Kerala News
മധു വധക്കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഫീസ് നല്‍കുന്നില്ല, പരാതിയുമായി മധുവിന്റെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 19, 02:57 am
Friday, 19th August 2022, 8:27 am

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന് സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന് മധുവിന്റെ അമ്മ മല്ലി. പണം നല്‍കുന്നത് വൈകിയാല്‍ നേരത്തെ അഭിഭാഷകന്‍ പിന്‍വാങ്ങിയത് പോലെ ആവര്‍ത്തിക്കുമോ എന്ന് ഭയമുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന പി. ഗോപിനാഥ് നേരത്തെ ഫീസ് പ്രശ്‌നം മൂലം കേസില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. സമാന അനുഭവം വീണ്ടും നേരിടേണ്ടിവരുമോ എന്നാണ് കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നത്. മന്ത്രി കൃഷ്ണന്‍ കുട്ടിയെ നേരിട്ട് കണ്ട് കുടുംബം ഇക്കാര്യം പരാതിയായി അറിയിച്ചു.

അതേസമയം, കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മണ്ണാര്‍ക്കാട് എസ്.സി/എസ്.ടി കോടതി നാളെ വിധി പറയും. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ പ്രതികള്‍ ലംഘിച്ചതിനാല്‍, ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം.

പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ നാല് വര്‍ഷമായി കേസിലെ 16 പ്രതികളും ജാമ്യത്തിലാണ്. പ്രതികളും സാക്ഷികളും ഒരേ നാട്ടുകാരായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ടെന്നും, തങ്ങള്‍ക്ക് ജീവിക്കാന്‍ ഭീഷണിയുണ്ടെന്നും മധുവിന്റെ കുടുംബം പരാതി ഉന്നയിച്ചിരുന്നു.

പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ചില സാക്ഷികളെ 63 തവണ ബന്ധപ്പെട്ടെന്നും പുറത്തുവന്ന ഫോണ്‍ വിവരങ്ങളിലുണ്ട്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടായാല്‍ ഉടന്‍ തന്നെ സാക്ഷികളുടെ അതിവേഗ വിസ്താരവും തുടങ്ങിയേക്കും.

ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ദിവസേന അഞ്ച് സാക്ഷികളെ എങ്കിലും വിസ്തരിക്കാന്‍ നേരത്തെ തന്നെ കോടതി തീരുമാനിച്ചിരുന്നു. കേസില്‍ ഇതുവരെ 13 സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്. രണ്ട് പേര്‍ മാത്രമാണ് പ്രോസിക്യൂഷന്‍ അനുകൂല മൊഴി നല്‍കിയത്.

Content Highlight: Madhu’s mother says government is not paying special prosecutor fee