Entertainment
ഹേമാ കമ്മിറ്റിയൊക്കെ വന്നതിന് ശേഷം പെണ്‍കുട്ടികളെ വിളിക്കേണ്ട, അത് മെനക്കേടാണ് എന്നൊരു ചിന്താഗതി പലര്‍ക്കുമുണ്ട്: മാല പാര്‍വതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 13, 08:34 am
Thursday, 13th February 2025, 2:04 pm

സിനിമയില്‍ സ്ത്രീ സുരക്ഷയില്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മാല പാര്‍വതി. സ്ത്രീകളോട് മര്യാദയോടെ പെരുമാറണമെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നുമുള്ള ബോധ്യം ഓരോ ലൊക്കേഷനിലും ഇപ്പോള്‍ ഉണ്ടാകുന്നുണ്ടെന്നും മാല പാര്‍വതി പറയുന്നു.

എന്നാല്‍ സിനിമയിലെ സാങ്കേതിക മേഖലയില്‍ സ്ത്രീകള്‍ ഇപ്പോഴും ന്യൂനപക്ഷമാണെന്നും ഉള്ളവര്‍ക്ക് നിലനില്‍ക്കാനുള്ള സാഹചര്യവും കുറവാണെന്ന് നടി പറഞ്ഞു. ഹേമാ കമ്മിറ്റി വിഷയങ്ങളൊക്കെ വന്നതിന് ശേഷം പെണ്‍കുട്ടികളെ വിളിക്കേണ്ട, അത് മെനക്കേടാണ് എന്നൊരു ചിന്താഗതി പല നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമുണ്ടെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മി മാസികയോട് സംസാരിക്കുകയായിരുന്നു മാല പാര്‍വതി.

‘സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സിനിമയില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം, ഡബ്ല്യു.സി.സി. യുടെ രൂപവത്കരണം, ഹേമ കമ്മിറ്റി അങ്ങനെ പല കാരണങ്ങള്‍ ആ മാറ്റത്തിന് സ്വാധീനിച്ചിട്ടുണ്ട്. സ്ത്രീകളോട് മര്യാദയോടെ പെരുമാറണമെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നുമുള്ള ബോധ്യം ഓരോ ലൊക്കേഷനിലും ഉണ്ടാവുന്നുണ്ട്.

അതിനാല്‍ സിനിമയിലെത്തുന്ന പുതിയ പെണ്‍കുട്ടികള്‍ക്ക് മോശം അനുഭവങ്ങളൊന്നും ഒരുപരിധിവരെ നേരിടേണ്ടി വരുന്നില്ല. ഓരോ സെറ്റിലും പോകുമ്പോള്‍ പുതിയ കുട്ടികളോട് ഞാന്‍ ഇത്തരം വിഷയങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. ഇനിയും ഏറെ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

 

സിനിമയിലെ സാങ്കേതിക മേഖലയില്‍ സ്ത്രീകള്‍ ഇപ്പോഴും ന്യൂനപക്ഷമാണ്. വേണ്ട അളവില്‍ സ്ത്രീ പ്രാതിനിധ്യമില്ല.

ഉള്ളവര്‍ക്ക് നിലനില്‍ക്കാനുള്ള സാഹചര്യവും കുറവാണ്. അസോസിയേറ്റായും അസിസ്റ്റന്റായും വരുന്ന പെണ്‍കുട്ടികളെ ഒന്നോ രണ്ടോ സിനിമ കഴിഞ്ഞാല്‍ പിന്നെ കാണുന്നില്ല. അവര്‍ക്ക് ചാന്‍സ് കിട്ടുന്നില്ല എന്നതാണ് അതിനര്‍ഥം.

സംവിധാനം, എഡിറ്റിങ്, ക്യാമറ, സൗണ്ട് എന്‍ജിനീയറിങ്, ആര്‍ട്ട്, ഈ മേഖലകളിലെല്ലാം വിരലിലെണ്ണാവുന്ന സ്ത്രീകളാണ് ഇപ്പോഴുമുള്ളത്. ഹേമാ കമ്മിറ്റി വിഷയങ്ങളൊക്കെ വന്നതിന് ശേഷം പെണ്‍കുട്ടികളെ വിളിക്കേണ്ട, അത് മെനക്കേടാണ് എന്നൊരു ചിന്താഗതി പല നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമുണ്ട്. സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. പക്ഷേ, പ്രതീക്ഷിച്ച റിസല്‍റ്റ് ഉണ്ടാകുന്നില്ല. മുംബൈയിലും മറ്റും പരസ്യമേഖലയിലൊക്കെ ഭൂരിഭാഗവും പെണ്‍കുട്ടികളാണ് പ്രൊഡക്ഷന്‍ വിഭാഗത്തെ നയിക്കുന്നത്. അത്തരം മാറ്റം കേരളത്തില്‍ ഉണ്ടാകുന്നില്ല,’ മാല പാര്‍വതി പറയുന്നു.

Content highlight: Mala Parvathy says Many people have the mindset that after the Hema Committee came, girls shouldn’t be called, it’s a nuisance