Entertainment news
എയറില്‍ കേറാനൊരുങ്ങി ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് , സ്റ്റണ്ട് സീനുമായി പുതിയ പാട്ടെത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 27, 02:35 pm
Tuesday, 27th September 2022, 8:05 pm

പൃഥിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി മലയാളികള്‍ക്ക് രോമാഞ്ചമായ സിനിമയാണ് ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പൃഥ്വിയുടെ സംവിധാനത്തില്‍ അടിമുടി മോഹന്‍ലാല്‍ അരങ്ങ് തകര്‍ത്ത ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലും ലുക്കിലുമായിരുന്നു അദ്ദേഹം എത്തിയത്.

ബോളിവുഡ് താരം വിവേക് ഒബ്റോയ് ആയിരുന്നു വില്ലന്‍ വേഷത്തിലെത്തിയത്. ഇരുവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ച വെച്ചത്. ആക്ഷന്‍ മാസ്മരികത നിറഞ്ഞ ലൂസിഫര്‍ ഇന്നും മലയാളികള്‍ക്ക് പുതുമയുള്ള ചിത്രമാണ്.

ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ചിരഞ്ജീവിയെ നായകനാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍, നയന്‍താര, മുരളി ശര്‍മ തുടങ്ങിയവരും മറ്റ് വേഷങ്ങളില്‍ എത്തുന്നുണ്ട്. കൂടാതെ ഒരു പാട്ട് സീനില്‍ പ്രഭു ദേവയും വരുന്നുണ്ട്.

മോഹന്‍ലാല്‍ അരങ്ങുവാണ ചിത്രമെങ്ങനെയായിരിക്കും തെലുങ്കില്‍ ചിത്രീകരിക്കുക എന്നറിയാന്‍ ലൂസിഫര്‍ ആരാധകര്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു. സിനിമയിലെ പുതിയ ലിറിക്കല്‍ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.

ലൂസിഫറിലെ ഫാക്ടറി ഫൈറ്റ് സീനിന്റെ റീമേക്കാണ് പുതിയ പാട്ടില്‍ കാണുന്നത്. ലൂസിഫര്‍ കണ്ട ഒരാളും എളുപ്പത്തില്‍ മറക്കാന്‍ സാധ്യതയില്ലാത്ത ഈ സീനില്‍ മോഹന്‍ലാല്‍ എന്ന കംപ്ലീറ്റ് ആക്ടറിനെ മുഴുവനായി ആവാഹിച്ചെടുത്താണ് പൃഥ്വി സീന്‍ പൂര്‍ണമാക്കിയത്.

എന്നാല്‍ തെലുങ്കിലേക്ക് വരുമ്പോള്‍ ചിരഞ്ജീവിയെ വെച്ച് വളരെ അമാനുഷികമായി തോന്നുന്ന രീതിയിലാണ് സ്റ്റണ്ട് സീന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. തിയേറ്ററാകെ ഇളക്കി മറിച്ച ഈ സീന്‍ തെലുങ്കിലേക്ക് വരുമ്പോള്‍ കുറച്ച് ഓവറായിപോയോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്.

മോഹന്‍ലാലിന് പകരമായി വരുന്ന ചിരഞ്ജീവിയെ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകര്‍ എയറില്‍ കയറ്റിയിട്ടുണ്ട്. ഈ പാട്ട് സീന്‍ പുറത്ത് വന്നതോടെ കൂടുതല്‍ ട്രോളുകള്‍ എത്തുമെന്നതില്‍ സംശയമില്ല. നേരത്തെ ടീസറും ലിറിക്കല്‍ വീഡിയോയും ഇറങ്ങിയപ്പോഴും ഒരുപാട് ട്രോളുകള്‍ ചിരഞ്ജീവിക്കും സല്‍മാല്‍ഖാനും നേരെയുണ്ടായിരുന്നു.

അനന്ത ശ്രീറാം രചിച്ച വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശ്രീകൃഷ്ണയും പ്രൂദ്‌വി ചന്ദ്രയും ചേര്‍ന്നാണ്. ഗോഡ്ഫാദറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സല്‍മാന്‍ ഖാനാണ്.മഞ്ജുവാര്യര്‍ക്ക് പകരം എത്തുന്നത് നയന്‍താരയുമാണ്. പുരി ജഗന്നാഥ്, സത്യദേവ് കാഞ്ചരണ എന്നിവരും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ചിത്രം സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയാണ്. രാം ചരണ്‍, ആര്‍ ബി ചൗധരി, എന്‍ വി പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് തമന്‍ എസ് ആണ്.

Content Highlight: lucifer movie telugu remake new lyrical video out