Advertisement
Film News
'നമ്മള്‍ കണ്ടതൊന്നും അല്ല ലിയോ, ലിയോ വേറെന്തോ ആണ്'; ലോകേഷിന്റെ ഡീകോഡിങ്ങിനും സമ്മിശ്ര പ്രതികരണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 30, 11:51 am
Monday, 30th October 2023, 5:21 pm

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രം. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിന്റെ ഹൈപ്പുയര്‍ത്തി.

എന്നാല്‍ റിലീസ് ദിനം മുതല്‍ തന്നെ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ഫസ്റ്റ് ഹാഫ് ഗംഭീരമായെന്ന് പറഞ്ഞ പ്രേക്ഷകര്‍ സെക്കന്റ് ഹാഫിലെ ലിയോയുടെ ഫ്ളാഷ് ബാക്കിനെതിരെയാണ് വിമര്‍ശനമുന്നയിച്ചത്. ഈ ഭാഗം ടിപ്പിക്കല്‍ വിജയ് ചിത്രങ്ങള്‍ പോലെയായി എന്നായിരുന്നു വിമര്‍ശനം.

കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശനങ്ങള്‍ക്ക് ലോകേഷ് വിശദീകരണം നല്‍കിയിരുന്നു. ചിത്രത്തില്‍ കാണിച്ച ഫ്‌ളാഷ് ബാക്ക് കള്ളമാവാന്‍ സാധ്യതയുണ്ടെന്നാണ് ലോകേഷ് പറഞ്ഞത്.

ലിയോ ആരാണെന്ന് പാര്‍ത്ഥിപന്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത് സത്യമാവാനും കള്ളമാവാനും സാധ്യതയുണ്ടെന്നും ലോകേഷ് പറഞ്ഞു. ഇത് പ്രേക്ഷകര്‍ക്ക് പെട്ടെന്ന് മനസിലാകാതിരിക്കാന്‍ നിര്‍ണായകമായ ഒരു ഡയലോഗ് കട്ട് ചെയ്ത് കളഞ്ഞെന്നും ലോകേഷ് പറഞ്ഞു. എന്നാല്‍ ലോകേഷിന്റെ വെളിപ്പെടുത്തലിനും സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്.

സിനിമയാണ് സംസാരിക്കേണ്ടതെന്നും അല്ലാതെ റിലീസിന് ശേഷം സംവിധായകന് അത് വിശദീകരിക്കേണ്ടി വരുന്നത് സിനിമയുടെ പരിമിതിയാണ് കാണിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു. ഒരു സിനിമ എടുത്ത് വെച്ചിട്ട്, അത് റിലീസായ ശേഷം സംവിധായകന്‍ ഇന്റര്‍വ്യൂവില്‍ വന്നിട്ട് അത് ഇങ്ങനെ അല്ല, അത് അങ്ങനെ അല്ല, ഇത് ഇങ്ങനെ ആണ്, അത് അങ്ങനെ വരാം എന്നൊക്കെ പറയുന്നത് മണ്ടത്തരം ആണെന്നും കമന്റുകളുണ്ട്. നമ്മള്‍ കണ്ടത് ഒന്നും അല്ല ലിയോ, ലിയോ വേറെ എന്തോ ഒന്ന് ആണെന്നാണ് ലോകേഷ് പറയുന്നതെന്നും പരിഹാസമുണ്ട്.

ആദ്യമായിട്ടാണ് ഒരു സംഭവം പടച്ചു വെച്ചിട്ട് അതങ്ങനെ അല്ല, ഇങ്ങനാണ് എന്നൊക്കെ ലോകേഷിന് പറയേണ്ടി വരുന്നതെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചു. കൈതിയോ വിക്രമോ ചെയ്തതിന് ശേഷം ഇദ്ദേഹത്തിന് ഇങ്ങനെ വിശദീകരിക്കേണ്ടി വന്നിട്ടില്ലല്ലോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

ചെയ്തു വെച്ചത് ന്യായീകരിക്കേണ്ടി വരുന്നത് അദ്ദേഹത്തിലെ ക്രാഫ്റ്റ്മാനിലെ തോല്‍വിയാണ് സൂചിപ്പിക്കുന്നതെന്നാണ് ഒരു കമന്റ്.

സിനിമയുടെ സെക്കന്റ് ഹാഫില്‍ യൂണിവേഴ്‌സിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഏതെങ്കിലും തരത്തിലുള്ള കണക്ഷനോ അല്ലെങ്കില്‍ വരും പാര്‍ട്ടില്‍ അങ്ങനെ ഉണ്ടാവും എന്ന് സൂചന തരുന്ന പോര്‍ഷന്‍സോ തരാതെ ഇന്റര്‍വ്യൂവില്‍ വന്നിരുന്ന് ഓരോ കഥാപാത്രങ്ങള്‍ തമ്മില്‍ ഇങ്ങനത്തെ കണക്ഷന്‍ ഉണ്ട്, ഇന്നതൊക്കെ ആണ് ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചത് എന്നൊക്കെ പറയുന്നതിന്റെ ലോജിക് ഒട്ടും മനസിലാകുന്നില്ലെന്നും തിയേറ്ററില്‍ കാണുന്ന പ്രൊഡക്ട് കണ്ടല്ലേ നമ്മള്‍ വിലയിരുത്തുന്നതെന്നും പ്രേക്ഷകര്‍ ചോദിക്കുന്നു.

അതേസമയം ലോകേഷിന്റെ ഡീകോഡിങ്ങില്‍ ആവേശം കൊള്ളുന്നവരുമുണ്ട്. യഥാര്‍ത്ഥ ലിയോയെ ഇനിയാണ് കാണാന്‍ പോകുന്നതെന്നാണ് ലോകേഷ് ആരാധകര്‍ പറയുന്നത്. ഫഹദിന്റെ അമര്‍ എന്ന കഥാപാത്രവും ലിയോയും തമ്മില്‍ ഓര്‍ഫനേജ് കണക്ഷന്‍ വെച്ചതും ആഘോഷമാക്കുന്നവരുണ്ട്. എന്തായാലും ലിയോ സിനിമയെന്നത് പോലെ ലോകേഷിന്റെ ലിയോ ഡീകോഡിങ്ങിനും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: Lokesh’s leo decoding also received a mixed response