ചാര്‍ലിയിലെ ആ സീനില്‍ ദുല്‍ഖറിന്റേത് ഒറിജിനല്‍ താടിയാണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്: രഞ്ജിത് അമ്പാടി
Entertainment
ചാര്‍ലിയിലെ ആ സീനില്‍ ദുല്‍ഖറിന്റേത് ഒറിജിനല്‍ താടിയാണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്: രഞ്ജിത് അമ്പാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th November 2024, 8:14 am

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ 2015ല്‍ റിലീസായ ചിത്രമായിരുന്നു ചാര്‍ലി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയതു മുതല്‍ ദുല്‍ഖറിന്റെ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു. ടൈറ്റില്‍ കഥാപാത്രമായ മികച്ച പ്രകടനമായിരുന്നു ദുല്‍ഖര്‍ കാഴ്ചവെച്ചത്. മികച്ച നടന്‍, നടി എന്നിവയുള്‍പ്പടെ എട്ട് സംസ്ഥാന അവാര്‍ഡുകള്‍ ചിത്രം നേടി.

ഇപ്പോഴിതാ ചിത്രത്തില്‍ ദുല്‍ഖറിന്റെ ഗെറ്റപ്പിനെക്കുറിച്ച് സംസാരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജിത് അമ്പാടി. ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്നതിന് മുന്നേ ചാര്‍ലി എന്ന കഥാപാത്രത്തിന് നല്ല നീളമുള്ള താടി വേണമെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞിരുന്നെന്നും എന്നാല്‍ ഉദ്ദേശിച്ച അളവില്‍ താടി വളര്‍ന്നില്ലെന്നും രഞ്ജിത് അമ്പാടി പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ താടി വെച്ചാണ് ഷൂട്ട് തുടങ്ങിയതെന്നും പല ഷെഡ്യൂളായി ചെയ്തത് കൊണ്ട് അവസാനമായപ്പോഴേക്ക് ഉദ്ദേശിച്ച രീതിയില്‍ ദുല്‍ഖറിന് താടി വളര്‍ന്നെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

ദുല്‍ഖറും പാര്‍വതിയുമുള്ള പാട്ട് ധനുഷ്‌കോടിയില്‍ വെച്ചാണ് ഷൂട്ട് ചെയ്തതെന്നും അതിന് ശേഷം ഏറ്റവും അവസാനമാണ് ദുല്‍ഖറിന്റെ ഇന്‍ട്രോ സീന്‍ എടുത്തതെന്നും രഞ്ജിത് പറഞ്ഞു. ചാര്‍ലിക്ക് ശേഷം ദുല്‍ഖര്‍ കമ്മട്ടിപ്പാടത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്‌തെന്നും ആ സിനിമക്ക് വേണ്ടി താടി വടിച്ചെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് ഇന്‍ട്രോ സീന്‍ എഡിറ്റ് ചെയ്ത് കണ്ടപ്പോള്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന് തൃപ്തി തോന്നിയില്ലെന്നും വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നെന്നും രഞ്ജിത് പറഞ്ഞു. ആ സീനില്‍ വെപ്പ് താടി വെച്ചാണ് ദുല്‍ഖര്‍ അഭിനയിച്ചതെന്നും ഇപ്പോള്‍ കണ്ടാലും അത് ഒറിജിനിലാണെന്ന് പലരും പറയാറുണ്ടെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത് അമ്പാടി ഇക്കാര്യം പറഞ്ഞത്.

‘ചാര്‍ലിയിലെ പല സീനിലും ദുല്‍ഖറിന്റെ താടി ആര്‍ട്ടിഫിഷ്യലായിരുന്നു. അത് എന്താണെന്ന് വെച്ചാല്‍, ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് മാര്‍ട്ടിന്‍ ചേട്ടന് ഒരു ധാരണയുണ്ടായിരുന്നു. ആ ക്യാരക്ടറിന്റെ താടി ഇത്രക്ക് വേണമെന്ന്. എന്നാല്‍ ദുല്‍ഖറിന് അത്രക്ക് താടി വന്നില്ല. അപ്പോള്‍ നമ്മള്‍ എന്ത് ചെയ്‌തെന്ന് വെച്ചാല്‍, ഉള്ള താടിയിലേക്ക് ആര്‍ട്ടിഫിഷ്യലായി കുറച്ച് ആഡ് ചെയ്തു. ആ പടം പല ഷെഡ്യൂളായിട്ടാണ് ഷൂട്ട് ചെയ്തത്.

അതില്‍ ദുല്‍ഖറിന്റെ ഇന്‍ട്രോയും പാര്‍വതിയുമായുള്ള സോങ്ങും ഷൂട്ട് ചെയ്തത് ധനുഷ്‌കോടിയില്‍ വെച്ചാണ് എടുത്തത്. ഏറ്റവും ലാസ്റ്റാണ് ദുല്‍ഖറിന്റെ ഇന്‍ട്രോ എടുത്തത്. അത് കഴിഞ്ഞ് ദുല്‍ഖര്‍ നേരെ കമ്മട്ടിപ്പാടത്തിന്റെ സെറ്റിലേക്ക് പോയി. ആ പടത്തിന് വേണ്ടി താടിയൊക്കെ എടുത്തു.

ഇവിടെ ആ ഇന്‍ട്രോ സീനിന്റെ ഔട്ട് കണ്ടപ്പോള്‍ മാര്‍ട്ടിന്‍ ചേട്ടന്‍ സാറ്റിസ്‌ഫൈഡ് അല്ലായിരുന്നു. അത് ഒന്നൂടെ എടുക്കേണ്ടി വന്നു. ആ സീനില്‍ ഫുള്‍ ആര്‍ട്ടിഫിഷ്യല്‍ താടി വെച്ചാണ് ദുല്‍ഖര്‍ അഭിനയിച്ചത്. പക്ഷേ അത് ഒറിജിനലാണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്,’ രഞ്ജിത് അമ്പാടി പറയുന്നു.

Content Highlight: Makeup artist Ranjith Ambadi says that Dulquer’s beard in Charlie movie was artificial