തിരുവനന്തപുരം: നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയം നേരിട്ടതില്‍ പ്രതികരണവുമായി മന്ത്രിയും സി.പി.ഐ.എം നേതാവുമായ എം.ബി. രാജേഷ്. കടുത്ത വര്‍ഗീയതയില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് മൃദു വര്‍ഗീയതയാക്കി മാറ്റി ബി.ജെ.പിയെ നേരിടാനാവില്ല എന്നതാണ് കോണ്‍ഗ്രസ് മനസിലാക്കേണ്ട പാഠമെന്ന് എം.ബി. രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
പി.ആര്‍ ഏജന്‍സികള്‍ നിര്‍ദേശിക്കുന്ന കോമാളിത്തരങ്ങള്‍ കൊണ്ട് ഒരു രാഷ്ട്രീയ പോരാട്ടത്തെ അതിജീവിക്കാനാവില്ലെന്നും, ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മൗലികമായതും ചാഞ്ചാട്ടമില്ലാത്തതുമായ ഉറച്ച മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രീയം മുന്നോട്ട് വെക്കണമെന്നും എം.ബി. രാജേഷ് ചൂണ്ടിക്കാട്ടി.
എല്ലാം ഞങ്ങള്‍ ഒറ്റക്ക് ചെയ്‌തോളാം വേണമെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ പിന്നാലെ വന്നോളൂ എന്ന മനോഭാവവും മധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയോടെടുത്ത സമീപനാവും കോണ്‍ഗ്രസിന്റെ ദൗര്‍ബല്യത്തിന്റെ ഉദാഹരണങ്ങളാണെന്നും എം.ബി. രാജേഷ് പറഞ്ഞു. നിതീഷ് കുമാര്‍ കോണ്‍ഗ്രസിന് എതിരെ ഉയര്‍ത്തിയ വിമര്‍ശനവും ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം നിര്‍ണായകമായ അവസ്ഥയില്‍ നില്‍ക്കുമ്പോഴും പിടിവാശിയും ദുശ്ശാഠ്യവും ഉപേക്ഷിക്കാന്‍ കഴിയാത്ത ഹൃദയച്ചുരുക്കം ബാധിച്ച കോണ്‍ഗ്രസിന് എങ്ങനെയാണ് ഒരു ബദല്‍ സൃഷ്ടിക്കാനാവുകയെന്നും മന്ത്രി ചോദിച്ചു.
ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ പുലരണമെന്ന് ആഗ്രഹിക്കുന്ന ഒരു ഇടതുപക്ഷക്കാരനും ആഹ്ലാദിക്കുന്നില്ലെന്നും അതിന് കാരണം ഓരോ ഇടതുപക്ഷക്കാരന്റെയും ഉള്ളിലുള്ള രാഷ്ട്രീയമാണെന്നും അദ്ദേഹം കുറിച്ചു.
എല്ലാ മത നിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കും രാഷ്ട്രീയ നിലപാടിന്റെ ഉള്‍ക്കരുത്താണ് പ്രധാനം എന്ന പാഠമാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് നല്‍കുന്നതെന്നും എം.ബി. രാജേഷ് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
നാല് സംസ്ഥാന നിയമസഭകളിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പ് ഒറ്റനോട്ടത്തില്‍ തന്നെ സാമാന്യബുദ്ധിയുള്ള ആര്‍ക്കും ലളിതമായ ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. അതിനെക്കുറിച്ചു മാത്രമാണ് ഇവിടെ പറയുന്നത്. വിശദമായ വിലയിരുത്തലിനൊന്നും മുതിരുന്നില്ല. ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠം വെള്ളം ചേര്‍ക്കാത്ത, കടുത്ത വര്‍ഗീയതയെ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച മൃദു വര്‍ഗീയത കൊണ്ട് നേരിടാനാവില്ല എന്നതാണ്. സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെയും ബി.ജെ.പിയുടെ പ്രചരണ രീതികളുടെയും വികൃതാനുകരണങ്ങള്‍ കൊണ്ട് അവരെ തോല്‍പ്പിക്കാനാവില്ല.
പി.ആര്‍ ഏജന്‍സികള്‍ നിര്‍ദേശിക്കുന്ന വേഷങ്ങള്‍ കെട്ടിയാടുന്നത് പോലുള്ള കോമാളിത്തങ്ങള്‍ കൊണ്ട് ഒരു രാഷ്ട്രീയ പോരാട്ടത്തെ അതിജീവിക്കാനാവില്ല. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ അവരുടേതില്‍ നിന്നും മൗലികമായി വ്യത്യസ്തമായ, ചാഞ്ചാട്ടമില്ലാത്ത, ഉറച്ച മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രീയം മുന്നോട്ട് വക്കണം. ആ രാഷ്ട്രീയത്തിന് പിന്നില്‍ ജനങ്ങളെ അണിനിരത്താനാവണം. ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രതിപക്ഷ കക്ഷി നേരിടുന്ന പ്രശ്‌നം ആ രാഷ്ട്രീയത്തിന്റെ അഭാവമാണ്. ആ രാഷ്ട്രീയ ശൂന്യത ബാബറി മസ്ജിദ് ക്ഷേത്രാരാധനക്കായി തുറന്നു കൊടുത്തതും പിന്നീട് രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ചതിലും തുടങ്ങി പലസ്തീന്‍ പ്രശ്‌നത്തില്‍ നടത്തുന്ന ഒളിച്ചുകളി വരെ എവിടെയും കാണാം.
തങ്ങളുടേതല്ലാത്ത സര്‍ക്കാരുകളേയും രാഷ്ട്രീയ നേതാക്കളേയുമെല്ലാം അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുമ്പോള്‍ പുലര്‍ത്താറുളള അവസരവാദപരമായ മൗനവും കേരളത്തിലും മറ്റും ആ നടപടികള്‍ക്ക് നല്‍കാറുള്ള പ്രത്യക്ഷ പിന്തുണയും വേറെ ഒരു ഉദാഹരണം. സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം പി.ആര്‍ ഏജന്‍സികളില്‍ നിന്ന് കടം കൊള്ളാവുന്ന ഒന്നല്ല. ആ രാഷ്ട്രീയ ഉള്ളടക്കമില്ല എന്നത് കോണ്‍ഗ്രസിന്റെ സഹജമായ ദൗര്‍ബല്യമാണ്.
രണ്ടാമത്തെ കാര്യം, ഈ ദൗര്‍ബല്യത്തോടൊപ്പം മത നിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യം സാധ്യമാക്കാനുള്ള നേതൃമികവോ തന്ത്രജ്ഞതയോ വിശാല വീക്ഷണമോ പ്രകടിപ്പിക്കാന്‍ കഴിയാത്ത ഭാവനാദാരിദ്ര്യമാണ്. പഴയ പ്രതാപകാലത്ത് എന്നത് പോലെ ഇപ്പോഴും തുടരുന്ന മുഷ്‌ക്കും ധാര്‍ഷ്ട്യവുമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. എല്ലാം ഞങ്ങള്‍ ഒറ്റക്ക് ചെയ്‌തോളാം വേണമെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ പിന്നാലെ വന്നോളൂ എന്ന മനോഭാവം. മധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയോടെടുത്ത സമീപനം ഉദാഹരണമാണ്. നിതീഷ് കുമാര്‍ കോണ്‍ഗ്രസിന് എതിരെ ഉയര്‍ത്തിയ വിമര്‍ശനവും ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്.
രാജ്യം നിര്‍ണായകമായ ഒരു ചരിത്ര സന്ധിയില്‍ നില്‍ക്കുമ്പോഴും പിടിവാശിയും ദുശ്ശാഠ്യവും ഉപേക്ഷിക്കാന്‍ കഴിയാത്ത ഹൃദയച്ചുരുക്കം ബാധിച്ച ഇവര്‍ക്ക് എങ്ങനെയാണ് ഒരു ബദല്‍ സൃഷ്ടിക്കാനാവുക? ഇതോടെ ഉത്തരേന്ത്യയില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രമായി കോണ്‍ഗ്രസ് ചുരുങ്ങിയിരിക്കുന്നു. പിന്നെ ദക്ഷിണേന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലും കൂടിയാണ് കോണ്‍ഗ്രസ് ഉള്ളത്.
എന്നാല്‍ ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ പുലരണമെന്ന് ആഗ്രഹിക്കുന്ന ഒരു ഇടതുപക്ഷക്കാരനും ആഹ്ലാദിക്കുന്നില്ല. അതിന് കാരണം ഓരോ ഇടതുപക്ഷക്കാരന്റെയും ഉള്ളിലുള്ള രാഷ്ട്രീയമാണ്. നേരത്തെ ബംഗാളിലും പിന്നീട് ത്രിപുരയിലും ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായപ്പോള്‍ അല്‍പ ബുദ്ധികളായ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മതിമറന്നാഹ്ലാദിച്ചത് അവരുടെ ഉളളില്‍ ആ രാഷ്ട്രീയം തരിമ്പുമില്ലാത്തതു കൊണ്ടാണ്.
അതുകൊണ്ടാണ് ബി.ജെ.പിയെ നേര്‍ക്കുനേര്‍ നേരിടാനും പരാജയപ്പെടുത്താനും കോണ്‍ഗ്രസിന് കഴിയാത്തത്. പ്രാദേശിക പാര്‍ട്ടികള്‍ക്കെതിരെ വിജയം നേടാന്‍ തത്ക്കാലം അത്തരമൊരു രാഷ്ട്രീയത്തിന്റെ പിന്‍ബലം ഇല്ലെങ്കിലും കഴിഞ്ഞേക്കാം. പക്ഷേ ബി.ജെ.പിക്കെതിരെ അത് മതിയാവില്ല. ബി.ജെ.പിക്കെതിരായി ഉയര്‍ത്തേണ്ട ബദല്‍ ചാഞ്ചാട്ടമില്ലാത്ത മതനിരപേക്ഷതയിലും ജനപക്ഷ സാമ്പത്തിക നയങ്ങളിലും അടിയുറച്ച ഒരു ബദലാണ്.
ആ ബദലിന് രാഷ്ട്രീയ ആരുറപ്പും പ്രത്യയ ശാസ്ത്ര ദിശാബോധവും നല്‍കാന്‍ എണ്ണത്തില്‍ കുറവാണെങ്കിലും ശക്തമായ ഒരു ഇടതുപക്ഷം ഉണ്ടാവേണ്ടതുണ്ട്. 2014ന്റെ അനുഭവം അതിന് അടിവരയിടുന്നു. രാഷ്ട്രീയ നിലപാടിന്റെ ഉള്‍ക്കരുത്താണ് പ്രധാനം എന്ന പാഠം എല്ലാ മത നിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കും നല്‍കുന്നതാണ് ഇന്നത്തെ തെരഞ്ഞെടുപ്പ്.
Content Highlight: M.B. Rajesh took revenge for the defeat of the Congress in the election