ന്യൂദല്‍ഹി: നവനിര്‍മ്മാണ്‍ സേന അദ്ധ്യക്ഷന്‍ രാജ് താക്കറേ യു.പി.എ ചെയര്‍പേഴ്‌സണ്‍ നേതാവ് സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തില്‍ കൂട്ടുന്നതിനെ കുറിച്ച് സംസാരിക്കാനാണ് രാജ് താക്കറേ സോണിയയെ സന്ദര്‍ശിച്ചതെന്നാണ് കരുതുന്നത്. സോണിയാ ഗാന്ധിയുടെ വസതിയിലെത്തിയാണ് രാജ് താക്കറേയുടെ സന്ദര്‍ശനം.
ഇ.വി.എം നിര്‍ത്തലാക്കി പേപ്പര്‍ ബാലറ്റ് സംവിധാനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയാണ് രാജ് താക്കറേ തലസ്ഥാനത്തെത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നവ നിര്‍മ്മാണ്‍ സേന മത്സരിച്ചിരുന്നില്ല. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തെ പിന്തുണക്കുകയായിരുന്നു. സഖ്യത്തിന്റെ മുന്‍നിര പ്രചാരകളിലൊരാളെന്ന നിലക്കായിരുന്നു രാജ് താക്കറേയുടെ പ്രകടനം. നരേന്ദ്രമോദിക്കെതിരെയും അമിത് ഷായ്‌ക്കെതിരെയും ഉള്ള രാജ് താക്കേറെയുടെ പ്രസംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കോണ്‍ഗ്രസിന് നവ നിര്‍മ്മാണ്‍ സേനയുമായി നേരിട്ട് സഖ്യത്തിലെത്താന്‍ താല്‍പര്യമില്ല. രാജ് താക്കറേയുടെ കുടിയേറ്റ വിരുദ്ധ മനോഭാവത്തിനെതിരെ പലപ്പോഴും എതിര്‍പ്പ് ഉയര്‍ത്താറുണ്ട് കോണ്‍ഗ്രസ്. എന്നാല്‍ ബി.ജെ.പി-ശിവസേന സഖ്യത്തെ പരാജയപ്പെടുത്താന്‍ അനൗദ്യോഗിക സഖ്യം കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുണ്ട്.
രാജ് താക്കറേ രണ്ടാം തവണയാണ് സോണിയയെ സന്ദര്‍ശിക്കുന്നത്. തന്റെ മകന്റെ വിവാഹത്തിന് ക്ഷണിക്കാന്‍ എത്തിയപ്പോഴായിരുന്നു ആദ്യ സന്ദര്‍ശനം. എന്നാല്‍ സോണിയയും രാഹുല്‍ ഗാന്ധിയും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.