കീര്‍ത്തി ചക്രയിലേക്ക് ലാലിനെ കൊണ്ടുവരാന്‍ പ്ലാന്‍ ചെയ്തിരുന്നില്ല; ഒടുവില്‍ മമ്മൂക്ക പറഞ്ഞത് പോലെ നടന്നു: മേജര്‍ രവി
Film News
കീര്‍ത്തി ചക്രയിലേക്ക് ലാലിനെ കൊണ്ടുവരാന്‍ പ്ലാന്‍ ചെയ്തിരുന്നില്ല; ഒടുവില്‍ മമ്മൂക്ക പറഞ്ഞത് പോലെ നടന്നു: മേജര്‍ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th March 2024, 1:13 pm

മേജര്‍ രവി രചനയും സംവിധാനവും ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കീര്‍ത്തി ചക്ര. മേജര്‍ മഹാദേവനായി മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ജീവ, ബിജു മേനോന്‍, കൊച്ചിന്‍ ഹനീഫ, ഗോപിക, നവാബ് ഷാ എന്നിവരും അഭിനയിച്ചിരുന്നു.

മോഹന്‍ലാല്‍ മേജര്‍ മഹാദേവനായെത്തിയ ആദ്യ ചിത്രവും ജീവയുടെ മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രവും കീര്‍ത്തി ചക്രയായിരുന്നു. സിനിമയുടെ കഥയെഴുതുന്ന സമയത്ത് മമ്മൂട്ടി ആ കഥകേട്ടതിനെ കുറിച്ച് പറയുകയാണ് മേജര്‍ രവി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പട്ടാളം സിനിമയില്‍ എന്റെ റോള്‍ കഴിഞ്ഞിട്ടും ഞാന്‍ ആ ലൊക്കേഷനില്‍ നിന്നിരുന്നു. ലാല്‍ ജോസിനെ സഹായിക്കാന്‍ വേണ്ടിയായിരുന്നു അത്. പടം റിലീസാകുന്ന സമയത്തും ഞാന്‍ അവന്റെ കൂടെയുണ്ട്. അപ്പോഴേക്കും ഞാന്‍ എന്റെ കീര്‍ത്തിചക്രയുടെ കഥ ഏകദേശം സെറ്റാക്കി കൊണ്ടിരിക്കുകയായിരുന്നു.

അന്ന് ഞാനും മമ്മൂക്കയും ഒരു ഹോട്ടലിലാണ് താമസിച്ചത്. ഞാന്‍ കീര്‍ത്തിചക്രക്കുള്ള കഥ എഴുതുകയാണ്. അങ്ങനെ മമ്മൂക്ക ഒരു ദിവസം റൂമിലേക്ക് കയറി വന്നു. ചുറ്റും നോക്കിയിട്ട് ‘എന്താ ഇവിടെ കുറേ പേപ്പറും സാധനങ്ങളുമൊക്കെ’ എന്ന് ചോദിച്ചു. ഒരു കഥ എഴുതുകയാണെന്ന് ഞാന്‍ മറുപടി പറഞ്ഞു.

എന്താണ് കഥയെന്ന് ചോദിച്ച മമ്മൂക്ക അന്ന് അവിടെ ഇരുന്ന് സിനിമയുടെ വണ്‍ ലൈന്‍ കേട്ടു. ഒന്നും മിണ്ടാതെ കേട്ടിരുന്ന ശേഷം ‘നിങ്ങള്‍ക്ക് നിങ്ങളുടെ ആളുണ്ടല്ലോ അവനെവെച്ചല്ലേ പടം ചെയ്യുള്ളൂ’ എന്നാണ് പറഞ്ഞത്.

ഞാന്‍ എടുത്തടിച്ചത് പോലെ അതിന് നിങ്ങളും ലാലുമൊക്കെ എനിക്ക് ഡേറ്റ് തരുമോയെന്ന് ചോദിച്ചു. കാരണം ഇവരെ പോലെയുള്ള വലിയ നടന്മാരുടെ അടുത്തേക്ക് ചെന്ന് പ്രൊഫഷണലായി സമീപിക്കാനുള്ള കപ്പാസിറ്റി എനിക്ക് ഇല്ലെന്നായിരുന്നു എന്റെ ചിന്ത.

അതുകൊണ്ട് പുതിയ ആളുകളെ വെച്ച് പടം ചെയ്യാമെന്ന് കരുതി നില്‍ക്കുകയായിരുന്നു ഞാന്‍. എന്നാല്‍ അന്ന് എന്റെ ചോദ്യം കേട്ട് മമ്മൂക്ക ഒന്നും മിണ്ടിയില്ല. അത് കഴിഞ്ഞ് നാലോ മൂന്നോ വര്‍ഷത്തിന് ശേഷമാണ് കീര്‍ത്തിചക്ര സംഭവിക്കുന്നത്,’ മേജര്‍ രവി പറഞ്ഞു.


Content Highlight: Major Ravi Talks About Keerthichakra And Mammootty