സിദ്ധരാമയ്യ മന്ത്രിസഭയുടെ ഭാഗമായി ശനിയാഴ്ച 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യും
national news
സിദ്ധരാമയ്യ മന്ത്രിസഭയുടെ ഭാഗമായി ശനിയാഴ്ച 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th May 2023, 11:41 pm

ബെംഗളൂരു: സിദ്ധരാമയ്യ മന്ത്രിസഭയുടെ ഭാഗമായി ശനിയാഴ്ച 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കര്‍ണാടക സര്‍ക്കാരിലെ മന്ത്രിമാരുടെ എണ്ണം 34 ആയി ഉയരുമെന്നാണ് സൂചന.

224 അംഗ നിയമസഭയില്‍ ഇത്രയും മന്ത്രിമാരെ ഉള്‍പ്പെടുത്താനാകുമെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു. മെയ് 20ന് സിദ്ധരാമയ്യക്കും ഡി.കെ. ശിവകുമാറിനുമൊപ്പം ഏഴ് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

 

കര്‍ണാടക മന്ത്രിസഭാ വികസനം ശനിയാഴ്ച നടക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് ഇന്‍ചാര്‍ജ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചിരുന്നു. മന്ത്രിസഭാ വികസനം സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കോടതിയിലാണെന്നും വിപുലീകൃത മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നും സുര്‍ജേവാല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുള്ള മന്ത്രിമാരുടെ പട്ടിക ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയും പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കോണ്‍ഗ്രസിന്റെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈരെ ഗൗഡ, ഈശ്വര്‍ ഖന്ദ്രെ, റഹീം ഖാന്‍, സന്തോഷ് ലാഡ്, കെ.എന്‍. രാജണ്ണ, പീരിയപട്ടണ വെങ്കിടേഷ്, എച്ച്.സി. മഹാദേവപ്പ, ബൈരതി സുരേഷ്, ശിവരാജ് തംഗദഗി, ആര്‍.ബി. തിമ്മാപൂര്‍, ബി. നാഗേന്ദ്ര എന്നിവര്‍ മന്ത്രിസഭയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അടുപ്പക്കാരായ ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മധു ബംഗാരപ്പ, ഡി. സുധാകര്‍, ചെലുവരയ്യ സ്വാമി, മാന്‍കുള്‍ വൈദ്യ, എം.സി. സുധാകര്‍ എന്നിവരാണ് എം.എല്‍.എമാരുടെ പട്ടികയിലുള്ളതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ പേരുകള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ദില്ലിയിലെത്തി ഹൈക്കമാന്‍ഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അദ്ദേഹം വസതിയിലെത്തി സന്ദര്‍ശിച്ചു. മന്ത്രിമാരുടെ അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയിട്ടുണ്ട്.

content highlights: List of 24 Congress MLAs who are expected to take oath as the ministers in the Karnataka cabinet