ന്യൂദല്‍ഹി: പപ്പുവിനെ തിരയാന്‍ സ്വന്തം നാട്ടിലേക്ക് നോക്കിയാല്‍ മതിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയോട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ‘ഇപ്പോള്‍ ആരാണ് പപ്പു?’ എന്ന് ചോദിച്ചുകൊണ്ടുള്ള മഹുവയുടെ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളോട് മുഖം തിരിക്കുന്ന പശ്ചിമബംഗാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ലോക്‌സഭയില്‍ നിര്‍മല സീതാരാമന്റെ മറുപടി.
”ആരാണ് പപ്പു എന്നും, എവിടെയാണ് പപ്പുവെന്നും ബഹുമാനപ്പെട്ട അംഗം മഹുവ മൊയ്ത്ര ചോദിക്കുകയുണ്ടായി. അവര്‍ സ്വന്തം സ്വന്തം നാട്ടിലേക്ക് തന്നെ നോക്കണം. പശ്ചിമബംഗാളില്‍ തന്നെ അവര്‍ക്ക് പപ്പുവിനെ കണ്ടെത്താം.
സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന മികച്ച പദ്ധതികള്‍ ഉണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. ബംഗാള്‍ പക്ഷെ അവ വിതരണം ചെയ്യുന്നില്ല. നിങ്ങള്‍ മറ്റെവിടെയും പപ്പുവിനെ തിരയേണ്ടതില്ല,” നിര്‍മല സീതാരാമന്‍ പറഞ്ഞു.
അതേസമയം, സമ്പദ് വ്യവസ്ഥ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും എല്ലാവര്‍ക്കും ഗ്യാസ് സിലിണ്ടറുകള്‍, ഭവനം, വൈദ്യുതി തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്നുമുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വാദങ്ങളെയാണ് മഹുവ മൊയ്ത്ര ലോക്സഭയില്‍ വിമര്‍ശിച്ചത്.
”ഈ സര്‍ക്കാരും ഭരിക്കുന്ന പാര്‍ട്ടിയുമാണ് പപ്പു എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. കാര്യശേഷിയില്ലായ്മയെയും കഴിവില്ലായ്മയെയും കാണിക്കാനായിരുന്നു നിങ്ങള്‍ ഈ അപകീര്‍ത്തികരമായ വാക്ക് ഉപയോഗിച്ചത്.
എന്നാല്‍ ആരാണ് യഥാര്‍ത്ഥ പപ്പു എന്ന് ഈ കണക്കുകള്‍ പറയുന്നുണ്ട്. ഇത് ആരോഗ്യകരമായ സാമ്പത്തിക അന്തരീക്ഷത്തിന്റെ ലക്ഷണമാണോ? ആരാണ് ഇപ്പോള്‍ പപ്പു?
ബിസിനസുകാരുടെയും വലിയ ആസ്തിയുള്ള വ്യക്തികളുടെയും മേല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാള്‍ തൂങ്ങിക്കിടക്കുന്ന ഭീകരാന്തരീക്ഷമാണ് ഈ രാജ്യത്ത് നിലനില്‍ക്കുന്നത്,” എന്നാണ് മഹുവ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യയുടെ വളര്‍ച്ചയെ കുറിച്ച് തെറ്റായ വിവരങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നതെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.