Entertainment
മാണിക്യക്കല്ല് ആ നടന്റെ സിനിമയാണെന്നായിരുന്നു സിനിമ കണ്ട ശേഷം രാജു എന്നോട് പറഞ്ഞത്: എം. മോഹനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 11, 03:59 pm
Tuesday, 11th February 2025, 9:29 pm

സത്യന്‍ അന്തിക്കാടിന്റെ സംവിധാനസഹായിയായി കരിയര്‍ ആരംഭിച്ചയാളാണ് എം. മോഹനന്‍. ശ്രീനിവാസന്‍, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് മോഹനന്‍ സ്വതന്ത്രസംവിധായകനായത്. പിന്നീട് മാണിക്യക്കല്ല്, 916, അരവിന്ദന്റെ അതിഥികള്‍, ഒരു ജാതി ജാതകം എന്നീ ചിത്രങ്ങള്‍ എം. മോഹനന്‍ അണിയിച്ചൊരുക്കി.

മാണിക്യക്കല്ല് എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് എം. മോഹനന്‍. മാണിക്യക്കല്ലിന്റെ സമയത്ത് പൃഥ്വിയില്‍ ഒരു സംവിധായകനെ കണ്ടിരുന്നുവെന്ന് മോഹനന്‍ പറഞ്ഞു. ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്തകൂടെയെന്ന് താന്‍ പൃഥ്വിയോട് ചോദിച്ചിരുന്നെന്നും അത് ചെയ്യുമെന്ന് അയാള്‍ മറുപടി തന്നെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

സബ്ജക്ടില്‍ പൃഥ്വി ഇടപെടുന്നതും അതില്‍ അഭിപ്രായം പറയുകയും ചെയ്യുന്നത് കാണുമ്പോള്‍ അയാളില്‍ ഒരു സംവിധായകനുണ്ടെന്ന് തനിക്ക് മനസിലായെന്ന് മോഹനന്‍ പറഞ്ഞു. ഓരോ സീനും പൃഥ്വിക്ക് വായിക്കാന്‍ കൊടുത്തിട്ട് അത് അയാളുടെ രീതിയില്‍ ചെയ്യാന്‍ ആവശ്യപ്പെടുമെന്നും അയാളുടെ ഇടപെടല്‍ സീനില്‍ നല്ല ഇംപാക്ട് കൊണ്ടുവരുമെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ കഥാപാത്രത്തെയും പൃഥ്വി മനസിലാക്കുന്ന രീതി മനോഹരമാണെന്നും മോഹനന്‍ പറഞ്ഞു. മാണിക്യക്കല്ലിലെ ഓരോ കഥാപാത്രത്തെയും അയാള്‍ കൃത്യമായി നിരീക്ഷിക്കാറുണ്ടായിരുന്നെന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. സിനിമ കണ്ടതിന് ശേഷം അത് സലിംകുമാറിന്റെ സിനിമയാണെന്ന് പൃഥ്വി അഭിപ്രായപ്പെട്ടെന്നും അത് തനിക്ക് ഇഷ്ടമായെന്നും മോഹനന്‍ പറഞ്ഞു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു എം. മോഹനന്‍.

‘മാണിക്യക്കല്ലിന്റെ സമയത്ത് തന്നെ പൃഥ്വി നല്ലൊരു സംവിധായകനാകുമെന്ന് എനിക്ക് അറിയാമായിരുന്നു. തനിക്ക് ഭാവിയില്‍ ഒരു സിനിമ സംവിധാനം ചെയ്തുകൂടെ എന്ന് ചോദിച്ചിട്ടുണ്ട്. ‘ചേട്ടാ, അതിനുള്ള സമയമായിട്ടില്ല, എന്തായാലും ഒരു സിനിമ ചെയ്യും’ എന്നായിരുന്നു രാജു തന്ന മറുപടി. അയാള്‍ ഓരോ സീനിലും ഇടപെടുന്ന രീതിയും അതില്‍ അഭിപ്രായം പറയുന്ന രീതിയും അത്രമാത്രം മികച്ചതാണ്.

ഓരോ സീനും ഞാന്‍ വായിക്കാന്‍ കൊടുത്തിട്ട് അത് അയാളുടെ രീതിയില്‍ അവതരിപ്പിക്കാന്‍ പറയും. പൃഥ്വി അതില്‍ കൊണ്ടുവരുന്ന മാറ്റവും അയാളുടേതായി നല്‍കുന്ന ഇന്‍പുട്ടും സിനിമക്ക് നല്ല ഇംപാക്ട് ഉണ്ടാക്കി. അത് മാത്രമല്ല, ഓരോ കഥാപാത്രത്തെയും അയാള്‍ മനസിലാക്കുന്ന രീതിയും നല്ലതാണ്. സിനിമ മുഴുവന്‍ കണ്ട ശേഷം ‘ചേട്ടാ, ഇത് ശരിക്ക് പറഞ്ഞാല്‍ സലിംകുമാറിന്റെ പടമാണ്’ എന്നായിരുന്നു അഭിപ്രായപ്പെട്ടത്. ആ ക്യാരക്ടറിനെ രാജു അത്രമാത്രം മനസിലാക്കിയിട്ടുണ്ട്,’ എം. മോഹനന്‍ പറഞ്ഞു.

Content Highlight: M Mohanan about Manikyakkallu movie and Prithviraj