ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ എല്ലായിപ്പോഴും നിലനില്‍ക്കുന്ന ചോദ്യമാണ് ആരാണ് ഗോട്ട് അഥവാ എക്കാലത്തെയും മികച്ച താരമെന്നത്. വിഷയത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് എ.സി. മിലാന്‍ ഇതിഹാസം പൗലോ മാല്‍ദീനി. കരിയറില്‍ മൂന്ന് ജനറേഷനിലുള്ള കളിക്കാര്‍ക്കൊപ്പം ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് മാല്‍ദീനി. ടുട്ടോ യുവക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ട താരത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
ഡീഗോ മറഡോണയും റൊണാള്‍ഡോ നസാരിയോയുമാണ് ലോകത്തെ ഏറ്റവും മികച്ച താരങ്ങള്‍ എന്നാണ് മാല്‍ദീനി അഭിപ്രായപ്പെട്ടത്. കരിയറിന്റെ തുടക്കത്തിലാണ് മാല്‍ദീനി മറഡോണക്കൊപ്പം കളിച്ചത്. റൊണാള്‍ഡോ നസാരിയക്കൊപ്പവും കളിച്ച മാല്‍ദീനി കരിയറിന്റെ അവസാന ഘട്ടത്തില്‍ ക്രിസ്റ്റ്യാനോക്കൊപ്പവും കളം പങ്കുവെച്ചു.
‘ലോകത്തിലെ ഏറ്റവും ശക്തരായ താരം മറഡോണയും റൊണാള്‍ഡോയുമാണ്. ക്രിസ്റ്റ്യാനോ മികച്ച സ്ട്രൈക്കര്‍ ആണ്. എന്നാലും മറ്റ് രണ്ട് ഇതിഹാസങ്ങള്‍ കാഴ്ചവെച്ചയത്ര മായാജാലം ക്രിസ്റ്റ്യാനോക്ക് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ലയണല്‍ മെസിക്കൊപ്പം ഞാന്‍ കളിച്ചിട്ടില്ല.
വേഗതയും കരുത്തുമുള്ള താരമായിരുന്നു ഞാനും. എന്നാല്‍ ഡീഗോയെ പോലെയോ റൊണാള്‍ഡോയെ പോലെയോ ആകാന്‍ എനിക്ക് സാധിച്ചിട്ടില്ല,’ മാല്‍ദീനി പറഞ്ഞു.
അതേസമയം, മെസിയാണോ റൊണാള്‍ഡോയാണോ മികച്ച കളിക്കാരനെന്നത് ഫുട്‌ബോള്‍ ആരാധകരെ പ്രതിസന്ധിയിലാക്കുന്ന ചോദ്യമാണ്. ഇരുവരും കരിയറില്‍ മത്സരിച്ചാണ് റെക്കോഡുകള്‍ വാരിക്കൂട്ടിയിട്ടുള്ളത്.
കഴിവിന്റെ കാര്യത്തില്‍ ഇരുവരെയും താരതമ്യപ്പെടുത്താന്‍ സാധ്യമല്ലാത്തതിനാല്‍ ടൈറ്റില്‍, ബാലണ്‍ ഡി ഓര്‍, എന്നിവയുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും താരതമ്യം ചെയ്യുന്നത്.
ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 834 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 805 ഗോളുകളാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.
ക്ലബ്ബ് ഫുട്‌ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ സജീവമായത്.
2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.
എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്‌ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.
ലോക ഫുട്‌ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.