അവരുടെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടു, ഫ്രാന്‍സ് ഭീകരാക്രമണത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ മാക്രോണ്‍
World News
അവരുടെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടു, ഫ്രാന്‍സ് ഭീകരാക്രമണത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ മാക്രോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th November 2020, 5:00 pm

പാരീസ്: ഫ്രാന്‍സില്‍ പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ നടന്ന ഭീകരാക്രമണത്തെ ചില വിദേശ മാധ്യമങ്ങള്‍ സമീപിച്ച രീതിയെ വിമര്‍ശിച്ച് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ന്യൂയോര്‍ക്ക് ടൈംസ് കോളമിസ്റ്റായ ബെന്‍ സ്മിത്തിനോടാണ് മാക്രോണ്‍ തന്റെ വിമര്‍ശനം അറിയിച്ചത്.

‘ അഞ്ചു വര്‍ഷം മുമ്പ് ഫ്രാന്‍സ് ആക്രമിക്കപ്പെട്ടപ്പോള്‍ എല്ലാ രാഷ്ട്രങ്ങളും ഞങ്ങള്‍ക്കൊപ്പം നിന്നു,’

‘ ഈ സാഹചര്യത്തില്‍ ഞങ്ങളുടെ അതേ മൂല്യങ്ങളില്‍ വിശ്വസിക്കുന്നതെന്ന് ഞാന്‍ കരുതുന്ന ചില രാജ്യങ്ങളിലെ പത്രങ്ങള്‍ ഇപ്പോഴത്തെ ആക്രമണത്തെ ന്യായീകരിക്കുന്നത് കാണുമ്പോള്‍, ഫ്രാന്‍സിലെ വംശീയതയും ഇസ്‌ലാമോഫോബിയയുമാണ് ഈ പ്രശ്‌നങ്ങളുടെ മൂല കാരണങ്ങളെന്ന് പറയുമ്പോള്‍ ഇവയുടെ അടിസ്ഥാന ആദര്‍ശങ്ങള്‍ നഷ്ടപ്പെട്ടെന്ന് ഞാന്‍ പറയും,’ മാക്രോണ്‍ പറഞ്ഞു.

ഫ്രഞ്ച് സമൂഹത്തിന്റെ മതേതര മൂല്യങ്ങളെ മനസ്സിലാക്കുന്നതില്‍ വിദേശ മാധ്യമങ്ങള്‍ പരാജയപ്പെട്ടുന്നും മാക്രോണ്‍ പറഞ്ഞു.

ഷാര്‍ലെ ഹെബ്ദോ മാഗസിനെ പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സില്‍ തുടരെ മൂന്ന് ഭീകരാക്രമണങ്ങള്‍ നടന്നതിനു പിന്നാലെയാണ് മാക്രോണിന്റെ പ്രതികരണം.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന്റെ പേരില്‍ ഒക്ടോബര്‍ 16 ന് ചരിത്രാധ്യാപകനായ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടിരുന്നു. അബ്ദുള്ള അന്‍സൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.

ഇതിനു പിന്നാലെ നൈസ് നഗരത്തിലെ ചര്‍ച്ചില്‍ കത്തിയുമായി എത്തിയ ആക്രമി മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.
ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവാണ് പ്രതി. ഇതിനു ശേഷം ഫ്രാന്‍സിലെ ലിയോയില്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് പുരോഹിതന് നേരെ വെടിവെപ്പ് നടന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ