മഹാരാഷ്ട്രയില്‍ ചരടുവലികള്‍ അവസാനഘട്ടത്തിലേക്ക്; ബി.ജെ.പി നാളെ ഗവര്‍ണറെ കാണും; സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ശിവസേന
national news
മഹാരാഷ്ട്രയില്‍ ചരടുവലികള്‍ അവസാനഘട്ടത്തിലേക്ക്; ബി.ജെ.പി നാളെ ഗവര്‍ണറെ കാണും; സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2019, 7:55 pm

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അവസാനഘട്ടത്തിലേക്കെന്ന് സൂചന. ശിവസേനയുമായുള്ള പൊരുത്തക്കേടുകള്‍ നീക്കി ബി.ജെ.പി നാളെ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയെ കാണുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ ഒമ്പതിന് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ തിരക്കിട്ട നീക്കം.

അതേസമയം, തനിക്കോ തന്റെ പാര്‍ട്ടി വക്താക്കള്‍ക്കോ ഇതുവരെ ബി.ജെ.പിയില്‍നിന്നും അനുകൂല സന്ദേശം ലഭിച്ചിട്ടില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആവര്‍ത്തിച്ചു. സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടിരുന്നു. ഇതിന് പിന്നാലെ ഇന്ന് റാവത്ത് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഹുസൈന്‍ ധാല്‍വെയുമായും കൂടിക്കാഴ്ച നടത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി ഗവര്‍ണറെ കാണുന്നതിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഗവര്‍ണറെ കണ്ട് പിന്തുണ അറിയിക്കുകയാണെങ്കില്‍ തങ്ങള്‍ സന്തോഷത്തിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു നല്ല വാര്‍ത്ത വരാനുണ്ടെന്ന് ബി.ജെ.പിയുടെ പലനേതാക്കളും ആവര്‍ത്തിക്കുന്നതായി എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തെ കാര്‍ഷിക മേഖല നേരിടുന്ന വരള്‍ച്ചാ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുന്‍ മുഖ്യമന്ത്രി മുന്‍ മുഖ്യമന്ത്രികൂടിയായ ദേവേന്ദ്ര ഫഡ്‌നാവിസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ശിവസേനയുടെ ആറ് മുന്‍ മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍വെച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായുള്ള സുപ്രധാന തീരുമാനങ്ങളെടുത്തെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

‘നിങ്ങള്‍ക്ക് എത്രശ്രമിച്ചാലും ജലത്തെ തമ്മില്‍ വേര്‍ത്തിരിക്കാനാവില്ല. അതുപോലെയാണ് ശിവസേനയുടെയും ബി.ജെ.പിയുടെയും കാര്യവും. ഞങ്ങളില്‍ ഒന്നിച്ചുതന്നെയുണ്ടാവും. ഞങ്ങളൊരു നല്ല വാര്‍ത്തയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം’, ബി.ജെ.പി നേതാവ് സുധിര്‍ മുങ്കന്തിവാര്‍ യോഗത്തിന് ശേഷം പറഞ്ഞു.

ബി.ജെ.പി-ശിവസേന സഖ്യംതന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മറ്റുള്ളവര്‍ എന്ത് ചിന്തിച്ചാലും അത് തങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ