ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ. ജനങ്ങളോടുള്ള സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും പേരില്‍ ഉമ്മന്‍ ചാണ്ടി എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് ഖാര്‍ഗെ ട്വീറ്റ് ചെയ്തു.
ഉമ്മന്‍ ചാണ്ടിയുടെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും കേരളത്തിന്റെ പുരോഗതിയിലും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമികയിലും മായാത്ത മുദ്ര പതിപ്പിച്ചെന്നും ഖാര്‍ഗെ അനുസ്മരിച്ചു. കുടുംബത്തിനും പിന്തുണച്ചവര്‍ക്കും അനുശോചനം നേരുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.
‘മുന്‍ കേരള മുഖ്യമന്ത്രിയും, ജനനേതാവായി തലയുയര്‍ത്തി നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഉമ്മന്‍ചാണ്ടിക്ക് എന്റെ എളിയ ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും കേരളത്തിന്റെ പുരോഗതിയിലും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിലും മായാത്ത മുദ്ര പതിപ്പിച്ചു.
ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തിനും സേവനത്തിനും അദ്ദേഹം ഓര്‍മ്മിക്കപ്പെടും. കുടുംബത്തിനും പിന്തുണച്ചവര്‍ക്കും ഹൃദയംഗമമായ അനുശോചനം,’ ഖാര്‍ഗെ ട്വീറ്റ് ചെയ്തു.
അതേസമയം, രാവിലെ 10 മണിയോടെ ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവിലെ കോണ്‍ഗ്രസ് നേതാവായ ജോണിന്റെ വസതിയിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. ഇവിടെ വെച്ച് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കും.
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മാറ്റിവെക്കില്ലെന്നും അനുശോചനത്തിന് ശേഷം ചര്‍ച്ച തുടരുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.