Malikappuram Review | വിഷയം ശബരിമല കയറുന്ന പെണ്ണുങ്ങള്‍ തന്നെ | ANNA'S VIEW
അന്ന കീർത്തി ജോർജ്

ഒരു വശത്ത് നിന്ന് നോക്കുമ്പോള്‍, ശബരിമലയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന ഒരു കുട്ടിക്കഥയായോ, അയ്യപ്പനെ കുറിച്ച് വന്നിട്ടുള്ള ഒരുപാട് സീരിയലുകളോട് സാമ്യം തോന്നുന്ന ചിത്രമായോ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമയായ മാളികപ്പുറത്തെ കാണാം. എന്നാല്‍, അതിനപ്പുറത്തേക്ക്, ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള നിലപാട് ഒരു മറയുമില്ലാതെ ഉറക്കെ പറഞ്ഞിരിക്കുന്ന ചിത്രമാണ് മാളികപ്പുറം.

അയ്യപ്പ ഭക്തയായി വളരുന്ന ഒരു എട്ട് വയസുകാരിയും ശബരിമലയില്‍ പോയി അയ്യപ്പനെ കാണാനുള്ള അവളുടെ ആഗ്രഹവുമാണ് സിനിമയുടെ പശ്ചാത്തലം. ഇതിനിടയില്‍ ഈ കുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന ചില സംഭവങ്ങളും ശബരിമല യാത്രയെ അത് ബാധിക്കുന്നതുമാണ് പിന്നീട് നടക്കുന്ന സംഭവങ്ങള്‍.

 

മാളികപ്പുറം സിനിമയുടെ കഥ ഒരു ബാലസാഹിത്യകൃതിക്ക് തുല്യമാണ്. ഒരു കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയതുകൊണ്ടല്ല ഇത്, സിനിമയുടെ ആദ്യാവസാനമുള്ള കഥാസന്ദര്‍ഭങ്ങളിലെല്ലാം ആ ഫീലുണ്ട്.

അയ്യപ്പനെ കുറിച്ചുള്ള കഥകളുമായെത്തിയ സീരിയലുകളോടും സിനിമ വല്ലാത്ത സാമ്യം പുലര്‍ത്തുന്നുണ്ട്. കഥകള്‍ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശി, മകളെ ഒരുപാട് ഇഷ്ടപ്പെടുന്ന എന്നാല്‍ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന അച്ഛനും അമ്മയും, ക്രൂരനായ പലിശക്കാരന്‍, ചില സുഹൃത്തുക്കള്‍, കുട്ടിയുടെ ഒപ്പമുള്ള താന്തോന്നിയും തമാശക്കാരനുമായ ഒരു കൂട്ടുകാരന്‍, മീശ പിരിച്ചും മുണ്ടു മുറുക്കിയുമെത്തുന്ന വില്ലന്‍ വേഷങ്ങള്‍ എന്നിങ്ങനെ കഥാപാത്രങ്ങളെല്ലാം സീരിയലുകളോട് സാമ്യം പുലര്‍ത്തുന്നുണ്ട്. ഇവരുടെ ഡയലോഗുകളിലും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന രീതിയിലും ഈ സാമ്യതയുടെ തുടര്‍ച്ചകള്‍ കാണാം.

ഇനി ശബരിമല സ്ത്രീപ്രവേശനത്തെ സിനിമ കാണുന്ന രീതിയിലേക്ക് വരാം. ശബരിമലക്ക് പോകുന്ന സ്ത്രീകളെ വിളിക്കുന്ന മാളികപ്പുറം എന്ന പേരില്‍ തുടങ്ങി അവസാനിക്കുന്നത് വരെ ശബരിമലയിലെ സ്ത്രീപ്രവേശനമാണ് സിനിമയുടെ അടിത്തട്ടിലുള്ള പ്ലോട്ട്. ചില പരാമര്‍ശങ്ങളിലൂടെ തുടങ്ങി അവസാനത്തിലേക്ക് സിനിമ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കുകയും ചെയ്യും.

(സ്‌പോയ്‌ലറുകളുണ്ട്, സിനിമ കണ്ട ശേഷം മാത്രം തുടരുക)

അയ്യപ്പന്‍ വിചാരിക്കുന്നവര്‍ മാത്രമേ ആര്‍ക്കായാലും മല കയറാന്‍ പറ്റുകയുള്ളുവെന്നും, രണ്ട് പേരെ വലിച്ചു മല കയറ്റാന്‍ നോക്കിയിട്ട് കാര്യമുണ്ടായില്ലല്ലോ എന്നുമാണ് ചിത്രത്തിന്റെ അവസാന സ്‌റ്റേറ്റ്‌മെന്റായി ഉണ്ണി മുകുന്ദന്റെ കഥാപാത്രം പറയുന്നത്. സാധാരണ നായകനപ്പുറത്തേക്ക് പരിവേഷമുള്ള കഥാപാത്രമാണ് ഇതെന്ന് കൂടി ഓര്‍ക്കണം.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തടയുന്ന എല്ലാ പിന്തിരിപ്പന്‍ നിലപാടുകളും വിശ്വാസവും ദൈവത്തിനുമേല്‍ ചാര്‍ത്തികൊടുക്കുകയാണ് സിനിമ. അയ്യപ്പന്‍ ആഗ്രഹിക്കുന്നതുകൊണ്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് എട്ട് വയസുകാരി മലയിലെത്തി എന്നും എന്നാല്‍ ചിലര്‍ക്ക് അതിന് സാധിക്കാത്തത് അയ്യപ്പന്റെ ഇഷ്ടത്തിന് എതിരായതുകൊണ്ടാണ് എന്നുമാണ്, പേരുകള്‍ പരാമര്‍ശിക്കാതെ, ചിത്രം പറയുന്നത്.

ശബരിമല കയറാന്‍ ശ്രമിച്ച സ്ത്രീകള്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന നിരന്തരമായ ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും കൂടുതല്‍ എരിവ് പകരാനാണ് മാളികപ്പുറം സഹായിക്കുക എന്ന് നിസംശയം പറയാം. ഭരണഘടനയും കോടതിയും അനുവദിച്ച മൗലികമായ അവകാശത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിച്ച സ്ത്രീകള്‍ക്കെതിരെയാണ് സിനിമ സംസാരിച്ചത്.

ചിത്രത്തിലെ ഈ ഡയലോഗും ശബരിമല കയറുന്ന സ്ത്രീകളെ വിളിക്കുന്ന മാളികപ്പുറം എന്ന സങ്കല്‍പത്തില്‍ ഊന്നിക്കൊണ്ട് പറഞ്ഞിരിക്കുന്ന പ്ലോട്ടും തീര്‍ച്ചയായും ചര്‍ച്ചയാകും. സിനിമ മുന്നോട്ടു വെക്കുന്ന ഈ നിലപാടിനെ നിങ്ങള്‍ എങ്ങനെയാണ് കാണുന്നതെന്ന് തീര്‍ച്ചയായും പറയണം.

മറ്റൊരു കാര്യം, സിനിമയില്‍ കൃത്യമായും മുസ്‌ലിമെന്ന് അടയാളപ്പെടുത്തുന്ന ഒരു കഥാപാത്രമുണ്ട്. ശബരിമല ഡ്യൂട്ടിയിലുള്ള അയ്യപ്പ വിശ്വാസിയായ ഒരു മുസ്‌ലിം പൊലീസ് ഉദ്യോഗസ്ഥനാണ് അത്. ഹനീഫ് സ്വാമി എന്നാണ് അദ്ദേഹത്തെ വിളിച്ചിരിക്കുന്നത്. മതസാഹോദര്യത്തെ അടയാളപ്പെടുത്താനെന്ന വ്യാജേനെ സംഘപരിവാര്‍ പ്രഘോഷിക്കുന്ന ദേശീയ മുസ്‌ലിമിന്റെ പ്രതിരൂപമായാണ് ഈ കഥാപാത്രത്തെ തോന്നിയത്. സിനിമാക്കാര്‍ തെരഞ്ഞെടുത്ത വളരെ നാടകീയമായ, കൃത്യമായും ഏച്ചുകൂട്ടലുമെന്ന് തന്നെ വിളിക്കാന്‍ തോന്നിയ ഭാഗമാണിത്.

ഇനി മാളികപ്പുറത്തിന്റെ മറ്റ് ഘടകങ്ങളിലേക്ക് വന്നാല്‍, ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഏറെ മികവ് പുലര്‍ത്തിയിരുന്നു. ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തില്‍ കുട്ടികള്‍ക്ക് തോന്നുന്ന ദിവ്യപരിവേഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഫൈറ്റ് കോറിയോഗ്രഫിയാണ് മാളികപ്പുറത്തിലേത്. അത് ഒരുപടി കൂടി കടന്ന് പക്കാ ഫാന്റസി മോഡിലേക്ക് നീങ്ങുന്നതും ഒരു പരിധി വരെ ആസ്വാദ്യകരമാണ്.

പക്ഷെ, അയ്യപ്പന്‍കാവ്, പട്ടട എന്ന കഥാപാത്രം, വില്ലന്‍ വേഷത്തിലെത്തുന്നയാളുടെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ എന്നിവ കുറച്ച് കണ്‍ഫ്യൂഷനുണ്ടാക്കിയിരുന്നു. അയ്യപ്പന്‍കാവിനെ കുറിച്ച് പേടിപെടുത്തുന്ന കഥകള്‍ പറഞ്ഞ ശേഷം പിന്നീട് മറ്റെവിടെയോ ഉള്ള സീന്‍ കാണിക്കുന്നതും അത്തരത്തിലുള്ളതാണ്.

കഥാപാത്രങ്ങളിലേക്ക് വന്നാല്‍, ഉണ്ണി മുകുന്ദന്റെ കരിയറിലെ വ്യത്യസ്തമായ അഭിനയ മുഹൂര്‍ത്തങ്ങളുള്ള ഒരു വേഷമല്ല മാളികപ്പുറത്തിലേത്. തന്റെ ഭാഗങ്ങള്‍ തരക്കേടില്ലാതെ നടന്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ചെയ്യാനായി പ്രത്യേകിച്ചൊന്നും ഈ സിനിമയിലില്ല.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രം കല്യാണി/കല്ലു എന്ന പെണ്‍കുട്ടിയാണ്. സങ്കടവും സന്തോഷവുമെല്ലാം കടന്നുവരുന്ന വേഷമാണിത്. സംവിധാനത്തിലെയും തിരക്കഥയിലെയും പാളിച്ചകള്‍ കൊണ്ട് ഈ പെണ്‍കുട്ടിക്ക് വല്ലാത്ത ഒരു കൃത്രിമത്വം തോന്നുമെങ്കിലും, അഭിനയിച്ച ബാലതാരം കയ്യടി അര്‍ഹിക്കുന്നുണ്ട്. അതുപോലെ തന്നെ പിയൂഷ് എന്ന കോമഡി കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

സൈജു കുറുപ്പ് അടുത്ത കാലത്തായി ചെയ്യുന്ന വേഷങ്ങളുടെ ആവര്‍ത്തനവുമായാണ് സിനിമയിലെത്തിയിരിക്കുന്നത്. രമേഷ് പിഷാരടിയാണ് ചിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നതെന്ന് പറയാം. എനിക്കൊന്ന് കരയേണ്ടടാ എന്ന ഡയലോഗ് വരുന്ന ഭാഗം സിനിമയിലെ നല്ല സീനുകളിലൊന്നായിരുന്നു.

പറയുന്ന ആശയം വളരെ പിന്തിരിപ്പിനാണെന്നതോടൊപ്പം, സംവിധാനവും തിരക്കഥയും മികച്ച നിലവാരം പുലര്‍ത്താത്തതുമാണ് മാളികപ്പുറം എന്ന സിനിമയുടെ ആസ്വാദനത്തെ ബുദ്ധിമുട്ടിലാക്കുന്നത്.

Content Highlight: Malikappuram Movie Review

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.