ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ കടുവയില്‍ അഭിനയിക്കാന്‍ തയ്യാറായതിനെ കുറിച്ചും നടന് പൃഥ്വിരാജിനെ കുറിച്ചും വാചാലനായി നടന് വിവേക് ഒബ്രോയ്.
ഒരിക്കലും പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്യുന്ന ആളല്ല താനെന്നും പൃഥ്വിരാജിനെപ്പോലുള്ളവര്ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹം തന്നെയാണ് തന്നെ ഈ സിനിമയിലേക്ക് എത്തിച്ചതെന്നുമാണ് വിവേക് ഒബ്രോയ് പറയുന്നത്. ഒപ്പം നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫനെ കുറിച്ചും വിവേക് ഒബ്രോയ് സംസാരിക്കുന്നുണ്ട്. കടുവ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ പൃഥ്വിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത്രയേറെ കഴിവുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഒരു പ്രശ്നം എന്താണെന്നാല്‍ അദ്ദേഹം എല്ലാവരേയും ഇന്സെക്യുര് ആക്കും എന്നതാണ്. (ചിരി). കാരണം അദ്ദേഹം എല്ലാ ജോലിയും ചെയ്യും. പൃഥ്വിരാജ് കേരളത്തിന്റെ കമല്‍ഹാസനാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് ആ പ്രസ്താവന വലിയൊരു പ്രസ്താവനയാണെന്ന് അറിയാം. നിങ്ങള്‍ തന്നെ നോക്കൂ അഭിനയം, നിര്‍മാണം, പാട്ട്, ഡാന്‍സ്, സംവിധാനം, എഡിറ്റിങ് തുടങ്ങി എല്ലാം ചെയ്യും.
ഒരു തരത്തില്‍ സംയുക്ത രക്ഷപ്പെട്ടതാണ്. അല്ലെങ്കില്‍ സംയുക്തയുടെ റോള്‍ കൂടി പൃഥ്വി ചെയ്തേനെ(ചിരി). ഹൃദയത്തില്‍ നിന്ന് പറയുകയാണ് പൃഥ്വിയെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. അങ്ങേയറ്റം കമ്മിറ്റഡായ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതവും ശ്വാസവും വരെ സിനിമയാണ്. അത്രയും ഫോക്കസ്ഡും കമ്മിറ്റഡുമായി സിനിമയെ നോക്കിക്കാണുന്ന ആളാണ് അദ്ദേഹം.
20 വര്‍ഷമായി അദ്ദേഹം സിനിമയില്‍. ഞാനും 20 വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളാണ്. ഞാനുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൃഥ്വി എത്രയോ മുന്നിലാണ്. ഡെഡിക്കേഷനും പാഷനുമാണ് അതിന്റെ കാരണം. അദ്ദേഹം എന്നെ ഒരുപാട് ഇന്‍സ്പെയര്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചത് ഒരിക്കലും പണത്തിന് വേണ്ടിയിട്ടല്ല.
ലിസ്റ്റിന് എനിക്കൊരു ഫെറാറി ഓഫര്‍ ചെയ്തിരുന്നു (ചിരി). മിക്കവാറും സിനിമ സക്സസ് ആയാല്‍ ഫെറാറിയുടെ ഒരു toy യുമായി അദ്ദേഹം എന്റെ അരികില്‍ വന്നേക്കും. പണം എന്നത് ചെറിയൊരു റീസണ്‍ മാത്രമാണ്. ഈ ടീമിനൊപ്പം സമയം ചിലവഴിക്കാന്‍ പറ്റുന്നത് തന്നെയാണ് എന്നെ ഇവിടെ എത്തിച്ചത്. അതുപോലെ ഷാജി കൈലാസിനെപ്പോലുള്ളവര്ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചതും വലിയ കാര്യമാണ്.
ഒരു കാര്യം കൂടി പറയാം. ചിത്രത്തിന്റെ ക്ലൈമാക്സ് സീന്‍ ഷൂട്ട് ചെയ്യുകയാണ്. ആക്ഷന്‍ സ്വീകന്‍സ് ആണ് എടുക്കുന്നത്. അങ്ങനെയിരിക്കെ ലിസ്റ്റിന് എന്റെ അടുത്ത് വന്ന് ചിരിച്ചിട്ട് സാര്‍, പാക്ക് അപ്പ് എന്ന് പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ പുലര്‍ച്ചെ രണ്ടര മൂന്ന് മണിയായിട്ടേ ഉള്ളൂ.
അഞ്ച് മണി വരെയൊക്കെ ഷൂട്ട് ചെയ്യാമെന്ന് നമ്മള് കരുതിയതാണ്. എന്താ പാക്ക് അപ്പ് ചെയ്തതെന്ന് ചോദിച്ചു. കുഴപ്പമില്ല സാര്‍ നമുക്ക് നാളെ ബാക്കി എടുക്കാമെന്ന് പറഞ്ഞു. അപ്പോള്‍ എന്താണ് സംഭവമെന്ന് എനിക്ക് മനസിലായില്ല.
അത്രയും പ്രശ്നങ്ങളുള്ള ഒരു സമയമായിട്ടും അദ്ദേഹം ചിരിച്ചുകൊണ്ടാണ് എന്റെ അടുത്ത് വന്നിട്ട് ബാക്കി നമുക്ക് നാളെ എടുക്കാമെന്ന് പറയുന്നത്. ഇത്തരത്തിലുള്ള ഗംഭീരരായ മനുഷ്യര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നതാണ്. എന്നെ സംബന്ധിച്ച് ഒരു ഡ്രീം ടീം തന്നെയായിരുന്നു ഇത്. പിന്നെ ചിത്രത്തിലെ എന്റെ കഥാപാത്രം. വളരെ എക്സൈറ്റിങ് ആയിട്ടുള്ള കഥാപാത്രമാണ് അത്, വിവേക് ഒബ്രോയ് പറഞ്ഞു.
Content Highlight: Listin Stephen Offer me a Ferrari says Vivek Oberoi