Football
'മത്സരബുദ്ധിയുള്ള ഒരു കളിക്കാരന്‍ ഇങ്ങനെയായിരിക്കണം'; മെസിയെ പ്രശംസിച്ച് സുവാരസ്
അമേരിക്കയിലെത്തിയതിന് ശേഷം എം.എല്‍.എസ് ലീഗില്‍ മികച്ച പ്രകടനമാണ് ലയണല്‍ മെസി കാഴ്ചവെക്കുന്നത്. ഇന്റര്‍ മയാമി ജേഴ്സിയില്‍ മെസിയെത്തിയതിന് ശേഷം കളിച്ച ഒമ്പത് മത്സരങ്ങളിലും ക്ലബ്ബ് വിജയിച്ചിരുന്നു. ന്യൂ യോര്‍ക്ക് റെഡ് ബുള്‍സിനെതിരെ മേജര്‍ സോക്കര്‍ ലീഗില്‍ നടന്ന മെസിയുടെ അരങ്ങേറ്റ മത്സരത്തിലും ജയം ഇന്റര്‍ മയാമിക്കൊപ്പമായിരുന്നു.
ഒരു വലിയ ഇടവേളക്ക് ശേഷമാണ് എം.എല്‍.എസില്‍ മയാമി വിജയിക്കുന്നത്. ഇതുവരെ പതിനൊന്ന് ഗോളും ആറ് അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.
അമേരിക്കന്‍ ലീഗില്‍ കളിക്കാനെടുത്ത മെസിയുടെ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുയാണ് ബാഴ്‌സലോണയില്‍ മെസിയുടെ സഹതാരവും അടുത്ത സുഹൃത്തുമായ ലൂയിസ് സുവാരസ്.
ഫുട്‌ബോള്‍ ആസ്വദിക്കുന്നതിനായി മെസി മികച്ച തീരുമാനമാണെടുത്തിരിക്കുന്നതെന്നും അദ്ദേഹത്തിനവിടെ വിജയ ഗാഥ തുടരാന്‍ സാധിക്കുന്നുണ്ടെന്നും സുവാരസ് പറഞ്ഞു. മത്സരബുദ്ധിയുള്ള ഒരു കളിക്കാരന്‍ ഇങ്ങനെയായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് എല്‍ ഫുട്‌ബോളെറോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘സ്വയം ആസ്വദിക്കുന്നതിനും ഫുട്‌ബോളില്‍ മികച്ച സമയം ചെലവഴിക്കുന്നതിനുമായി അദ്ദേഹം മികച്ച തീരുമാനമാണ് എടുത്തതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മാത്രമല്ല, അദ്ദേഹത്തിനവിടെ തന്റെ വിജയ ഗാഥ തുടരുവാനും സാധിക്കുന്നുണ്ട്.
ഇതിനകം തന്നെ അദ്ദേഹം ഇന്റര്‍ മയാമിക്കായി ഒരു ട്രോഫി നേടിക്കഴിഞ്ഞു. ഇപ്പോള്‍ മറ്റൊരു കിരീട നേട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. മത്സരബുദ്ധിയുള്ള ജയം ലക്ഷ്യമിടുന്ന ഒരു കളിക്കാരന്റെ മെന്റാലിറ്റി ഇങ്ങനെയായിരിക്കണം എന്നാണ് ഞാന്‍ കരുതുന്നത്,’ സുവാരസ് പറഞ്ഞു.
ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റനിര സഖ്യത്തിന്റെ ഭാഗമായിരുന്നു ലയണല്‍ മെസിയും ലൂയിസ് സുവാരസും. ഇരുവരും വളരെയടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ബാഴ്സലണോയുടെ സുവര്‍ണകാലഘട്ടത്തില്‍ മെസിയുടെ കൂടെ തന്നെയുണ്ടായിരുന്ന പ്രധാന താരമാണ് സുവാരസ്.
സുവാരസ് എത്തിയതിന് ശേഷമുള്ള ആറു വര്‍ഷങ്ങളില്‍ ബാഴ്‌സലോണ നേടിയ 70 ശതമാനം ഗോളുകളിലും ഇവര്‍ രണ്ട് പേരിലൊരാള്‍ പങ്കു വഹിച്ചിട്ടുണ്ട്. 2020നായിരുന്നു സുവാരസ് ബാഴ്സ വിട്ടത്. പിന്നീട് മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കൊ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു.
Content Highlights: Luis Suarez praises Lionel Messi