രണ്ട് ടീമുകളാണ് അർജന്റീനക്ക് വെല്ലുവിളി, ലോകകപ്പ് നേടാനായില്ലെങ്കിലും കളിയിൽ വീഴ്ച വരുത്തില്ല; വിജയ സാധ്യതയുള്ള അഞ്ച് ടീമുകളെ പ്രവചിച്ച് ലയണൽ മെസി
Football
രണ്ട് ടീമുകളാണ് അർജന്റീനക്ക് വെല്ലുവിളി, ലോകകപ്പ് നേടാനായില്ലെങ്കിലും കളിയിൽ വീഴ്ച വരുത്തില്ല; വിജയ സാധ്യതയുള്ള അഞ്ച് ടീമുകളെ പ്രവചിച്ച് ലയണൽ മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th October 2022, 10:18 pm

നവംബർ 20ന് ആരംഭിക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോൾ ലോകം. ആരാധകർക്കിടയിൽ ലോകകപ്പ് ചർച്ചകൾ സജീവമാണ്. ടൂർണമെന്റിനെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളും പ്രവചനങ്ങളും ഫുട്‌ബോൾ വിദഗ്ധരും കളിക്കാരും പങ്കുവെക്കാറുണ്ട്.

ഖത്തർ ലോകകപ്പിൽ ആർക്കൊക്കെയാണ് വിജയ സാധ്യത എന്ന് വെളിപ്പെടുത്തിരിക്കുകയാണ് ഇപ്പോൾ അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി.

ഔട്ട്‌ലെറ്റ് ഡയറക്‌ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

മെസിയുടെ പ്രവചന പട്ടികയിൽ അർജന്റീനയില്ല. ഖത്തർ ലോകകപ്പിന്റെ ഫേവറിറ്റ്സ് അർജന്റീനയല്ലെന്ന് ലയണൽ മെസി നേരത്തെ പറഞ്ഞിരുന്നു. അതേസമയം ലോകകപ്പിൽ അർജന്റീന മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മെസി തന്റെ ലോകകപ്പ് ഫേവറിറ്റുകളായി അഞ്ച് ടീമുകളെയാണ് തെരഞ്ഞെടുത്തത്.

ബ്രസീൽ, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്‌പെയിൻ എന്നീ ടീമുകളാണ് താരത്തിന്റെ പ്രവചന പട്ടികയിൽ ആദ്യം സ്ഥാനം പിടിച്ചത്. ചില ടീമുകളെ മറന്നിട്ടുണ്ടെന്നും ലിസ്റ്റ് ഇനിയും നീളുമെന്നും മെസി കൂട്ടിച്ചേർത്തു.

ഇതിൽ നിന്ന് ഏറ്റവും കൂടുതൽ കിരീട ഫേവറേറ്റുകൾ ആയ ഒന്നോ രണ്ടോ ടീമുകളെ എടുക്കാൻ ആവശ്യപ്പെട്ടാൽ താൻ ബ്രസീലിനെയും ഫ്രാൻസിനെയും തെരഞ്ഞെടുക്കുമെന്നും അവരാണ് ഈ വേൾഡ് കപ്പിലെ ഏറ്റവും വലിയ കിരീട ഫേവറേറ്റുകളെന്നും മെസി വ്യക്തമാക്കി

അർജന്റീനക്ക് ഏറ്റവും കൂടുതൽ വെല്ലുവിളിയാകുന്നത് ബ്രസീലും ഫ്രാൻസുമാണെന്നാണ് മെസിയുടെ അനുമാനം.

താരസമ്പന്നമായ നിരയുമായാണ് ഇത്തവണ ഫ്രാൻസും ബ്രസീലും വേൾഡ് കപ്പിനെത്തുന്നത്. അതേസമയം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിയുന്നു എന്നുള്ളതാണ് അർജന്റീനയുടെ ഏറ്റവും വലിയ പോസിറ്റീവ് വശം.

ഇറ്റലിയെ തോൽപ്പിച്ച് 2021-ൽ കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം 2022 ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകളുടെ കൂട്ടത്തിലാണ് അർജന്റീന.

എന്നിരുന്നാലും, പരിക്ക് മൂലം ഈ ടൂർണമെന്റ് നഷ്ടമാകാനുള്ള സാധ്യത മെസിയുടെ ആശങ്കയ്ക്ക് കാരണമായി. അർജന്റീനയുടെ എയ്ഞ്ചൽ ഡി മരിയയ്ക്കും പൗലോ ഡിബാലയ്ക്കും അടുത്തിടെ പരിക്കേറ്റതിനാൽ അത് ടീമിനെ കൂടുതൽ ആശങ്കയലാഴ്ത്തുന്നുണ്ടെന്ന് താരം നേരത്തെ പറഞ്ഞരിക്കുന്നു.

അർജൻൈറൻ സൂപ്പർതാരം അവസാനമായി കളിക്കുന്ന ലോകകപ്പ് കൂടിയായിരിക്കും ഖത്തറിൽ അരങ്ങേറുന്നത്.

Content Highlights: Lionel Messi reveals two countries that stand a chance to win coveted trophy