Film News
കോടികള്‍ നഷ്ടം; ഇക്കണക്കിനാണെങ്കില്‍ മലയാള സിനിമ അടച്ച് പൂട്ടേണ്ടി വരും; മുന്നറിയിപ്പുമായി നിര്‍മാതാക്കള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 06, 03:13 am
Thursday, 6th February 2025, 8:43 am

മലയാള സിനിമയെ ലോകത്തിന്റെ നാനാ ഭാഗത്തുള്ളവരും ശ്രദ്ധിച്ച വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്. മികച്ച സിനിമകള്‍ മലയാളത്തില്‍ നിന്നുണ്ടായപ്പോള്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള സിനിമാപ്രേമികള്‍ നമ്മുടെ സിനിമകളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഇതുപോലൊരു വര്‍ഷം ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് പറഞ്ഞായിരുന്നു നടന്‍ ടൊവിനോ തോമസ് 2024 നോടുള്ള തന്റെ എക്‌സൈറ്റ്‌മെന്റ് അറിയിച്ചത്.

എന്നാല്‍ മലയാള സിനിമക്ക് അത്ര നല്ല വര്‍ഷമല്ലായിരുന്നു 2024 എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 200 സിനിമകളില്‍ 24 എണ്ണം മാത്രമാണ് വിജയകരമായി ഓടിയതെന്നും ശേഷിക്കുന്ന സിനിമകളുടെ നിര്‍മാതാക്കള്‍ നേരിട്ട നഷ്ടം 600 മുതല്‍ 700 കോടി രൂപ വരെയാണെന്നും നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞു.

നിര്‍മാതാക്കളുടെ സംഘടനകള്‍, പ്രദര്‍ശകര്‍, വിതരണക്കാര്‍, ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക) എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് സുരേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.

സിനിമാ വ്യവസായത്തിന് വലിയ സാമ്പത്തിക നഷ്ടം നേരിട്ടതായി നിര്‍മാതാക്കളും വിതരണക്കാരും പ്രദര്‍ശകരും അവകാശപ്പെടുന്നു. ഈ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ജൂണ്‍ ഒന്ന് മുതല്‍ പണിമുടക്ക് ഉണ്ടാകുമെന്നും നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ ചുമത്തുന്ന വിനോദ നികുതി കൂടാതെ താരങ്ങളും സാങ്കേതിക വിദഗ്ധരും ഈടാക്കുന്ന പ്രതിഫലം തങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് അസോസിയേഷനുകള്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമ നിര്‍മാണച്ചെലവ് പലമടങ്ങ് വര്‍ദ്ധിച്ചുവെന്നും മലയാള സിനിമയ്ക്ക് ഇത് താങ്ങാന്‍ കഴിയില്ലെന്നും അസോസിയേഷനുകളുടെ പ്രതിനിധികള്‍ പറയുന്നു. കലാകാരന്മാരുടെ പ്രതിഫലമാണ് ഏറ്റവും വലിയ പ്രശ്‌നമെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സിനിമ മേഖലക്ക് ഒരു സഹായവുമില്ലെന്നും അവര്‍ പറഞ്ഞു. ഒരു രാഷ്ട്രം, ഒരു നികുതി പദ്ധതി നിലവില്‍ വന്നതിനുശേഷം വിനോദ നികുതിയും ജി.എസ്.ടിയും ചേര്‍ന്ന് ഇപ്പോള്‍ മൊത്തം വരുമാനത്തിന്റെ 30% കൊടുക്കേണ്ട അവസ്ഥയാണെന്നും പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ഒന്നിന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതീകാത്മക പണിമുടക്ക് നടത്തുമെന്ന് അസോസിയേഷന്‍ പറഞ്ഞു.

Content highlight: Malayalam film producers warn shutdown of film shoots and screenings from June 1 over financial losses