കാണ്ഡഹാര്‍ സിനിമയുടെ ചിത്രീകരണ സമയത്ത് നടന്‍ അമിതാഭ് ബച്ചനുമായുള്ള തന്റെ അനുഭവം പങ്കിടുകയാണ് സംവിധായകന്‍ മേജര്‍ രവി. എന്തുകൊണ്ട് ബച്ചന്‍ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ആയി എന്ന് ചിത്രീകരണകാലം കൊണ്ട് തന്നെ തനിക്ക് മനസിലായെന്നാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ എഴുതിയ കുറിപ്പില്‍ മേജര്‍ രവി പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഊട്ടിയില്‍ വെച്ചുണ്ടായ ചില സംഭവങ്ങളും മേജര്‍ രവി പങ്കുവെക്കുന്നു.
‘ ഊട്ടിയില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. ലൊക്കേഷനില്‍ വരുമ്പോള്‍ മുംബൈയില്‍ നിന്ന് അദ്ദേഹത്തിന്റെ കാരവാനും കോസ്റ്റിയൂമറും ബോര്‍ഡി ഗാര്‍ഡ്‌സും അടക്കം വന്‍ടീം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വന്തം കോസ്റ്റിയൂം അണിഞ്ഞാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. അതിന് പോലും ഞങ്ങള്‍ക്ക് പണം ചിലവാക്കേണ്ടി വന്നില്ല. മൂന്ന് ദിവസം കൊണ്ട് നാല് സീന്‍ ആണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്.
ഷൂട്ടിങ് തുടങ്ങുന്നതിന്റെ തലേദിവസം ഞാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ ചെന്നു. ഊട്ടിയില്‍ നല്ല തണുപ്പുള്ള കാലമായിരുന്നു അത്. അടുത്ത ദിവസം എത്ര മണിക്കാണ് ഷൂട്ടിങ് പ്ലാന്‍ ചെയ്യേണ്ടതെന്ന് ചോദിച്ചു. ‘ അത് ഞാനല്ല ഡയരക്ടറാണ് പ്ലാന്‍ ചെയ്യേണ്ടത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അടുത്ത ദിവസം രാവിലെ ഏഴ് മണിക്ക് ഞങ്ങള്‍ ഒരു സീന്‍ പ്ലാന്‍ ചെയ്തു. അദ്ദേഹം മേക്കപ്പ് ചെയ്ത് രാവിലെ 6.50 ന് സെറ്റില്‍ എത്തിയിട്ടുണ്ടായിരുന്നു.
മൂന്ന് ദിവസത്തെ ഷൂട്ടിങ് ഒന്നര ദിവസംകൊണ്ട് ഞാന്‍ തീര്‍ത്തു. പക്ഷേ അദ്ദേഹം സെറ്റില്‍നിന്ന് പോയില്ല. ഞങ്ങള്‍ക്കൊപ്പം നിന്നു. ഒടുവില്‍ ഷൂട്ടിങ് നിര്‍ത്തി ഞങ്ങളും അദ്ദേഹത്തിനൊപ്പം ചെലവഴിച്ചു. ഊട്ടിയും അവിടുത്തെ പട്ടാളക്യാമ്പും ചുറ്റിയടിച്ചു. സെറ്റില്‍ നിന്ന് പോകുന്ന സമയത്ത് വണ്ടികയറ്റിവിടാന്‍ ഹോട്ടലില്‍ ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹം മുറിയില്‍ നിന്നിറങ്ങി നേരെ റിസപ്ഷന്‍ കൗണ്ടറിലേക്ക് പോകുന്നത് കണ്ടു. എന്താണെന്നറിയാതെ ഞാനും പിറകെ ഓടി.
അദ്ദേഹത്തിന്റേയും സംഘത്തിന്റേയും മൂന്ന് ദിവസത്തെ റൂം റെന്റ് കൊടുക്കാനായിരുന്നു പരിപാടി. ദയവുചെയ്ത് എന്നെ നാണംകെടുത്തരുതെന്ന് പറഞ്ഞ് കാലുപിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് അദ്ദേഹം പിന്മാറിയത്.
ഈ പ്രായത്തിലും കഥാപാത്രത്തിനനുസരിച്ച് അദ്ദേഹം മാറിക്കൊണ്ടിരിക്കുകയാണ്. അതാണ് ബച്ചന്‍സ് മാജിക്. ഇനിയൊരു അമിതാഭ് ബച്ചന്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ല. പല താരങ്ങളും പ്രായത്തെ ഭയക്കുമ്പോള്‍ ബച്ചന്‍ പ്രായത്തിനനുസരിച്ച സിനിമ ചെയ്യുന്നു. ഇന്നത്തെ ചെറുപ്പക്കാരായ താരങ്ങളേക്കാള്‍ പ്രതിഫലം വാങ്ങുന്ന താരമാണ് ഇന്നദ്ദേഹം. കാണ്ഡഹാറില്‍ ഓരോ സീനിലും ലാലും ബച്ചന്‍സാറും മത്സരിച്ചഭിനയിക്കുകയായിരുന്നെന്നും മേജര്‍ രവി പറഞ്ഞു.
മോഹന്‍ലാലും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ലാലിനൊപ്പം തോക്കെടുത്ത് പോരാടുന്ന ബിഗ് ബിയെയാണ് പ്രേക്ഷകര്‍ സ്വപ്‌നം കണ്ടത്. അതൊന്നും ആ ചിത്രത്തില്‍ കാണാതെ പോയത് അവരെ ചൊടിപ്പിച്ചു. അന്ന് ആ ചിത്രം നിരസിച്ചവര്‍ പിന്നീട് സിനിമ ടിവിയില്‍ വന്നപ്പോള്‍ നല്ല അഭിപ്രായം പറഞ്ഞു. അങ്ങനെ ഒരു സങ്കടവും ഉണ്ടായി’ മേജര്‍ രവി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക