national news
15 മിനിട്ടിനുള്ളില്‍ പനി പോയി; ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 19, 03:23 am
Sunday, 19th January 2025, 8:53 am

ചെന്നൈ: ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ക്ക് ശമനമുണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി ഡയറക്ടര്‍ വി കാമകോടി. തന്റെ അച്ഛന് അസുഖം ബാധിച്ചപ്പോള്‍ ഗോമൂത്രം കുടിച്ചുവെന്നും 15 മിനിട്ടിനുള്ളില്‍ പനി പമ്പ കടന്നുവെന്നും വി. കാമകോടി പറഞ്ഞു.

ഒരു സന്ന്യാസിയുടെ പക്കല്‍ നിന്നാണ് ഗോമൂത്രം ലഭിച്ചതെന്നും അദ്ദേഹത്തിന്റെ പേര് ഓര്‍മയില്ലെന്നും വി. കാമകോടി പറഞ്ഞു. ചെന്നൈയില്‍ നടന്ന ഗോപൂജ ചടങ്ങിലാണ് ഐ.ഐ.ടി ഡയറക്ടറുടെ വിചിത്ര പരാമര്‍ശം.

ശരീരത്തെ ബാധിക്കുന്ന ചില ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും വി. കാമകോടി പറഞ്ഞു. ഗോമൂത്രം കുടിക്കുന്നത് ദഹനക്കേടിന് നല്ലതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

വിചിത്ര പരാമര്‍ശത്തെ തുടര്‍ന്ന് വി. കാമകോടിക്കെതിരെ ഐ.ഐ.ടി സ്റ്റുഡന്റ് യൂണിയന്‍ പ്രസ്തവാനയിറക്കി. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കേണ്ട ഐ.ഐ.ടിയുടെ ഡയറക്ടര്‍ നടത്തിയ പ്രസ്താവനയെ അപലപിക്കുന്നുവെന്ന് യൂണിയന്‍ പറഞ്ഞു.

അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ വി. കാമകോടി പ്രസിദ്ധീകരിക്കണമെന്നും വാദങ്ങള്‍ ശാസ്ത്രീയമായി തെറ്റായതിനാല്‍ മാപ്പ് പറയണമെന്നും സ്റ്റുഡന്റ് യൂണിയന്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ എ.ഐ വിദഗ്ധരില്‍ ഒരാളാണ് വി. കാമകോടി. ഇന്ത്യയിലെ ആദ്യത്തെ മൈക്രോ പ്രോസസറായ ശക്തി വികസിപ്പിച്ചെടുക്കുന്നതില്‍ നേതൃത്വം നല്‍കിയവരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ഐ.ഐ.ടിയില്‍ തന്നെയായിരുന്നു വി. കാമകോടിയുടെ പഠനം.

നേരത്തെ ഗോമൂത്രം കുടിക്കുന്നതിലൂടെ കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ബി.ജെ.പി നേതാക്കളും ഹിന്ദുത്വ വാദികളും അവകാശപ്പെട്ടിരുന്നു. ശരീരത്തില്‍ ചാണകം പൂശുന്നതിന്റെ ഗുണഗണങ്ങളെ കുറിച്ച് വാദിക്കുന്ന എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഇന്ത്യയിലുണ്ട്.

കഴിഞ്ഞ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗര്‍ഭ പന്തലിലേക്ക് ഗോമൂത്രം കുടിക്കുന്നവരെ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളുവെന്ന ബി.ജെ.പി നേതാവ് ചിന്‍ടു വര്‍മയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിലൂടെ ഗോമൂത്രം കുടിക്കാത്തവര്‍ അഹിന്ദുക്കളാണെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞിരുന്നു.

അതേസമയം ഗോമൂത്രത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബറേലി ആസ്ഥാനമായുള്ള ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലായിരുന്നു കണ്ടെത്തല്‍.

ഗോമൂത്രത്തില്‍ ഹാനികരമായ 14 ഇനം ബാക്ടീരിയകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. ആരോഗ്യമുള്ള പശുക്കളില്‍ നിന്നും കാളകളില്‍ നിന്നുമുള്ള മൂത്രമാണ് സാമ്പിളുകളായി ഗവേഷകര്‍ ശേഖരിച്ചിരുന്നത്.

Content Highlight: Madras I.I.T Director v.kamakoti says that drinking cow’s urine can cure diseases