ആര്‍.എസ്.എസ് ഒരു ദേശവിരുദ്ധ ശക്തി; മോഹന്‍ ഭാഗവതിന്റെ വിജയദശമി പ്രസംഗത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് എം.എ. ബേബി
Kerala News
ആര്‍.എസ്.എസ് ഒരു ദേശവിരുദ്ധ ശക്തി; മോഹന്‍ ഭാഗവതിന്റെ വിജയദശമി പ്രസംഗത്തിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th October 2022, 8:11 pm

തിരുവനന്തപുരം: വിജയദശമി പ്രസംഗത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. മോഹന്‍ ഭഗവത് വീണ്ടും പഴയ കുപ്പിയില്‍ പഴയ വീഞ്ഞുമായി വന്നിട്ടുണ്ടെന്ന് എം.എ. ബേബി പരിഹസിച്ചു.

തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ മതവിദ്വേഷം അല്ലാതെ മറ്റൊന്നും ആര്‍.എസ്.എസ് ചിന്തയിലില്ലെന്നും എം.എ. ബേബി പറഞ്ഞു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘ഇന്ത്യയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും വര്‍ധിച്ചുവരികയാണെന്നും ഇന്ത്യയില്‍ ദാരിദ്ര്യം രാക്ഷസരൂപംപൂണ്ട് നില്‍ക്കുകയാണെന്നും ഇന്നലെ പറഞ്ഞത് ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയാണ്. 20 കോടിയിലേറെ ജനങ്ങള്‍ ദാരിദ്ര്യരേഖക്കു താഴെയാണ്. 23 കോടിയിലധികം ആള്‍ക്കാര്‍ക്ക് ദിവസം 375 രൂപയ്ക്കു താഴെ മാത്രമാണ് വരുമാനം. നാല് കോടിയിലധികമാണ് തൊഴില്‍രഹിതര്‍. ലേബര്‍ ഫോഴ്സ് സര്‍വേ അനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് 7.6 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യയുടെ ഒരു ശതമാനം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചില്‍ ഒന്നും(20 ശതമാനം) കൈയടക്കി വയ്ക്കുന്നത് നല്ല സാഹചര്യമാണോ എന്നദ്ദേഹം ചോദിച്ചു. ഭൂരിഭാഗം മേഖലകളിലും ജനങ്ങള്‍ക്ക് നല്ല വെള്ളമോ പോഷകാഹാരങ്ങളോ ലഭിക്കുന്നില്ലെന്നും- ആര്‍.എസ്.എസ് നേതാവ് ഹൊസബലെ പറഞ്ഞു.

ആര്‍.എസ്.എസിന്റെ മേധാവി മോഹന്‍ ഭഗവത് ഇന്ന് നടത്തിയ പ്രഭാഷണത്തില്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും നിര്‍ദേശിച്ചിട്ടുണ്ട്! ഇന്ത്യയിലെ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുകയാണ് ആര്‍.എസ്.എസ് എന്നും വച്ചിട്ടുള്ള പരിഹാരം.
ഇന്ത്യയില്‍ ‘മതാടിസ്ഥാന അസമത്വവും’ ‘നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും’ കാരണം രാജ്യത്തിന്റെ സ്വത്വരൂപം നഷ്ടപ്പെട്ടുപോകുമെന്നാണ് അദ്ദേഹത്തിന്റെ വിഷമം,’ എം.എ. ബേബി പറഞ്ഞു.

അനാവശ്യ പ്രസ്താവനയിലൂടെ വര്‍ഗീയവിദ്വേഷം പടര്‍ത്താന്‍ നോക്കുന്ന ആര്‍.എസ്.എസ് ഒരു ദേശവിരുദ്ധ ശക്തിയാണെന്നും എം.എ. ബേബി പറഞ്ഞു.

‘മതാടിസ്ഥാനത്തിലുള്ള ‘അസമത്വം’ കാരണം കൊസോവോ, ദക്ഷിണ സുഡാന്‍ എന്നീ രാജ്യങ്ങളുടേതു പോലുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍.എസ്.എസ്. മേധാവി പ്രസംഗത്തില്‍ പറഞ്ഞു. ഇതിനൊക്കെ പരിഹാരമായി രാജ്യത്ത് ജനസംഖ്യാ നിയന്ത്രണം വേണമെന്നാണ് അദ്ദേഹം ഉദ്‌ഘോഷിക്കുന്നത്.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെല്ലാം ചേര്‍ന്ന് പതിനഞ്ച് ശതമാനത്തില്‍ താഴെ വരൂ. അവരുടെ വളര്‍ച്ച എത്ര അസമത്വത്തില്‍ ഊന്നിയതായായാലും 85 ശതമാനത്തെ വെല്ലുവിളിക്കാന്‍ പോരുന്നതല്ല എന്നത് എല്ലാ ജനസംഖ്യ വിദഗ്ധരും സമ്മതിക്കുന്ന കാര്യമാണ്.

അഞ്ഞൂറ് വര്‍ഷത്തെ കോളനി ഭരണകാലം മുതല്‍ നടന്ന മതപരിവര്‍ത്തനമെല്ലാം കൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഒരു ശതമാനത്തിന് അല്‍പം കൂടുതല്‍ മാത്രമാണ്. ഈ ഒരു ശതമാനം വളര്‍ന്ന് ഇന്ത്യയുടെ മതസ്വത്വം തകര്‍ക്കും എന്നാണ് ആര്‍.എസ്.എസ് മേധാവി പറയുന്നത്!

ഇന്ത്യയെ, എന്‍പത്തഞ്ച് ശതമാനം വരുന്ന ഹിന്ദുക്കളെയടക്കം ഇന്ത്യാക്കാരെ ആകെ ബാധിക്കുന്ന പ്രശ്‌നം വര്‍ധിച്ചുവരുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമൂഹിക അസമത്വവുമാണ്. അതിനെ നേരിടാന്‍ വര്‍ഗീയവിദ്വേഷം പടര്‍ത്താന്‍ നോക്കുന്ന ആര്‍.എസ്.എസ് ഒരു ദേശവിരുദ്ധ ശക്തിയാണ്,’ എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.