ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത് മൃദുഹിന്ദുത്വത്തെ കൂട്ടുപിടിച്ച്. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയും പ്രചരണതന്ത്രങ്ങളും ഇത് വ്യക്തമാക്കുന്നതാണ്.
ഹിന്ദുവോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളായിരുന്നു പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് നല്‍കിയത്. എല്ലാ പഞ്ചായത്തിലും ഗോശാലകള്‍, ആത്മീയതയ്ക്കായി പ്രത്യേക വകുപ്പ്, സംസ്ഥാനത്തുടനീളം സംസ്‌കൃത സ്‌കൂളുകള്‍ എന്നിവയെല്ലാം കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളായിരുന്നു.
ബി.ജെ.പിയുടെ പരമ്പരാഗത വോട്ട് ബാങ്ക് മറിക്കുന്നതിനായി ഹിന്ദുവോട്ടര്‍മാരെ ഉന്നമിട്ടായിരുന്നു ഇത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ക്ഷേത്രസന്ദര്‍ശനം പോലും കരുവാക്കിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം.
ഗുരുദ്വാരകളും ക്ഷേത്രങ്ങളും പള്ളികളും രാഹുല്‍ കയറിയിറങ്ങി. മുതിര്‍ന്ന നേതാക്കളായ കമല്‍നാഥും ജ്യോതിരാദിത്യ സിന്‍ധ്യയും രാഹുലിനെ അനുഗമിച്ചു.
ഇതിനെ ചോദ്യം ചെയ്ത് മോദിയുടേയും യോഗിയുടേയും നേതൃത്വത്തില്‍ ബി.ജെ.പി രംഗത്തെത്തിയെങ്കിലും കോണ്‍ഗ്രസ് തങ്ങള്‍ “പ്രൊ ഹിന്ദു” വാണെന്ന ലേബല്‍ മാറ്റുന്നതിനോ ആരോപണങ്ങളെ പ്രതിരോധിക്കാനോ ശ്രമിച്ചില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ആരാധനാലയങ്ങള്‍ ലക്ഷ്യംവെച്ച് രാഹുല്‍ മധ്യപ്രദേശിലുടനീളം സഞ്ചരിച്ചു.
ബി.ജെ.പിയുടെ ഭരണവൈകല്യങ്ങള്‍ ഉയര്‍ത്തി ഛത്തീസ്ഗഢില്‍ പ്രചരണം നടത്തിയ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ മൃദുഹിന്ദുത്വത്തില്‍ ഊന്നിയുള്ള പ്രചരണമാണ് നയിച്ചത്. രാഹുല്‍ഗാന്ധി ശിവഭക്തനായി മധ്യപ്രദേശില്‍ അവതരിപ്പിക്കപ്പെട്ടു.
ALSO READ: മധ്യപ്രദേശ് ഭരിക്കാന്‍ കോണ്‍ഗ്രസ്; സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറുടെ ക്ഷണം
കൈലാസ പര്‍വ്വതം പശ്ചാത്തലമായ രാഹുലിന്റെ പോസ്റ്ററുകളായിരുന്നു മധ്യപ്രദേശിലെമ്പാടും പതിച്ചത്. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭരണവൈകല്യങ്ങള്‍ വേണ്ടവിധം വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിനായില്ല. മന്ദ്‌സോറിലെയും മറ്റും കര്‍ഷക പ്രക്ഷോഭങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് കോണ്‍ഗ്രസ് താല്‍പ്പര്യമെടുത്തുമില്ല.
2017 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്താകമാനം 30 ക്ഷേത്രങ്ങളിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. കര്‍ണാടക തെരഞ്ഞെടുപ്പിലും ഇതേ മാര്‍ഗമായിരുന്നു രാഹുല്‍ പിന്തുടര്‍ന്നത്.
WATCH THIS VIDEO: