സിനിമ പ്രേമികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം എന്ന ചിത്രത്തിലൂടെയായിരുന്നു ലോകേഷ് സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് കൈദി, വിക്രം ഒടുവിലിറങ്ങിയ ലിയോ അടക്കം ലോകേഷ് എന്ന ഫിലിം മേക്കര്‍ നിറഞ്ഞു നിന്ന സിനിമകള്‍ ആയിരുന്നു.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മാസ്റ്റര്‍. തന്റെ അച്ഛന്റെ കടയില്‍ വരുന്ന മദ്യപാനിയായ കോളേജ് പ്രൊഫസറില്‍ നിന്ന് ഇന്‍സ്പയര്‍ ആയാണ് ചിത്രത്തില്‍ വിജയിയുടെ കഥാപാത്രത്തെ ചെയ്തതെന്ന് ലോകേഷ് പറയുന്നു.
‘നാട്ടില്‍ എന്റെ അച്ഛന്‍ ഒരു സ്റ്റേഷനറി കട നടത്തുന്നുണ്ട്. ഒരു ദിവസം രാവിലെ ഞാന്‍ അദ്ദേഹത്തോട് വര്‍ത്തമാനമൊക്കെ പറഞ്ഞ് കടയില്‍ നില്‍ക്കുമ്പോള്‍ അച്ഛനോട് സംസാരിച്ചുകൊണ്ട് ഒരാള്‍ അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടാല്‍ മാസ്റ്റര്‍ സിനിമയില്‍ വരുന്ന വിജയിയെ പോലെയാണുള്ളത്.
താടിയെല്ലാം വളര്‍ത്തി ചെക്ക്ഡ് ഷര്‍ട്ടും പാന്റുമായിരുന്നു വേഷം. സംസാരിച്ച് കഴിഞ്ഞ് അദ്ദേഹം പോകുമ്പോള്‍ കള്ളിന്റെ മണം വല്ലാതെ വന്നിരുന്നു. ഒരു യമഹ ബൈക്ക് ഓടിച്ചോണ്ടായിരുന്നു അദ്ദേഹം പോയിരുന്നത്. എന്റെ അച്ഛന്‍ സാധാരണയായി പകല്‍ കള്ളുകുടിച്ച് നടക്കുന്നവരുടെ സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ലായിരുന്നു.
അങ്ങനെ ഞാന്‍ അച്ഛനോട് അത് ആരാണെന്ന് ചോദിച്ചപ്പോള്‍ എന്റെ പഴയ സുഹൃത്താണ്, ആര്‍ട്സ് കോളേജില്‍ പ്രൊഫസര്‍ ആണെന്നെല്ലാം പറഞ്ഞു. അദ്ദേഹത്തെ എപ്പോള്‍ കണ്ടാലും കുട്ടികള്‍ക്കെല്ലാം ഭയങ്കര ആവേശമായിരുന്നു. ആ ഒരു ഐഡിയ മാത്രമായിരുന്നു എനിക്ക് ഉണ്ടായത്. ബാക്കിയെല്ലാം റിയല്‍ ലൈഫുമായി ബന്ധമില്ലാത്തതാണ്,’ ലോകേഷ് കനകരാജ് പറയുന്നു.