വീട്ടുകാർക്കും അത് ബുദ്ധിമുട്ടായിരുന്നു, അവൻ ഇവിടെയില്ല എന്ന് പറഞ്ഞാൽ മതിയല്ലോ, ഞാൻ ചെന്നാലാണ് പ്രശ്നം: ലുക്മാൻ
Entertainment
വീട്ടുകാർക്കും അത് ബുദ്ധിമുട്ടായിരുന്നു, അവൻ ഇവിടെയില്ല എന്ന് പറഞ്ഞാൽ മതിയല്ലോ, ഞാൻ ചെന്നാലാണ് പ്രശ്നം: ലുക്മാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th January 2024, 8:04 am

യുവ താരങ്ങളിൽ ഉയർന്ന് വരുന്ന നടനാണ് ലുക്മാൻ അവറാൻ. യൂത്തിനിടയിൽ വലിയ സ്വീകാര്യത നേടാൻ ലുക്മാന് കഴിഞ്ഞിട്ടുണ്ട്.

ചെറിയ വേഷങ്ങളിൽ തന്റെ സിനിമ കരിയർ തുടങ്ങിയ ലുക്മാൻ ഇന്നൊരു നായക നടനായി മാറി കഴിഞ്ഞു. കരിയറിന്റെ തുടക്കത്തിലെ തന്റെ ജീവിതത്തെ കുറിച്ച് പറയുകയാണ് ലുക്മാൻ.

ആ സമയത്ത് കുടുംബത്തിലെ പരിപാടികൾക്ക്‌ പോവാൻ തനിക്ക് മടിയായിരുന്നു എന്നാണ് താരം പറയുന്നത്. എന്താണ് ചെയ്യുന്നതെന്ന ചോദ്യം എല്ലാവരും ചോദിക്കുമെന്നും അത് കാരണം പലപ്പോഴും ചില ഫങ്ഷൻസ് ഒഴിവാക്കിയിട്ടുണ്ടെന്നും ലുക്മാൻ പറഞ്ഞു. ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ ഒരു സുഖം തോന്നുന്നുണ്ടെന്നും ലുക്മാൻ പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.

‘പണ്ടൊക്കെ കുടുംബത്തിൽ എന്തെങ്കിലും പരിപാടിയൊക്കെ വരുമ്പോൾ ഞാൻ പോവാറില്ലായിരുന്നു. കല്യാണമൊക്കെ ഉണ്ടെങ്കിൽ പോവില്ലായിരുന്നു. കാരണം ഞാൻ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമല്ലോ. അത് വീട്ടുകാർക്കും ബുദ്ധിമുട്ടാണ്.

അവൻ എവിടെ എന്ന് ചോദിക്കുകയാണെങ്കിൽ അവൻ കൊച്ചിയിലാണ് എന്നെങ്ങാനും പറഞ്ഞാൽ പോരെ, ഞാൻ ചെന്നാലാണ് പ്രശ്നം. അപ്പോൾ എല്ലാവരും എന്താണ് നിന്റെ പരിപാടി, എന്താണ് നിന്റെ ഉദ്ദേശം എന്നൊക്കെ ചോദിക്കും.

അതുകൊണ്ട് തന്നെ അങ്ങനെയുള്ള പരിപാടിയൊക്കെ ഞാൻ അധികവും ഉപേക്ഷിക്കുമായിരുന്നു. പിന്നെ ചിലയിടത്തൊക്കെ ചെന്ന് പെടുമ്പോൾ മിണ്ടാതെ അകത്തേക്ക് ഇരിക്കും. മനസിൽ ഇങ്ങനെ തെറി പറയുന്നുണ്ടാവും, ശരിയാക്കി തരാമെടായെന്നൊക്കെ.


പക്ഷെ ഈ വേദനകളൊക്കെ അപ്പോൾ കേട്ടെങ്കിലും, പിന്നീട് അതൊരു സുഖമാണ്. പിന്നീട് ആ പറഞ്ഞവർ തന്നെ മാറ്റി പറയുമ്പോൾ നമുക്കൊരു സുഖമുണ്ടല്ലോ,’ലുക്മാൻ പറയുന്നു.

Content Highlight: Lukman Talk About His Struggling Period