Kerala News
വഖഫ് ബില്‍; ഇനി നിയമപോരാട്ടത്തിന്റെ കാലമെന്ന് സുപ്രഭാതം എഡിറ്റോറിയല്‍, പ്രിയങ്കയ്ക്കും രാഹുലിനും വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 04, 08:00 am
Friday, 4th April 2025, 1:30 pm

കോഴിക്കോട്: ബാബരിക്ക് ശേഷം രാജ്യത്തെ മുസ്ലിങ്ങള്‍ക്കും ഇന്ത്യന്‍ മതേതരത്വത്തിനുമെതിരെ സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് വഖഫ് ബില്ലെന്ന് സുപ്രഭാതം ദിനപത്രം.

ഇനി നിയമപോരാട്ടത്തിന്റെയും രാഷ്ട്രീയ സമരങ്ങളുടെയും കാലമാണെന്നും സുപ്രഭാതം പറയുന്നു. സുപ്രഭാതം എഡിറ്റോറിയലിലാണ് വഖഫ് ഭേദഗതി ബില്ലിനെതിരായ വിമര്‍ശനം. ‘ഇനി നിയമപോരാട്ടത്തിന്റെ കാലം’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍.

അര്‍ധരാത്രിക്കിപ്പുറം നീണ്ട ചര്‍ച്ചകളില്‍ വഖഫ് ബില്ലിനെ ഇരുസഭകളിലുമായി ചെറുക്കുകയും എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കളോട് നന്ദി അറിയിക്കുന്നതായും സുപ്രഭാതം പറഞ്ഞു. വിജയിക്കാനായില്ലെങ്കിലും പ്രതിപക്ഷത്തിന്റെ യോജിപ്പും കഠിനാധ്വാനവും ചരിത്രം അടയാളപ്പെടുത്തുമെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടി.

 

പ്രതിപക്ഷ കക്ഷികളെ ഒന്നിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും തൃണമൂലിന്റെയും ഡി.എം.കെയുടെയും പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്നും സുപ്രഭാതം പറയുന്നു.

എന്നാല്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുമ്പോഴും ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെയും വയനാട് എം.പിയായ പ്രിയങ്ക ഗാന്ധിയെയും സുപ്രഭാതം വിമര്‍ശിക്കുന്നുണ്ട്.

മുസ്‌ലിങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ ബി.ജെ.പി ബുള്‍ഡോസ് ചെയ്യുമ്പോള്‍ പ്രിയങ്ക ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യം എക്കാലത്തും മായാതെ നില്‍ക്കുമെന്നാണ് സുപ്രഭാതം ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ബില്ലില്‍ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് സംസാരിച്ചില്ലെന്ന ചോദ്യവും ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നും എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ട്.

അതേസമയം ബില്ലിലെ വകുപ്പുകള്‍ കീറിമുറിച്ച് ലോക്‌സഭയില്‍ ഗൗരവ് ഗൊഗോയിയും കല്യാണ്‍ ബാനര്‍ജിയും ഒവൈസിയും ഹൈബി ഈഡനും നടത്തിയ പ്രസംഗങ്ങള്‍ ബില്ലിലെ സര്‍ക്കാരിന്റെ ദുഷ്ടലാക്കിനെ തുറന്നുകാട്ടിയെന്നും സുപ്രഭാതം ചൂണ്ടിക്കാട്ടി.

കെ.സി. വേണുഗോപാലും ഇ.ടി. മുഹമ്മദ് ബഷീറും എന്‍.കെ. പ്രേമചന്ദ്രനും കെ. രാധാകൃഷ്ണനുമെല്ലാം ബില്ലിലെ ഒളിഞ്ഞിരിക്കുന്ന അജണ്ടകള്‍ പുറത്തെടുത്തിട്ട് കടിച്ചുകുടഞ്ഞുവെന്നും സുപ്രഭാതം പറഞ്ഞു.

14 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് രാജ്യസഭ വഖഫ് ഭേദഗതി ബില്‍ പാസാക്കിയത്. സഭയിലെ 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 എതിര്‍ത്തും വോട്ട് ചെയ്തു. അതേസമയം പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗഗതികള്‍ വോട്ടിനിട്ടത്തിന് ശേഷം തള്ളി. ഇന്ത്യ മുന്നണിക്ക് രാജ്യസഭയില്‍ 88 അംഗങ്ങള്‍ ആണ് ഉണ്ടായിരുന്നത്. എന്നിട്ടും ഏഴ് വേട്ടുകള്‍ അധികമായി ലഭിച്ചു. ഭരണപക്ഷത്തിനും മൂന്ന് വോട്ടുകള്‍ അധികമായി ലഭിച്ചു.

രാജ്യസഭ ബില്‍ പാസാക്കിയതോടെ വഖഫ് ഭേദഗതിക്ക് പാര്‍ലമെന്റിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. ലോക്‌സഭയില്‍ ബില്‍ ബില്‍ പാസായി ഒരു ദിവസത്തിന് ശേഷം, വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്.

Content Highlight: Waqf Bill; Now is the time for legal battle, says Suprabhatham editorial, criticizes Priyanka and Rahul