Daily News
അഭിനയിച്ച് കാണിക്കാവുന്ന രോഗങ്ങളല്ല മഅദനിക്കുളളത് : ഡോക്ടര്‍ ഐസക്ക് മത്തായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jul 12, 06:30 am
Saturday, 12th July 2014, 12:00 pm

[]ബംഗളൂരു: സുപ്രീം കോടതി ഒരു മാസത്തെ സോപാധിക ജാമ്യമനുവദിച്ച മഅദനിക്ക് രണ്ടര മാസത്തിലധികം ചികിത്സ വേണ്ടി വരുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ഐസക്ക് മത്തായി നൂറനാല്‍ വ്യക്തമാക്കി. അഭിനയിച്ച് കാണിക്കാവുന്ന രോഗങ്ങളല്ല മഅദനിക്കുളളതെന്നും നേത്ര ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ബംഗളൂരു ഹോളി സൗഖ്യ ആസ്പത്രിയില്‍ മഅ്ദനിയുടെ ചികിത്സക്ക് നേതൃത്വം വഹിക്കുന്നത് ഡോ. ഐസക്ക് മത്തായി നൂറനാലാണ്.
ബാംഗളുരു സ്‌ഫോടനക്കേസില്‍ ജയില്‍വാസം അനുഭവിക്കുന്ന പി.ഡി.പി നേതാവ് അബ്ദുല്‍നാസര്‍ മഅദനിക്ക് സുപ്രീംകോടതി ഇന്നലെയാണ് ഉപാധികളോടെ ഇടക്കാല ജാമ്യമനുവദിച്ചത്.

കഴ്ച്ചശക്തി കുറഞ്ഞതിനാല്‍ സ്വന്തം നിലയ്ക്ക് ചികിത്സ തേടാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം പരിഗണിച്ച്  ജസ്റ്റിസ് ജെ. ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

ബംഗളുരു വിട്ട് പോകരുതെന്നും കര്‍ണാടക സര്‍ക്കാരിന് മഅദനിയെ നിരീക്ഷിക്കാമെന്നും ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞു. അസുഖവും നാലു വര്‍ഷത്തെ ജയില്‍വാസവും കണക്കിലെടുത്താണ് സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.