ലണ്ടൻ: ഇന്ത്യയിൽ വളരുന്ന ഹിന്ദുത്വവും നാഥുറാം ഗോഡ്സെയോടുള്ള ഭക്തിയിലും വിമർശാനത്മ റിപ്പോർട്ട് തയ്യാറാക്കി ദ ഗാർഡിയൻ. ദ ഗാർഡിയന്റെ സൗത്ത് ഏഷ്യ കറസ്പോണ്ടന്റ് ഹന്നാ എലിസ് പീറ്റേഴ്സണാണ് ഇന്ത്യയിലെ സമകാലിക സംഭവവികാസങ്ങളെ കോർത്തിണക്കി റിപ്പോർട്ട് തയ്യാറാക്കിയത്.
മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായ്ക് ഗോഡ്സെയുടെ പേരിൽ ആരംഭിക്കാനിരുന്ന ലൈബ്രറിയെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
ഏല്ലാ മതവിഭാഗങ്ങൾക്കും തുല്യ അവകാശമുള്ള മതേതര ഇന്ത്യയെന്ന ഗാന്ധിജിയുടെ ആശയത്തെ 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നത് മുതൽ തകർക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗാന്ധിജിയെ കൊന്നത് ശരിയായ കാര്യമാണെന്നാണ് ഗോഡ്സെയുടെ പേരിൽ ആരംഭിക്കാനിരുന്ന ലൈബ്രറിക്ക് നേതൃത്വം വഹിച്ച ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി കൂടിയായ ദേവേന്ദ്ര പറയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗാന്ധി ഇന്ത്യയെ ചതിച്ചുവെന്ന തോന്നലിൽ നിന്നാണ് ഗോഡ്സെ ഗാന്ധിയെ കൊലപ്പെടുത്തിയതെന്നും ദേവേന്ദ്ര പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ ഹിന്ദു മഹാസഭ മെയ് മാസത്തിൽ ഗോഡ്സെയുടെ പിറന്നാൾ അവധി ദിവസമായി ആഘോഷിക്കുകയാണ് തുടങ്ങിയ വിഷയങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
രാമചന്ദ്ര ഗുഹയുടെ നിരീക്ഷണങ്ങളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ അപകടകരമായ ദിശാമാറ്റമാണ് ഗോഡ്സെയയെ ആരാധിക്കുന്നത് വ്യക്തമാക്കുന്നതെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ജനുവരി 13 ന് ഗോഡ്സെയുടെ പേരിൽ ആരംഭിച്ച ലൈബ്രറി ഇന്ത്യയിൽ അടച്ചുപൂട്ടിയിരുന്നു. ഗോഡ്സെ ജ്ഞാൻശാലയ്‌ക്കെതിരെ നിരവധി പരാതികളും വിമർശനാത്മക സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ക്രമസമാധാനം ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് സെക്ഷൻ 144 ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ലൈബ്രററി അടച്ചുപൂട്ടിയത് എന്നാണ്
ഗ്വാളിയർ സൂപ്രണ്ട് അമിത് സംഘി പറഞ്ഞത്.
ഗോഡ്സെയുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും കുറിച്ചുള്ള പുസ്തകങ്ങൾക്ക് പുറമെ, ഗോഡ്സെയുടെ യാത്രയെക്കുറിച്ചും വിഭജനം തടയുന്നതിൽ മഹാത്മാഗാന്ധിയുടെ “പരാജയത്തെക്കുറിച്ചും” പ്രഭാഷണങ്ങൾ നടത്തുക എന്നതായിരുന്നു ലൈബ്രറിയുടെ ഉദ്ദേശം.
ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്ഗേവാര്‍, മദന്‍ മോഹന്‍ മാളവ്യ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും വായനശാലയിലുണ്ടായിരുന്നു. നാരായണ്‍ ആപ്തെയുടെ ചിത്രവും ഗോഡ്സെയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.