മലയാള സിനിമയില്‍ മൂന്ന് കോടിവരെ പ്രതിഫലമുള്ള താരങ്ങള്‍ മുപ്പതോ നാല്‍പ്പതോ ലക്ഷം വാങ്ങിയിട്ട് ബാക്കിപ്പണം ഗള്‍ഫില്‍ ഓവര്‍സീസ് റൈറ്റ് എന്നുപറഞ്ഞാണ് വാങ്ങുന്നതെന്ന് ബൈജു കൊട്ടാക്കര ആരോപിച്ചു.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയെ പ്രശംസിച്ചും മോദിയെ കള്ളപ്പണത്തെ തടയേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും ബ്ലോഗിലൂടെ വാചാലരാകുന്ന താരങ്ങളും സിനിമാ പ്രവര്‍ത്തകരും ആത്മപരിശോധന നടത്താന്‍ തയ്യാറാകണമെന്ന് മാക്ട ഫെഡറേഷന്‍ പ്രസിഡന്റ് ബൈജു കൊട്ടാരക്കര.
കോടികള്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളും സംവിധായകരും ലക്ഷങ്ങള്‍ മാത്രം വാങ്ങി ബാക്കിത്തുക വിദേശരാജ്യങ്ങളില്‍ ഓവര്‍സീസ് റൈറ്റ് എന്ന പേരിലാണ് സ്വന്തമാക്കുന്നത്.
ഓവര്‍സീസ് റൈറ്റ് എന്നുപറഞ്ഞ് വാങ്ങുന്ന പണത്തിന് എവിടെവെച്ച് എങ്ങനെയാണ് ടാക്‌സ് അടയ്ക്കുന്നതെന്ന് അന്വേഷിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
മലയാള സിനിമയില്‍ മൂന്ന് കോടിവരെ പ്രതിഫലമുള്ള താരങ്ങള്‍ മുപ്പതോ നാല്‍പ്പതോ ലക്ഷം വാങ്ങിയിട്ട് ബാക്കിപ്പണം ഗള്‍ഫില്‍ ഓവര്‍സീസ് റൈറ്റ് എന്നുപറഞ്ഞാണ് വാങ്ങുന്നതെന്ന് ബൈജു കൊട്ടാക്കര ആരോപിച്ചു.
ഏറ്റവും കൂടുതല്‍ കള്ളപ്പണം ഒഴുകുന്ന മേഖലയാണ് മലയാള സിനിമ. ഇത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മലയാള സിനിമയിലെ കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ ആരും തയ്യാറാകുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും മാക്ട ഫെഡറേഷന്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലേക്ക് ഈ പണം എങ്ങനെ എത്തുന്നു എന്നത് സര്‍ക്കാര്‍ നീതിപൂര്‍വ്വം അന്വേഷിക്കണം.
കള്ളപ്പണം ഇല്ലാതാക്കി മലയാള സിനിമയെ ശുദ്ധീകരിക്കേണ്ടതുണ്ട്. ഒരു സിനിമ നിര്‍മിക്കുന്നതിന്റെ ചെലവിനെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ധവളപത്രം ഇറക്കണം.
ഒരു സുപ്രഭാതത്തില്‍ നിര്‍മാതാക്കളാകുന്ന പ്രൊഡക്ഷന്‍ മാനേജര്‍മാരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ നടപടിയെ പ്രശംസിച്ച് കഴിഞ്ഞ ദിവസം നടന്‍ മോഹന്‍ലാല്‍ തന്റെ ബ്ലോഗിലെ പുതിയ കുറിപ്പിലൂടെ രംഗത്തെത്തിയിരുന്നു. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേട്ടുവെന്നും ആത്മാര്‍ഥമായി നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയായിരുന്നു ആ പ്രസംഗവും അതിന് ശേഷം നടന്ന സംഭവങ്ങളുമെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറയുന്നു. “സത്യത്തിന്റെ ഇന്ത്യയ്ക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്” എന്ന തലക്കെട്ടോടെയായിരുന്നു ലാലിന്റെ കുറിപ്പ്.
മദ്യഷോപ്പിനു മുന്നിലും സിനിമാശാലകള്‍ക്കു മുന്നിലും മതവിഭാഗങ്ങളുടെ ആരാധാനാലയങ്ങള്‍ക്കു മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിനു വേണ്ടി അല്‍പസമയം വരി നില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല എന്നായിരുന്നു മോഹന്‍ ലാലിന്റെ അഭിപ്രായം.
ഇത് പറയുമ്പോള്‍ “നിങ്ങള്‍ക്കെന്തറിയാം വരി നില്‍ക്കുന്നതിന്റെ വിഷമം?” എന്ന മറുചോദ്യം കേള്‍ക്കുന്നു. കേരളത്തിലും ഇന്ത്യയിലും പുറം രാജ്യങ്ങളിലും പോയാല്‍, എനിക്കവസരം ലഭിച്ചാല്‍ ഞാനും എല്ലാവരെയും പോലെ വരിനിന്നാണ് ആവശ്യങ്ങള്‍ നിവര്‍ത്തിക്കാറുള്ളതെന്നും മോഹന്‍ലാല്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.
ഞാനൊരു വ്യക്തി ആരാധകനല്ല. വ്യക്തികളെയല്ല, ആശയങ്ങളെയാണ് ഞാന്‍ ആരാധിക്കുന്നത്. സത്യസന്ധവും അനുതാപമുള്ളതുമായ ആശയങ്ങളെ, സമര്‍പ്പണ മനോഭാവമുള്ള ആശയങ്ങളെ. ഈ ഒരു തീരുമാനത്തേയും ഞാന്‍ അത്തരത്തിലാണ് കാണുന്നത്. പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കുമപ്പുറം ഇത് ഒരു നല്ല ലക്ഷ്യത്തിനു വേണ്ടിയുള്ളതാണ് എന്നു ഞാന്‍ മനസ്സിലാക്കുന്നു.
ഇതിനെ ഒരു സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായമായി കാണരുത്. മുന്‍വിധികളില്ലാത്ത ഒരു സാധാരണക്കാരന്റെ ബോധ്യം മാത്രമാണ്. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു എന്ന തത്വമാണ് എന്നെ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിക്കാന്‍ സഹായിച്ചതെന്നുമായിരുന്നു മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ ഈ അഭിപ്രായ പ്രകടനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.