കണ്ണൂര്‍: മാഹി ബൈപ്പാസിലെ പാലം തകര്‍ന്നതില്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയാ പാതാ വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുത്ത് കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
‘കേരളത്തിലെ ദേശീയപാതാ വികസനത്തിന്റെ ഭാഗമായാണ് മാഹി ബൈപ്പാസ് നിര്‍മ്മിക്കുന്നത്. അതിനായി കേരളത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തി യഥാര്‍ത്ഥ്യമാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്, അതിനാണ് സര്‍ക്കാര്‍ ശ്രമിച്ചത് ‘, മുഖ്യമന്ത്രി പറഞ്ഞു.
അതിനിടയിലാണ് ഭൂമിയേറ്റെടുക്കാനുള്ള പണത്തിന്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. അതിനു നാം തയ്യാറായി. ഒരു ഭാഗം നമ്മള്‍ കൊടുത്തു എന്നു വച്ചാല്‍ പദ്ധതിയാകെ നാം നടത്തുന്നുവെന്നല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘ആ ഭൂമി കലക്ടര്‍മാര്‍ വഴി ഏറ്റെടുക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ചുമതല. ആ ജോലി യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്യാത്തത് കൊണ്ടാണ് കേരളത്തില്‍ ദേശീയപാതാവികസനം തീരെ നടക്കാതെ പോയത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ കേന്ദ്രവുമായി നിരന്തരം ചര്‍ച്ചനടത്തുകയും കേന്ദ്രമന്ത്രിയെ കാണുകയും ചെയ്തു’
ഭൂമിവില വളരെ കൂടുതലണെന്നും അതിനാല്‍ പകുതി തരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതിന്‍മേല്‍ ചര്‍ച്ച നടത്തിയാണ്. 21 ശതമാനം ചിലവ് കേരളം ഏറ്റെടുക്കാം എന്ന് സമ്മതിച്ചത്. യു.ഡി.എഫ് ഒന്നും ചെയ്യാതിരുന്ന ഒരു കാര്യം സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുകയാണ്. അതു സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാനത്തിനാണ് എന്ന് അര്‍ത്ഥമില്ല. സംസ്ഥാനത്തിന് പ്രവൃത്തി നടത്താനുള്ള യാതൊരു ചുമതലയുമില്ല. ഭൂമിയെടുപ്പില്‍ സംസ്ഥാനം സഹകരിച്ചില്ലെങ്കില്‍ ആ പദ്ധതി നടക്കില്ലായിരുന്നു. ഭൂമിയേറ്റെടുക്കലില്‍ കുടുങ്ങിയ പദ്ധതിയാണ് സംസ്ഥാനം ഇടപെട്ട് യഥാര്‍ത്ഥ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയതും ഡി.പി.ആര്‍ ഒരുക്കിയതും മേല്‍നോട്ടം വഹിക്കുന്നതും അളവെടുക്കുന്നതും കരാറുകാരന് പണം നല്‍കുന്നതും എല്ലാം കേന്ദ്രത്തിന്റെ ദേശീയപാതാ അതോറിറ്റിയാണ്. സംസ്ഥാന സര്‍ക്കാരിനോ പൊതുമരാമത്ത് വകുപ്പിനോ അവിടെ റോളില്ല.
‘നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചത് കേന്ദ്രമന്ത്രിയാണ്. മുഖ്യമന്ത്രിയും കേന്ദ്രസഹമന്ത്രിയും ആ ചടങ്ങില്‍ പങ്കെടുത്തു. ഇതൊന്നും അറിയാത്ത ആളല്ല പ്രതിപക്ഷനേതാവ്. അദ്ദേഹം ഒന്നിലേറെ തവണ മന്ത്രിയായിരുന്നു. എന്തോ ഒരു വിഭ്രാന്തിയില്‍ അദ്ദേഹം എന്തൊക്കെയോ പറയുകയാണ്. എന്നാല്‍ ആളുകള്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. കേന്ദ്രത്തെയോ ബി.ജെ.പിയേയോ പറയേണ്ടി വരുമ്പോള്‍ അദ്ദേഹം മൃദുവായി സംസാരിക്കുന്നുണ്ട്. പലതും വിഴുങ്ങുന്നുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക