മലയാളികള്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് എം. മോഹനന്‍. 2007ല്‍ പുറത്തിറങ്ങിയ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് എം. മോഹനന്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് മാണിക്യക്കല്ല്, 916, മൈ ഗോഡ്, അരവിന്ദന്റെ അതിഥികള്‍ എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. ഏറ്റവും പുതിയ ചിത്രമായ ഒരു ജാതി ജാതകം പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.
തന്റെ ആദ്യചിത്രമായ കഥ പറയുമ്പോളിനെക്കുറിച്ച് സംസാരിക്കുകയാണ് എം. മോഹനന്‍. ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന കാഴ്ച മമ്മൂട്ടി കരയുന്ന സീനാണെന്ന് എം. മോഹനന്‍ പറഞ്ഞു. അവസാനഭാഗത്ത് മമ്മൂട്ടിയുടെ സീനില്‍ അദ്ദേഹം ഒറിജിനലായാണ് കരഞ്ഞതെന്നും ആ ഡയലോഗ് പറയുന്ന സമയത്ത് അദ്ദേഹം കഥാപാത്രമായി ജീവിക്കുകയാണെന്ന് തോന്നിയെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടി മാത്രമല്ല, ആ സീന്‍ എഴുതിയ സമയത്ത് ശ്രീനിവാസനും കരഞ്ഞെന്ന് മോഹനന്‍ പറഞ്ഞു. ശ്രീനിവാസന്റെ ശീലമനുസരിച്ച് ഷൂട്ടിന്റെ തലേദിവസമാണ് സീന്‍ എഴുതാറുള്ളതെന്നും ആ സീന്‍ എടുക്കേണ്ടതിന്റെ തലേന്നാണ് അദ്ദേഹം അത് എഴുതിയതെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. സീന്‍ വാങ്ങാന്‍ വേണ്ടി അദ്ദേഹത്തിന്റെ റൂമില്‍ പോയപ്പോഴേക്ക് ശ്രീനിവാസന്‍ എഴുതിക്കഴിഞ്ഞിരുന്നെന്ന് മോഹനന്‍ പറഞ്ഞു.
താന്‍ ആ പേപ്പര്‍ വാങ്ങിയ സമയത്ത് ആ പേപ്പര്‍ നനഞ്ഞിരുന്നെന്നും കരഞ്ഞോ എന്ന് ശ്രീനിവാസനോട് ചോദിച്ചെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ശ്രീനിവാസന്‍ ആ സീന്‍ മമ്മൂട്ടിയോട് സീന്‍ പറഞ്ഞുകൊടുത്ത സമയത്തും പിന്നീട് അഭിനയിച്ചപ്പോഴും മമ്മൂട്ടിക്ക് കരച്ചില്‍ വന്നെന്നും മോഹനന്‍ പറഞ്ഞു. റിഹേഴ്‌സലായി ഷൂട്ട് ചെയ്ത സീന്‍ പിന്നീട് സിനിമയിലേക്ക് എടുത്തെന്നും അതാണ് ഇപ്പോള്‍ കാണുന്നതെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു എം. മോഹനന്‍.
‘കഥ പറയുമ്പോളിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് മമ്മൂക്ക കരയുന്ന സീനാണ്. ആ സീനില്‍ അദ്ദേഹം റിയലായി കരഞ്ഞതാണ്. ഡയലോഗ് പറയുന്ന സമയത്ത് അദ്ദേഹം ആ കഥാപാത്രത്തിന്റെ ആത്മാവിനെ തന്നിലേക്ക് ആവാഹിച്ചതുപോലെ തോന്നി. മമ്മൂക്ക മാത്രമല്ല, ശ്രീനിയേട്ടനും കരഞ്ഞിട്ടുണ്ടായിരുന്നു. ഷൂട്ടിന്റെ സമയത്തായിരുന്നില്ല അത്.
ശ്രീനിയേട്ടന്റെ ശീലമനുസരിച്ച് ഷൂട്ടിന്റെ തലേന്നാണ് സീന്‍ മുഴുവനായി എഴുതുന്നത്. ആ സീന്‍ എടുക്കുന്നതിന്റെ തലേന്ന് ഞാന്‍ പുള്ളിയുടെ റൂമിലേക്ക് പോയി. അപ്പോഴേക്ക് ശ്രീനിയേട്ടന്‍ സീന്‍ കംപ്ലീറ്റ് ചെയ്തു. ഞാന്‍ ആ പേപ്പര്‍ വാങ്ങിയപ്പോള്‍ അത് നനഞ്ഞിരിക്കുന്നത് കണ്ടു.
അദ്ദേഹത്തിന്റെ കണ്ണീര് ആ പേപ്പറില്‍ വീണിട്ടുണ്ടെന്ന് മനസിലായി. പിന്നീട് ആ സീന്‍ പറഞ്ഞുകൊടുത്തപ്പോഴും അഭിനയിച്ചപ്പോഴും മമ്മൂക്കക്ക് കരച്ചില്‍ വന്നു. ഒറിജിനല്‍ ക്രൗഡിനെ വെച്ചാണ് ആ പ്രസംഗിക്കുന്ന സീന്‍ ചെയ്തത്. ഒരു റിഹേഴ്‌സല്‍ പോലെ എടുക്കാമെന്ന് വിചാരിച്ച സീന്‍ പിന്നീട് ഫസ്റ്റ് ടേക്കായി മാറി. അത് പിന്നെ സിനിമയിലേക്കെടുത്തു,’ എം. മോഹനന്‍ പറഞ്ഞു.
Content Highlight: M Mohanan shares the shooting experience of Kadha Parayumbol movie