കോഴിക്കോട്: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ എല്ലാ നടപടികളും പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കറുടെ യാത്രകളും അന്വേഷിക്കണം. നാളെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘സ്പീക്കറുടെ എല്ലാ നടപടിക്രമങ്ങളും അന്വേഷിക്കേണ്ടിയിരിക്കുന്നു. സ്പീക്കര്‍ നടത്തിയ വിദേശ യാത്രകള്‍ അന്വേഷിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ അനുവാദത്തോടെ നടത്തിയ യാത്രകള്‍ എത്ര? അനുവാദമില്ലാതെ നടത്തിയ യാത്രകള്‍ എത്ര? ഇതെല്ലാം അന്വേഷിക്കണം. അദ്ദേഹത്തിന്റെ നടപടി ക്രമങ്ങളെ പറ്റി നാളെ ഞാന്‍ പത്രസമ്മേളനത്തില്‍ ചില കാര്യങ്ങള്‍ പറയും’, ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ എല്‍.ഡി.എഫിലെ എല്ലാ അഴിമതികളും അന്വേഷിക്കുമെന്നും കോഴിക്കോട് കോര്‍പറേഷന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സംഗമത്തില്‍ സംസാരിക്കവേ രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഓഫീസ് രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കടത്ത് പ്രതികളോടൊപ്പം സ്പീക്കര്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നുമായികുന്നു സ്പീക്കര്‍ പറഞ്ഞത്.
ഇത്തരം ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്നും സ്പീക്കറുടെ ഓഫീസ് പ്രതികരിച്ചു. തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു, അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയായ ഒരു കാര്യമല്ലെന്ന് ശ്രീരാമകൃഷ്ണന്റെ ഓഫീസ് പ്രതികരിച്ചു.
ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചുതന്നെയാണ് പോയിട്ടുള്ളത്. ഔദ്യോഗികപരമായ കാര്യങ്ങള്‍ ക്കുള്ള യാത്രയുടെ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
നയതന്ത്രപാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് വമ്പന്‍ സ്രാവുകളാണെന്ന് കഴിഞ്ഞ ആഴ്ച കോടതി പറഞ്ഞിരുന്നു. പ്രതികള്‍ വെളിപ്പെടുത്തിയ പേരുകള്‍ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇവ ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണപുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്നുമായിരുന്നു കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി പറഞ്ഞത്.
ഇതിന് പിന്നാലെ കോടതി പറഞ്ഞ ഉന്നതന്‍ ഭഗവാന്റെ പേരുള്ള ഒരാളാണെന്ന് പറഞ്ഞ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
‘ഉന്നതന്‍ ആരാണെന്ന പേര് ഇപ്പോള്‍ പറയുന്നില്ല നിയമപരമായി പേരുകള്‍ പുറത്തുവരുന്നതല്ലേ നല്ലത്. പ്രസേനനെ കൊന്നത് ആരുവാന്‍ പോലും എന്ന് ചോദിച്ചപ്പോള്‍ പ്രസേനനെ കൊന്നത് ഈശ്വരന്‍ പോലും എന്നാണ് മറുപടി പറഞ്ഞത്.’, എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
ഇതിന് പിന്നാലെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സ്വര്‍ണക്കടത്തുകാരെ സഹായിച്ചെന്നും അധോലോക സംഘങ്ങളെ സഹായിക്കാന്‍ സ്പീക്കര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. സ്പീക്കര്‍ നടത്തിയ വിദേശയാത്രകള്‍ എല്ലാം ദുരൂഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക