നൂറുകോടി ക്ലബ്ബില്‍ ലൂസിഫര്‍; നേട്ടം എട്ടുദിവസം കൊണ്ട്
കോഴിക്കോട്: മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ നൂറുകോടി ക്ലബ്ബില്‍. ലോക ബോക്‌സോഫീസില്‍ നൂറുകോടി ഗ്രോസ് കളക്ഷന്‍ കടന്നതായി സിനിമയുടെ നിര്‍മാതാക്കളായ ആശീര്‍വാദ് സിനിമാസാണ് ഫേസ്ബുക്കില്‍ കുറിച്ചത്.
റിലീസ് ചെയ്ത എട്ടുദിവസത്തിനുള്ളിലാണ് ലൂസിഫര്‍ ഈ നേട്ടം കൈവരിച്ചത്.
ആശീര്‍വാദ് സിനിമാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘പ്രിയപ്പെട്ടവരേ,
വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ”ലൂസിഫര്‍” എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്‌സോഫിസില്‍ കടന്നു എന്നറിയിച്ചുകൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്‌നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ
ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്‌നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫര്‍’ നടത്തിക്കൊണ്ടിരിക്കുന്നത്.
നിങ്ങളെയേവരെയും
ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ”ലൂസിഫ”റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം.
എന്ന്,
നിങ്ങളുടെ സ്വന്തം
Team L’
മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ്. കൂടാതെ ബോളിവുഡ് താരം വിവേക് ഒബ്‌റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായികുമാര്‍, ബാല, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
തിരുവനന്തപുരം, എറണാകുളം, കൊല്ലം, ലക്ഷദ്വീപ്, മുംബൈ, ബാംഗ്ലൂര്‍, റഷ്യ എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം മാര്‍ച്ച് 28-നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
ഗള്‍ഫിനു പുറമേ യു.എസ്, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു.