നെയ്മറോട് ഞാനും മെസിയും അത് ചെയ്യരുതെന്ന് പറഞ്ഞു; അവൻ കേട്ടില്ല; സൂപ്പർ താരം
football news
നെയ്മറോട് ഞാനും മെസിയും അത് ചെയ്യരുതെന്ന് പറഞ്ഞു; അവൻ കേട്ടില്ല; സൂപ്പർ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th March 2023, 10:44 pm

നിലവിലെ പി.എസ്.ജി സ്‌ക്വാഡിലെ സൂപ്പർ താരങ്ങളാണ് മെസിയും നെയ്മറും. ഫ്രഞ്ച് ക്ലബ്ബിന്റെ അക്രമണ മുന്നേറ്റങ്ങളിൽ കുന്തമുനയാകാൻ ഇരു താരങ്ങൾക്കും സാധിച്ചിട്ടുണ്ട്. ക്ലബ്ബിലെ വലിയ സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും.

മുമ്പ് ബാഴ്സലോണയിൽ ഒരുമിച്ച് കളിച്ചിരുന്ന കാലത്താണ് ഫുട്ബോളിലെ ചിര വൈരികളായ ബ്രസീലിലെയും അർജന്റീനയിലേയും താരങ്ങളായ മെസിയും നെയ്മറും തമ്മിലുള്ള സൗഹൃദം ദൃഢപ്പെടുന്നത്.

പിന്നീട് 2017ൽ 222 മില്യൺ യൂറോയെന്ന റെക്കോഡ് തുകക്കാണ് നെയ്മർ പി.എസ്. ജിയിലേക്ക് ചേക്കേറിയത്. പിന്നീട് 2021ൽ മെസിയും പാരീസ് ക്ലബ്ബിലേക്ക് കൂടു മാറുകയായിരുന്നു.

എന്നാൽ നെയ്മറോട് ക്ലബ്ബ്‌ വിട്ട് പി.എസ്.ജിയിലേക്ക് പോകരുതെന്ന് താനും മെസിയും ഉപദേശിച്ചിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ ബാഴ്സലോണ സൂപ്പർ താരമായിരുന്ന ലൂയി സുവാരസ്.

ലാറ്റിനമേരിക്കൻ കൂട്ടുകെട്ടായ മെസി, നെയ്മർ, സുവാരസ് എന്നിവരടങ്ങിയ എം. എസ്.എൻ ത്രയം ബാഴ്സക്ക് നിരവധി കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്.


ഫുട്ബോൾ എസ്പാനക്ക് നൽകിയ അഭിമുഖത്തിലാണ് നെയ്മർ ബാഴ്സ വിടരുതെന്ന് താനും മെസിയും ഉപദേശിച്ചതായി സുവാരസ് വെളിപ്പെടുത്തിയത്.

“എനിക്ക് ഉറപ്പാണ് നെയ്മർ ബാഴ്സയിൽ തുടർന്നിരുന്നെങ്കിൽ അവന് ബാലൻ ഡി ഓർ ലഭിച്ചേനെ,’ സുവാരസ് പറഞ്ഞു.
“അവൻ ഞങ്ങളുടെ വാക്ക് കേട്ട് ബാഴ്സയിൽ നിൽക്കാമെന്ന് സമ്മതിച്ചതായിരുന്നു. പക്ഷെ ബാഴ്സ വിടാൻ അവന് അവന്റെ ചുറ്റുപാടുകളിൽ നിന്നും ധാരാളം നിർദേശം ലഭിച്ചു.

സുഹൃത്തുക്കൾ എന്ന നിലയിൽ ബാഴ്സയിൽ തുടരാൻ കഴിയുന്നതും ഞങ്ങൾ അവനെ ഉപദേശിച്ചതാണ്. പക്ഷെ അവന്റെ കുടുംബത്തിന്റെ തീരുമാനം നെയ്മർ ഫ്രാൻസിലേക്ക് പോകണമെന്നതായിരുന്നു,’ സുവാരസ് കൂട്ടിച്ചേർത്തു.

അതേസമയം ലാ ലിഗയിൽ 23 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളുമായി 59 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്സ. വലൻസിയക്കെതിരെ മാർച്ച് നാലിനാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Luis Suarez reveals he and Lionel Messi told Neymar about PSG transfer