ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട് വളഞ്ഞു; വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രുകാരന്‍ സജിത്ത് കസ്റ്റഡിയില്‍
Kerala News
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട് വളഞ്ഞു; വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രുകാരന്‍ സജിത്ത് കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st August 2020, 9:06 am

തിരുവനന്തപുരം: വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കോണ്‍ഗ്രസുകാരനായ സജിത്ത് കസ്റ്റഡിയില്‍. വീട്ടില്‍ നിന്നാണ് സജിത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടു വളയുകയായിരുന്നു. ബലം പ്രയോഗിച്ചാണ് പൊലീസ് സജിത്തിനെ കൊണ്ട് പോയത്. സജിത്ത് ഒളിവിലായിരുന്നെന്നാണ് സൂചന.

സജിത്ത് വീട്ടിലുണ്ടെന്ന് കണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീടിനുമുന്നില്‍ തടിച്ച് കൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സജിത്ത് വീടിന് ഉള്ളില്‍ നിന്ന് പുറത്തിറങ്ങാതെ വെല്ലുവിളിക്കുകയായിരുന്നു.

തന്നെ എന്തിനാണ് പിടിക്കുന്നതെന്ന് സജിത്ത് ചോദിച്ചിരുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് പൊലീസ് വീട്ടിനുള്ളില്‍ കയറി സജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ച് കൊണ്ട് പോവുകയായിരുന്നു.

സജിത്താണ് മുഖ്യപ്രതിയെന്ന് ഡി.വൈ.എഫ്.ഐയും സി.പി.ഐ.എമ്മും ആരോപിച്ചിരുന്നു. രണ്ട് മാസം മുമ്പ് ഫൈസല്‍ എന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മുഖ്യ പ്രതി കോണ്‍ഗ്രസുകാരനായ സജിത്താണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ റഹിം ആരോപിച്ചിരുന്നു.

ഫൈസലിനെ ആക്രമിച്ച അതേ സംഘമാണ് മിഥില്‍ രാജിനെയും ഹക്ക് മുഹമ്മദിനെയും കൊലപ്പെടുത്തിയതെന്നും റഹിം ആരോപിച്ചിരുന്നു.

‘കേരളത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ആസൂത്രണം ചെയ്തിരിക്കുന്ന  അതിപൈശാചികമായ ഒരു കൊലപാതകമാണ് ഇന്ന് വെഞ്ഞാറമൂട്ടില്‍ നടന്നിരിക്കുന്നത്. രണ്ട് പ്രവര്‍ത്തകരെയാണ് ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ഈ സംഭവ സ്ഥലത്ത് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഫൈസല്‍ എന്ന് പേരുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

അന്നും ഇതിന് സമാനമായ ഒരു പ്രവര്‍ത്തനം തന്നെയാണ് നടന്നത്. ഇന്ന് ഈ സംഭവത്തില്‍ ദൃക്‌സാക്ഷികളുണ്ട്. ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം അന്നത്തെ അക്രമത്തിന് നേതൃത്വം കൊടുത്ത പ്രദേശത്തെ കൊടും കുറ്റവാളിയും യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനുമായ സജീവ് എന്നയാളാണ് ഈ കൊലപാതകത്തിലും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിരിക്കുന്നതും,’ എ.എ റഹിം പറഞ്ഞു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഇന്ന് കരിദിനം ആചരിക്കുമെന്നും റഹിം വ്യക്തമാക്കി.

കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.ഐ.എമ്മും ആരോപിച്ചു. ആറംഗ സംഘമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ചത്.

ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മിഥിലാജിനെയും ഹക്ക് മുഹമ്മദിനെയും കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് ഷഹിനെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂണിറ്റ് പ്രസിഡന്റാണ് ഹക്ക് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് അംഗമാണ് മിഥിലാജ്. ആക്രമണം നടത്തിയ സ്ഥലത്തെ സി.സി.ടി.വി ക്യാമറകള്‍ തിരിച്ചുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ നേരത്തെ മൂന്ന് പ്രതികളെ പിടികൂടിയിരുന്നു. അക്രമികള്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Main accused in the DYFI murder case caught