ഉറുഗ്വേയുടെ എക്കാലത്തെയും മികച്ച താരം ലൂയി സുവാരസിന്റെ വിമരിക്കല്‍ പ്രഖ്യാപനം ഏറെ സങ്കടത്തോടെയാണ് ആരാധകര്‍ കേട്ടത്. ദേശീയ തലത്തിലും ക്ലബ്ബ് തലത്തിലും നിരവധി ഐതിഹാസിക നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് താരം പടിയിറങ്ങുന്നത്.
പടിയിറങ്ങുന്ന വേളയില്‍ തന്റെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷത്തെ കുറിച്ച് വ്യക്തമാക്കുകയാണ് സുവാരസ്. 2011ല്‍ പരാഗ്വായെ തകര്‍ത്ത് കോപ്പ അമേരിക്ക കിരീടം ചൂടിയതാണ് സുവാരസ് കരിയറിലെ ഏറ്റവും മികച്ച നിമിഷമായി അടയാളപ്പെടുത്തുന്നത്.
‘എന്റെ കരിയറില്‍ നിരവധി കിരീടങ്ങള്‍ നേടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ ലോകത്തിലെ മറ്റെന്തിനും വേണ്ടി കോപ്പ അമേരിക്ക കിരീടം പകരം നല്‍കാന്‍ ഞാന്‍ ഒരുക്കമല്ല.
ഒരു പ്രോഫഷണല്‍ ഫുട്‌ബോളറെന്ന നിലയില്‍ 2011ലെ കോപ്പ അമേരിക്ക കിരീടം നേടിയതാണ് എന്റെ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷം. മറ്റൊന്നിനും തന്നെ ഇതിന് പകരമാകാന്‍ സാധിക്കില്ല, ഞാന്‍ മറ്റു പല നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട് എന്നതും ഓര്‍മിപ്പിക്കട്ടെ,’ സുവാരസ് പറഞ്ഞു.
റിവര്‍ പ്ലേറ്റിന്റെ ഹോം സ്‌റ്റേഡിയമായ ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണുമെന്റലില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഉറുഗ്വേ എതിരാളികളെ തകര്‍ത്തുവിട്ടത്.
മത്സരത്തില്‍ സുവാരസ് ആദ്യ ഗോള്‍ നേടിയപ്പോള്‍ ഡിഗോ ഫോര്‍ലാന്‍ ഇരട്ട ഗോളും നേടി. സുവാരസിനെയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തത്.
2007ലാണ് സുവാരസ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. 142 നാഷണല്‍ അപ്പിയറന്‍സില്‍ നിന്നും 69 തവണയാണ് ഗണ്‍ഫൈറ്റര്‍ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.
നാഷണല്‍ ടീമിന് വേണ്ടി നാല് ലോകകപ്പുകളിലും സുവാരസ് പന്ത് തട്ടിയിരുന്നു. 2010, 2014, 2018, 2022 ലോകകപ്പുകളിലാണ് താരം ഉറുഗ്വേയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയത്. ഇതോടെ നാലോ അതിലധികമോ തവണ ലോകകപ്പുകളില്‍ കളിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാനും സുവാരസിന് സാധിച്ചു.
ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, പെലെ, മിറോസ്ലാവ് ക്ളോസെ എന്നിവരാണ് ഫുട്ബോളില്‍ നാലോ അതില്‍ കൂടുതലോ ലോകകപ്പുകളില്‍ കളിച്ച താരങ്ങള്‍.
ഇതിന് പുറമെ ക്ലബ്ബ് തലത്തിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ബാഴ്‌സലോണക്കും ലിവര്‍പൂളിനുമൊപ്പം രണ്ട് വിവിധ ലീഗുകളില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ സുവാരസ് മൂന്ന് തവണ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും നേടിയിരുന്നു.
ബാഴ്‌സലോണക്കൊപ്പം ചാമ്പ്യന്‍സ് ലീഗ്, ക്ലബ്ബ് വേള്‍ഡ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് നേട്ടങ്ങള്‍ ഓരോ തവണ സ്വന്തമാക്കിയ താരം ലാ ലീഗ കിരീടവും സ്പാനിഷ് കപ്പും നാല് തവണയും സ്പാനിഷ് സൂപ്പര്‍ കപ്പ് രണ്ട് തവണയും സ്വന്തമാക്കി. അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പവും സുവാരസ് സ്‌പെയ്‌നിന്റെ ചാമ്പ്യനായി.
ലിവര്‍പൂളിനായി ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയ സുവാരസ് അയാക്‌സ് ആംസ്റ്റര്‍ഡാമിനായി ഡച്ച് കപ്പും എറഡിവൈസി കിരീടവും നേടി. ഉറുഗ്വേ ക്ലബ്ബായ എല്‍ നാഷണലിനൊപ്പം മൂന്ന് ലീഗ് കിരീടവും താരം സ്വന്തമാക്കിയിരുന്നു.
2026 ലോകകപ്പ് യോഗ്യതയില്‍ പരാഗ്വക്കെതിരെയുള്ള മത്സരത്തിലായിരിക്കും അവസാനമായി സുവാരസ് നാഷണല്‍ ജേഴ്സി അണിയുക. സെപ്റ്റംബര്‍ ആറിന് സ്വന്തം തട്ടകമായ സെന്റിനാരിയോയിലാണ് മത്സരം നടക്കുക.
Content Highlight: Luis Suarez about his favorite moment