കൊല്‍ക്കത്ത: വനിതാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ വലിയ ഭൂരിപക്ഷമുണ്ടായിട്ടും വനിതാ സംവരണ ബില്‍ പാസാക്കാത്തതിനെതിരെയാണ് കേന്ദ്രത്തിനെതിരെ മഹുവ വിമര്‍ശനം ഉന്നയിച്ചത്.
” വനിതാദിനം പാര്‍ലമെന്റില്‍ എം.പിമാര്‍ക്ക് ഭക്ഷണം നല്‍കിയ ആഘോഷിക്കുന്നതിന് പകരം എന്തുകൊണ്ട് ഈ സര്‍ക്കാരിന് തങ്ങളുടെ മൃഗീയ ഭൂരിപക്ഷം വനിതാ സംവരണ ബില്‍ പാസാക്കാന്‍ ഉപയോഗിച്ചുകൂടാ,” മഹുവ ചോദിച്ചു.
1989ലാണ് സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം നല്‍കുന്ന 64മാത് ഭരണഘടന ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ അത് പാസാക്കിയെടുക്കാന്‍ സാധിച്ചിരുന്നില്ല. അപ്പര്‍ഹൗസില്‍ നേരിയ മാര്‍ജിനിലാണ് അന്ന് ആ ബില്ല് പരാജയപ്പെട്ടത്. പിന്നീട് 1991ല്‍ 72ാമതും 73മതും ഭരണഘടന ഭേദഗതിയായി ഈ ബില്ല് വീണ്ടും അവതരിപ്പിക്കപ്പെട്ടെങ്കിലും പാസായില്ല.
1993ലാണ് ഒരു നിശബ്ദ വിപ്ലവത്തിന് തുടക്കംകുറിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന 73ാമത് ഭരണഘടന ഭേദഗതി രാജ്യത്ത് നിലവില്‍ വന്നത്.
അതുവരെ പൊതുധാരയിലും ഭരണ നേതൃത്വത്തിലും അര്‍ഹമായ പ്രാതിനിധ്യം ഇല്ലാതിരുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അവസരസമത്വം സൃഷ്ടിക്കാനും ഭരണ നേതൃത്വത്തിലേക്ക് അവരെ എത്തിക്കാനുമുള്ള ഏറ്റവും വലിയ ശ്രമങ്ങളിലൊന്നായിരുന്നു അത്.