മുംബൈ: ഓക്‌സിജന്റെ ആവശ്യത്തിന്റെ അളവ് പ്രതിദിനം 800 മെട്രിക് ടണ്ണിലെത്തിയാല്‍ മാത്രമേ മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയുള്ളുവെന്ന് പൊതുജനാരോഗ്യമന്ത്രി രാജേഷ് ടോപെ.
ഒമിക്രാണ്‍ കേസുകള്‍ ദ്രുതഗതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ പൊതുവെ അത്തരം രോഗികള്‍ ഐ.സിയുവില്‍ എത്തുന്നില്ല എങ്കില്‍ അവര്‍ക്ക് സപ്ലിമെന്ററി ഓക്‌സിജന്‍ ആവശ്യമില്ലെന്ന് ടോപെ പറഞ്ഞു.
‘ആളുകളിലേക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ കൊവിഡ്-അനുയോജ്യമായ പെരുമാറ്റം പിന്തുടരാന്‍ ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. മാസ്‌ക് ധരിക്കുന്നത് വളരെ പ്രധാനമാണ്,’ എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം, കൊറോണ വൈറസ് കേസുകളുടെ കാര്യത്തില്‍ വര്‍ധനവുണ്ടായത് കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
രാത്രി 9 മുതല്‍ രാവിലെ 6 വരെ പൊതു സ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് വിലക്കുകയും പൊതു പരിപാടികളില്‍ അനുവദിക്കുന്ന ആളുകളുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്തിരുന്നു.