ജെ.പിക്കെതിരെയും അവരുടെ പ്രത്യായശാസ്ത്ര പങ്കാളിയായ ആർ.എസ്.എസിനെതിരെയും കരുതിയിരിക്കണമെന്നും പാർട്ടി പ്രവർത്തകരെ അദ്ദേഹം ഉപദേശിച്ചു.

‘ഈ രാജ്യത്തെ ഒരുമിപ്പിക്കാൻ ആണ് രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നത്. അദ്ദേഹം രാജ്യത്ത് സ്നേഹത്തിന്റെ കട തുറന്നപ്പോൾ ആർ.എസ്.എസും ബി.ജെ.പിയും വെറുപ്പിന്റെ കടയാണ് തുറന്നത്. അതുകൊണ്ട് നമ്മൾ ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. ബി.ജെ.പിയും ആർ.എസ്.എസും വിഷമാണ്. നമ്മുടെ അവകാശങ്ങൾ അവർ തട്ടിയെടുക്കുന്നു,’ കോൺഗ്രസ് പ്രസിഡന്റ് പറഞ്ഞു.

Content Highlight: Mallikarjun Kharge warns against Narendra Modi’s re-election with ‘last poll’ prediction