രോമാഞ്ചം ഹിറ്റാകുമെന്ന് തോന്നിയിരുന്നെങ്കിൽ വിട്ടുകളയില്ലായിരുന്നു; തിയേറ്ററിൽ പോയി രണ്ടുതവണ കണ്ടു: ലിസ്റ്റിൻ സ്റ്റീഫൻ
Entertainment
രോമാഞ്ചം ഹിറ്റാകുമെന്ന് തോന്നിയിരുന്നെങ്കിൽ വിട്ടുകളയില്ലായിരുന്നു; തിയേറ്ററിൽ പോയി രണ്ടുതവണ കണ്ടു: ലിസ്റ്റിൻ സ്റ്റീഫൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th July 2023, 12:48 pm

രോമാഞ്ചത്തിൻെറ കഥ കേട്ടപ്പോൾ വിജയിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. അങ്ങനൊരു പ്രതീക്ഷ ഉണ്ടായിരുന്നെങ്കിൽ താൻ തന്നെ ചിത്രം നിർമിക്കുമായിരുന്നെന്നും സിനിമ താൻ രണ്ടുതവണ കണ്ടെന്നും ലിസ്റ്റിൻ പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

രോമാഞ്ചം നിർമിക്കാതെ പോയത് ആ ചിത്രത്തെ മനസിലാക്കാൻ പറ്റാതിരുന്നതുകൊണ്ടാണോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘രോമാഞ്ചം തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മുൻപ് അതുമായി ബന്ധമുള്ള പലരും തിയേറ്ററിൽ ഇരുന്ന് കാണുന്ന പതിവുണ്ട്. ആ കൂട്ടത്തിൽ ഞാനും കണ്ടിരുന്നു. കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയില്ല ഈ ചിത്രം ഇത്രയും ഹിറ്റാകുമെന്ന്. അങ്ങനെ ഹിറ്റാകുമെന്ന് തോന്നിയിരുന്നെങ്കിൽ അത് നമ്മളിലൂടെ വന്നുപോയേനെ. എങ്കിൽകൂടിയും ഞാൻ ആ പ്രൊഡ്യൂസറുമായി സംസാരിക്കുകയും എന്നാൽ കഴിയുന്ന ഹെല്പ് ചെയ്ത് കൊടുക്കുകയും ചെയ്തു. അതാണ് എനിക്ക് ചെയ്യാൻ പറ്റുന്ന ഒരേയൊരു സഹായം.

അന്ന് ആ ചിത്രത്തെ ജഡ്ജ് ചെയ്യാൻ പറ്റിയില്ല. പിന്നീട് അത് തിയേറ്ററിൽ റിലീസായപ്പോഴും ഞാൻ പോയി കണ്ടു.

സാറ്റ്‌ലൈറ്റ്കാർ, ഒ.ടി.ടിക്കാർ ഒക്കെ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് കാണും. അവർക്കൊക്കെ ചില സിനിമകൾ അവരുടെ രീതികൾക്കും പ്ലാറ്റ്‌ഫോമുകൾക്കും പറ്റില്ല. അല്ലെങ്കിൽ ചില സിനിമകൾ ചില ചാനലുകൾക്ക് പറ്റില്ല. അങ്ങനെ പല സിനിമകളും പലരുടെ കയ്യിൽ നിന്നും മാറി പോകും. അതുപോലെ എന്തുകൊണ്ടാണ് എനിക്ക് ഈ ചിത്രം ഇഷ്ടപ്പെടാതെ പോയതെന്നും അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇത്രയും പ്രേക്ഷക സ്വീകാര്യത കിട്ടിയതെന്നും തിയേറ്ററിൽ പോയി കണ്ടാലാണ് മനസിലാകൂ. സിനിമയിൽ വർക്ക് ചെയ്യുന്ന ആളെന്ന നിലയിൽ ഞാൻ ഇതൊക്കെ പോയി കാണണം.

ഞാൻ ഉദ്ദേശിച്ചതിലും ഇരട്ടി ഹിറ്റാണ് രോമാഞ്ചത്തിന്‌ ഉണ്ടായത്. ഇത് തിയേറ്ററിലും പോയി കണ്ടു. അങ്ങനെ രണ്ട് തവണയായി. അപ്പോഴും ഞാൻ ചിന്തിച്ചു എന്തുകൊണ്ടാണ് ഇത്രയും വലിയ ഹിറ്റായതെന്ന്. കാരണം തിയേറ്ററിൽ ചെന്നപ്പോൾ എല്ലാവരും ഇരുന്ന് ചിരിക്കുന്നു.

പടം കാണുന്നവരുടെ മൈൻഡ് അല്ല നമുക്ക്. സിനിമ കാണുമ്പോൾ മൈൻഡ് ഫ്രീ ആയിരിക്കണം. വരാനുള്ള പൈസയുടെ കണക്കും, ഷൂട്ടിങ് നടക്കുന്ന പടത്തിന്റെ കാര്യവും, ആർട്ടിസ്റ്റ്, ഷൂട്ടിങ് സെറ്റിൽ മഴയുണ്ടാകുമോ എന്നുള്ള പല ടെൻഷനുകളും നമുക്കുണ്ടാകും. ചിലപ്പോൾ അങ്ങനെ ഒരു മാനസികാവസ്ഥയിൽ ഇരിക്കെയാവും എനിക്ക് ആ ചിത്രം വർക്കാവാതെ പോയത്. എന്നാലും ചില സിനിമകൾ നമ്മൾ ഉദ്ദേശിക്കുന്നതിലും എത്രയോ മുകളിലാണ്.

Content Highlights: Listin Stephen on Romancham movie