കരിയറിന്റെ അവസാന നിമിഷങ്ങള്‍ അവനൊപ്പമാകണമെന്ന് പ്രതീക്ഷ, നെയ്മറിന്റെ കാര്യം എന്താണെന്ന് അറിയില്ല: സുവാരസ്
Sports News
കരിയറിന്റെ അവസാന നിമിഷങ്ങള്‍ അവനൊപ്പമാകണമെന്ന് പ്രതീക്ഷ, നെയ്മറിന്റെ കാര്യം എന്താണെന്ന് അറിയില്ല: സുവാരസ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd August 2024, 8:30 pm

കരിയറിന്റെ അവസാന ഘട്ടത്തില്‍ താനും മെസിയും ഒരുമിച്ച് കളത്തിലിറങ്ങുമെന്ന ബാഴ്‌സലോണയുടെ മുന്‍ ഉറുഗ്വേ താരം ലൂയിസ് സുവാരസിന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എം.എസ്.എന്‍ ത്രയത്തിലെ മൂന്നാമനായ നെയ്മറിന്റെ കാര്യം എന്താകുമെന്ന് തനിക്ക് അറിയില്ലെന്നും സുവാരസ് പറഞ്ഞു.

അവസാന നാളുകളില്‍ തനിക്കും മെസിക്കും ഒരേ ക്ലബ്ബുകളില്‍ ബൂട്ടുകെട്ടാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആല്‍ബിസെലസ്റ്റ ടോക്കിനോട് സംസാരിക്കുമ്പോഴാണ് സുവാരസ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

 

‘നെയ്മറും ഒപ്പം ഇരിക്കുമ്പോഴാണ് ഇക്കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. കരിയറിന്റെ അവസാന നാളുകള്‍ ഒരേ ക്ലബ്ബില്‍ ചെലവഴിക്കാനാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ഫുട്‌ബോള്‍ അതിമനോഹരമായി ആസ്വദിക്കുകയും ഒരുമിച്ച് വിരമിക്കുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. നെയ്മറിന്റെ കാര്യം എങ്ങനെയെന്ന് എനിക്കറിയില്ല. പക്ഷെ ഞാനും മെസിയും ഒരുമിച്ചായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്,’ സുവാരസ് പറഞ്ഞു.

ബാഴ്‌സലോണയില്‍ കളിച്ചിരുന്ന സമയത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന മൂവരും പിന്നീട് ക്ലബ്ബ് വിടുകയായിരുന്നു. മെസിക്കൊപ്പം ബ്ലൂഗ്രാന ജേഴ്‌സിയില്‍ കളിച്ച 258 മത്സരങ്ങളില്‍ നിന്ന് 99 ഗോള്‍ അക്കൗണ്ടിലാക്കാന്‍ സുവാരസിന് സാധിച്ചിട്ടുണ്ട്. നെയ്മറിനൊപ്പം 124 മത്സരങ്ങളിലാണ് സുവാരസ് പ്രത്യക്ഷപ്പെട്ടത്. 40 ഗോളുകളായിരുന്നു സമ്പാദ്യം.

സുവാരസിന്റെ പ്രതീക്ഷകള്‍ ഒട്ടും തെറ്റാതെ ഇരുവരും ഇപ്പോള്‍ ഒരു ടീമിന് വേണ്ടിയാണ് പന്തുതട്ടുന്നത്. പി.എസ്.ജിയില്‍ നിന്നും എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് കൂടുമാറിയപ്പോള്‍ ഇറ്റാലിയന്‍ ക്ലബ്ബായ ഗ്രെമിയോയില്‍ നിന്നാണ് സുവാരസ് അമേരിക്കന്‍ മണ്ണിലേക്കെത്തിയത്.

ഇവര്‍ക്ക് പുറമെ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ഡി ആല്‍ബ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയും മയാമി സ്വന്തമാക്കിയിരുന്നു.

അതേസമയം, 2017ല്‍ ബാഴ്‌സയില്‍ നിന്നും റെക്കോഡ് തുകയ്ക്ക് പി.എസ്.ജിയിലെത്തിയ നെയ്മര്‍ 2023 വരെ പി.എസ്.ജിക്കൊപ്പം തുടര്‍ന്നു. ഫ്രഞ്ച് വമ്പന്‍മാര്‍ക്കൊപ്പം അഞ്ച് തവണ ലീഗ് വണ്‍ കിരീടമണിഞ്ഞ നെയ്മര്‍ നാല് തവണ ഫ്രഞ്ച് സൂപ്പര്‍ കപ്പും മൂന്ന് തവണ ഫ്രഞ്ച് കപ്പും രണ്ട് ഫ്രഞ്ച് ലീഗ് കപ്പും സ്വന്തമാക്കി.

 

എന്നാല്‍ പി.എസ്.ജി വിട്ട് സൗദിയിലേക്ക് പറന്ന നെയ്മറിനെ സംബന്ധിച്ച് കാര്യങ്ങള്‍ ഒന്നും പ്രതീക്ഷിച്ചതുപോലെ നടന്നില്ല. പരിക്കിന് പിന്നാലെ പരിക്കുമായി താരത്തിന്റെ കരിയര്‍ തന്നെ ചോദ്യ ചിഹ്നമായി തുടരുകയാണ്.

അതേസമയം, എം.എല്‍.എസില്‍ മയാമി അടുത്ത മത്സരത്തിനൊരുങ്ങുകയാണ്. ചെയ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എഫ്.സി സിന്‍സിനാട്ടിയാണ് എതിരാളികള്‍. പരിക്കിന്റെ പിടിയിലകപ്പെട്ട മെസി ഈ മത്സരത്തിലും മയാമിക്കായി കളത്തിലിറങ്ങില്ല.

 

Content highlight: Luis Suarez on playing with Messi at the end of his career