ശരദ്-അജിത് രഹസ്യ കൂടിക്കാഴ്ച അംഗീകരിക്കാന്‍ സാധിക്കില്ല; ആശങ്കയുണ്ട്: മഹാരാഷ്ട്ര കോണ്‍ഗ്രസ്
national news
ശരദ്-അജിത് രഹസ്യ കൂടിക്കാഴ്ച അംഗീകരിക്കാന്‍ സാധിക്കില്ല; ആശങ്കയുണ്ട്: മഹാരാഷ്ട്ര കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th August 2023, 11:16 am

മുംബൈ: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും സംസ്ഥാന ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ച അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ അതിനെക്കുറിച്ച് ആശങ്കയുണ്ടെന്നും അധ്യക്ഷന്‍ നാന പട്ടോലെ പറഞ്ഞു.

ശനിയാഴ്ച അജിതും ശരദും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘കൂടിക്കാഴ്ച ഞങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. പവാറുമാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ഞങ്ങള്‍ അംഗീകരിക്കില്ല. ഈ കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചിക്കും.

ഇന്ത്യ സഖ്യവും ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഞാന്‍ ഇതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ല,’ പട്ടോലെ പറഞ്ഞു.

ബി.ജെ.പിയെ എതിര്‍ക്കുന്ന ആരുമായും കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ശരദ് പവാറിനെ കൂടെക്കൂട്ടാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുവെന്ന ഊഹാപോഹങ്ങളില്‍ സത്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ മരുമകന്‍ കൂടിയായ അജിത്തുമായി നടത്തിയ കൂടിക്കാഴ്ച മഹാ വികാസ് അഘാഡിയില്‍ യാതൊരു വിധത്തിലുള്ള ആശയക്കുഴപ്പവുമുണ്ടാക്കില്ലെന്നാണ് യോഗത്തിന് ശേഷം അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞത്. ഇന്ത്യ സഖ്യത്തിന്റെ അടുത്ത യോഗം തങ്ങള്‍ വിജയകരമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അജിത് പവാറുമായി നടത്തിയ കൂടിക്കാഴ്ചകള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ഉണ്ടാക്കിയ ആശയക്കുഴപ്പം മാറ്റണമെന്ന് മഹാ വികാസ് അഘാഡി ശരദ് പവാറിനോട് ആവശ്യപ്പെട്ടിരുന്നതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുടുംബത്തിലെ ഒരംഗമെന്ന നിലയിലാണ് അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയതെന്നും അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു.

content highlights: MAHARASHTRA CONGRESS ABOUT AJIT AND SARATH PAWAR MEETING