സുപ്രീം കോടതി അനുവദിച്ചത് മൂന്ന് മാസം; മഅ്ദനി പിതാവിനൊപ്പം കഴിയുക 12 ദിവസം മാത്രം
Kerala News
സുപ്രീം കോടതി അനുവദിച്ചത് മൂന്ന് മാസം; മഅ്ദനി പിതാവിനൊപ്പം കഴിയുക 12 ദിവസം മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th June 2023, 8:45 am

ബെംഗളൂരു: നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി തിങ്കളാഴ്ച വൈകീട്ടോടെ കേരളത്തിലെത്തും. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനായാണ് മഅ്ദനി നാട്ടിലെത്തുന്നത്. 12 ദിവസത്തേക്കാണ് യാത്രാനുമതി ലഭിച്ചിരിക്കുന്നത്.

കര്‍ണാടകയില്‍ പുതുതായി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവ് വരുത്തിയതാണ് മഅ്ദനിക്ക് ആശ്വാസമായത്. സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചാണ് പുതിയ നിബന്ധന ഇറക്കിയത്. മഅ്ദനിയെ 12 പൊലീസുകാര്‍ മാത്രമായിരിക്കും അനുഗമിക്കുക. കെട്ടിവെക്കാന്‍ നിര്‍ദ്ദേശിച്ച തുകയിലും ഇളവുണ്ടാകും.

ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് ശേഷമാണ് യാത്ര പുറപ്പെടുക. നെടുമ്പാശ്ശേരിയിലെത്തുന്ന മഅ്ദനിയെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ആംബുലന്‍സില്‍ സ്വദേശമായ കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോകും.

കര്‍ണാടക പൊലീസിന്റെ കര്‍ശന സുരക്ഷയിലുള്ള മഅ്ദനി ജൂലൈ ഏഴിന് ബെംഗളൂരുവിലേക്ക് മടങ്ങും. ജൂലൈ എട്ട് വരെയാണ് സുപ്രീം കോടതി അദ്ദേഹത്തിന് ഇളവ് അനുവദിച്ചിരുന്നത്.

ബെംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത മഅ്ദനി ജാമ്യ വ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 17നാണ് മൂന്ന് മാസത്തേക്ക് കേരളത്തിലേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയത്.

സുരക്ഷാ ചെലവിലേക്കായി പ്രതിമാസം 20.23 ലക്ഷം രൂപ വീതം നല്‍കണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിലായത്. 20 പൊലീസുകാര്‍ മഅ്ദനിക്കൊപ്പം പോകുന്നതിന് ഏകദേശം 60 ലക്ഷം രൂപ ചെലവ് വരുമായിരുന്നു.

ഇവരുടെ താമസവും ഭക്ഷണവും കണക്കിലെടുത്താല്‍ ഒരു കോടിയോളം ചെലവ് വരുമായിരുന്നു. അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം, താമസം, വിമാന യാത്രാച്ചെലവ്, വിമാന യാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേര്‍ത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചതെന്നാണ് കര്‍ണാടക പൊലീസ് വ്യക്തമാക്കിയത്.

ഇത്രയും തുക നല്‍കാന്‍ നിലവില്‍ നിര്‍വാഹമില്ലെന്ന് മഅ്ദനിയുടെ കുടുംബം വ്യക്തമാക്കി. കര്‍ണാടകയില്‍ സര്‍ക്കാര്‍ മാറിയതിന് ശേഷം കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ അവിടുത്തെ സര്‍ക്കാരുമായി ഇടപെടല്‍ നടത്തിയതിന് ശേഷമാണ് മഅ്ദനിക്ക് രോഗിയായ പിതാവിനെ കാണാന്‍ അവസരമൊരുങ്ങിയത്.

Content Highlights: madani comes to kerala after long wait only for 12 days