മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും പണികിട്ടി; നോട്ടമിട്ട താരത്തെ റാഞ്ചി ലിവർപൂൾ
football news
മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും പണികിട്ടി; നോട്ടമിട്ട താരത്തെ റാഞ്ചി ലിവർപൂൾ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th December 2022, 9:18 am

 

ലോകകപ്പ് ഫുട്ബോൾ ആരവങ്ങൾ കെട്ടട ങ്ങി ക്ലബ്ബ് ഫുട്ബോൾ മാമാങ്കം ആരംഭിച്ചിരിക്കുമ്പോൾ വലിയ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ. ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോ കൂടി തുറക്കുന്നതോടെ പുതിയ താരങ്ങളെ സ്വന്തമാക്കിയും പ്രകടനം മോശമായ താരങ്ങളെ ഒഴിവാക്കിയും സ്‌ക്വാഡ് ഡെപ്ത്ത് വർധിപ്പിച്ച് ക്ലബ്ബുകൾ ലീഗ് ടൈറ്റിലിനായി കൂടുതൽ ശക്തമായി പോരാടും.

ക്ലബ്ബ് ഫുട്ബോൾ ഉത്സവത്തിന് കൊടിയേറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ ചൊവ്വാഴ്ച ആരംഭിച്ചിട്ടുണ്ട്. അതേസമയം തങ്ങളുടെ മോശം സമയത്ത് നിന്നും കഷ്ടിച്ച് പിടിച്ച് കയറി വരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് തലവേദന സൃഷ്‌ടിച്ചിരിക്കുകയാണ് എതിരാളികളായ ലിവർപൂൾ.

കഴിഞ്ഞ വർഷത്തെ ലീഗ് ടൈറ്റിൽ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് കട്ടക്ക് പൊരുതിയ ലിവർപൂൾ ഈ സീസണിൽ മെച്ചപ്പെട്ട പ്രകടനമല്ല കാഴ്ച വെക്കുന്നത്. 15 മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ നിലവിൽ ആറാം സ്ഥാനത്താണ് ലിവർപൂളിന്റെ സ്ഥാനം. അതേസമയം യുണൈറ്റഡ് അഞ്ചാമതാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ടീമിലേക്കെത്തിക്കാൻ ഏറെ കഷ്ടപ്പെട്ടിരുന്ന നെതർലൻഡ്സ് താരം കോഡി ഗാക്പോയെ ഇപ്പോൾ ലിവർപൂൾ സ്വന്തമാക്കാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ. 35 മുതൽ 45 മില്യൺ യൂറോക്ക് ഇടയിലുള്ള ഒരു തുകയ്ക്കായിരിക്കും ഗാക്പോയുമായി യുണൈറ്റഡ് കരാറിലെത്തുക എന്നാണ് റിപ്പോർട്ടുകൾ.

നെതർലൻഡ്സ് ക്ലബ്ബായ പി.എസ്.വി എയ്ന്ദോവനിൽ നിന്നാണ് താരത്തെ ലിവർപൂൾ സ്വന്തമാക്കാൻ പോകുന്നത്. ഗാക്പോയെ നൽകുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പി.എസ്.വി പ്രസ്താവനയിറക്കി കഴിഞ്ഞു.

“പി.എസ്.വിയും ലിവർപൂളുമായി കോഡി ഗാക്പോയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട എഗ്രിമെന്റ് നടപടികളിലേക്ക് കടന്നു,’ എന്നാണ് പി.എസ്.വി ട്വീറ്റ്‌ ചെയ്തിരിക്കുന്നത്.

23കാരനായ ഗാക്പോ എഗ്രിമെന്റ് നടപടികൾ നല്ല രീതിയിൽ പൂർത്തിയായാൽ ഉടൻ തന്നെ ഇംഗ്ലണ്ടിലെക്ക് പോകും എന്നാണ് റിപ്പോർട്ടുകൾ.
ലോകകപ്പിൽ മൂന്ന് ഗോളുകളുമായി തിളങ്ങിയ താരമാണ് ഗാക്പോ. ഓറഞ്ച് പടയെ ക്വാർട്ടർ ഫൈനൽ വരെ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിച്ച താരമാണ് ഗാക്പോ.

അതേസമയം അയാക്സിൽ നിന്നും ബ്രസീൽ താരം ആന്റണിയെ ടീമിലെത്തിച്ചതിന് ശേഷം യുണൈറ്റഡ് അവരുടെ ടീമിലെത്തിക്കാൻ ഏറെ ആഗ്രഹിച്ചിരുന്ന താരമാണ് ഗാക്പോ.

ഈ സീസണിൽ കസമീറോ, ലിസാൻഡ്രോ മാർട്ടീനസ്, ഗെർണാച്ചോ മുതലായ താരങ്ങളെ സ്വന്തമാക്കിയ യുണൈറ്റഡ് ഇനിയൊരു പ്രോപ്പർ സ്ട്രൈക്കറെ ടീമിലെത്തിക്കാൻ ആകും ശ്രമം നടത്തുക എന്നാണ് റിപ്പോർട്ടുകൾ.

 

അതേസമയം തിങ്കളാഴ്ച നടന്ന മത്സരത്തിൽ ലിവർപൂൾ 3-1 എന്ന സ്കോറിന് ആസ്റ്റൺ വില്ലയെ തകർത്തിരുന്നു. ബുധനാഴ്ച നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം.

 

Content Highlights: livepoor buy manchester united targeting dutch player