Entertainment
ദിവസവും നൂറോ നൂറ്റമ്പതോ മെസേജുകള്‍ കാണാം; എമ്പുരാനെ കുറിച്ച് ചോദിക്കുന്നവരോടെല്ലാം ഒന്നേ പറയാനുള്ളൂ: മല്ലിക സുകുമാരന്‍

ഓരോ ദിവസവും ഫോണെടുത്ത് നോക്കിയാല്‍ തനിക്ക് ധാരാളം മെസേജുകള്‍ വന്നത് കാണാമെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. അതൊക്കെ പൃഥ്വിരാജ് സംവിധാനം ചെയ്ത് വരാന്‍ പോകുന്ന എമ്പുരാനെ കുറിച്ച് ചോദിച്ചു കൊണ്ടാണെന്നും അവര്‍ പറയുന്നു.

തന്റെ മകന്‍ സംവിധാനം ചെയ്തിട്ട് എത്തുന്ന അത്രയും വലിയ സിനിമയായത് കൊണ്ട് തന്നെ എമ്പുരാനെ കുറിച്ച് കേള്‍ക്കുമ്പോള്‍ തനിക്ക് ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും മല്ലിക പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

എമ്പുരാനെ കുറിച്ച് അന്വേഷിക്കുന്നവരോടെല്ലാം തനിക്ക് ഒരുപാട് നന്ദിയുണ്ടെന്നും ആളുകള്‍ സന്ദേശങ്ങളായി അയക്കുന്ന എല്ലാ നല്ല വാക്കുകളും തന്നിലെ അമ്മയെയാണ് കൂടുതല്‍ സന്തോഷവതിയാക്കുന്നതെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.

‘ഒരു ദിവസം രാവിലെ ഫോണ്‍ എടുത്ത് നോക്കിയാല്‍ നൂറോ നൂറ്റമ്പതോ മെസേജ് കാണാം. എല്ലാം പൃഥ്വിരാജ് സംവിധാനം ചെയ്ത് വരാന്‍ പോകുന്ന അവന്റെ എമ്പുരാനെ കുറിച്ച് ചോദിച്ചു കൊണ്ടാണ്. അത് ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ്. അതൊക്കെ ആളുകള്‍ക്ക് അറിയുന്ന കാര്യമല്ലേ.

പിന്നെ മോഹന്‍ലാല്‍ ആണ് ആ സിനിമയില്‍ എമ്പുരാനായിട്ട് വരുന്നത്. എന്റെ മകന്‍ സംവിധാനം ചെയ്തിട്ട് എത്തുന്ന അത്രയും വലിയ പടമായത് കൊണ്ട് തന്നെ എമ്പുരാനെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്.

എല്ലാവരും എമ്പുരാനെ കുറിച്ച് പറയാറുണ്ട്. ‘ചേച്ചി സ്റ്റില്‍ കണ്ടു. ടീസറ് കണ്ടു. അത് കണ്ടു, ഇത് കണ്ടു’ എന്നൊക്കെ പറയാറുണ്ട്. ഇങ്ങനെ പടത്തെ കുറിച്ച് അന്വേഷിക്കുന്നവരോടെല്ലാം എനിക്ക് ഒരുപാട് അകമഴിഞ്ഞ നന്ദിയുണ്ട്.

കാരണം നിങ്ങള്‍ എനിക്ക് സന്ദേശങ്ങളായി അയക്കുന്ന എല്ലാ നല്ല വാക്കുകളും എന്നിലെ അമ്മയെ ആണ് കൂടുതല്‍ സന്തോഷവതിയാക്കുന്നത്. ഈശ്വരാ എന്റെ മകനെ കുറിച്ചാണല്ലോ എല്ലാവരും പറയുന്നത് എന്ന ചിന്തയാണ് അപ്പോള്‍ എനിക്കുണ്ടാവുക,’ മല്ലിക സുകുമാരന്‍ പറയുന്നു.

Content Highlight: Mallika Sukumaran Talks About Empuraan Movie