'അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിന് ക്ലബ്ബില്‍ നിന്ന് ലഭിച്ചില്ല'; റൊണാള്‍ഡീഞ്ഞോയെ കുറിച്ച് മെസി
Football
'അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിന് ക്ലബ്ബില്‍ നിന്ന് ലഭിച്ചില്ല'; റൊണാള്‍ഡീഞ്ഞോയെ കുറിച്ച് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th July 2023, 12:37 pm

ബാഴ്‌സലോണയുടെ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയെ പ്രശംസിച്ച് ലയണല്‍ മെസി. മെസി ബാഴ്‌സയിലേക്കെത്തുന്ന കാലത്ത് ക്ലബ്ബില്‍ പ്രധാനിയായിരുന്ന റൊണാള്‍ഡീഞ്ഞോ പിന്നീട് ക്ലബ്ബ് വിടുകയായിരുന്നു. അദ്ദേഹം കൂടുതല്‍ കാലം ബാഴ്‌സക്കായി കളിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും റൊണാള്‍ഡീഞ്ഞോക്ക് ബാഴ്‌സയില്‍ അര്‍ഹിച്ച അംഗീകാരം കിട്ടിയിട്ടില്ലെന്നും മെസി പറഞ്ഞു.

‘സംഭവിച്ചതില്‍ വെച്ചേറ്റവും മോശമായ കാര്യമെന്തെന്നാല്‍ അദ്ദേഹം ക്ലബ്ബിന് നേടിക്കൊടുത്തതിന് തുല്യമായ പരിഗണനയൊന്നും ബാഴ്‌സലോണയില്‍ റൊണാള്‍ഡീഞ്ഞോക്ക് ലഭിച്ചിരുന്നില്ല. ബാഴ്‌സയുടെ ചരിത്രം തന്നെ മാറ്റിമറിച്ച താരമാണ് അദ്ദേഹം.

റൊണാള്‍ഡീഞ്ഞോ ക്ലബ്ബ് വിട്ട രീതി വളരെ വിചിത്രമാണ്. എനിക്ക് കൂടുതല്‍ കാലം അദ്ദേഹത്തിനൊപ്പം കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹമുണ്ടായിരുന്നു,’ മെസി പറഞ്ഞു.

പെപ്പ് ബാഴ്‌സയുടെ പരിശീലകനായി വന്ന ശേഷം ക്ലബ്ബ് വിട്ട റൊണാള്‍ഡീഞ്ഞോ പിന്നീട് ഇറ്റാലിയന്‍ ക്ലബ്ബായ എസി മിലാനിലേക്ക് ചേക്കേറുകയായിരുന്നു.

ബാഴ്‌സലോണ എഫ്.സിയില്‍ കളി മികവ് കൊണ്ടും റെക്കോഡ് നേട്ടത്തിന്റെ കാര്യത്തിലും വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് റൊണാള്‍ഡീഞ്ഞോ. ബാഴ്‌സയില്‍ മെസിയുടെ തുടക്കകാലത്ത് താരത്തിന്റെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയവരില്‍ ഒരാളുമായിരുന്നു അദ്ദേഹം.

ബാഴ്‌സലോണക്കായി കളിച്ച 207 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകളാണ് റൊണാള്‍ഡീഞ്ഞോ അക്കൗണ്ടിലാക്കിയത്. ഇതിനുപുറമെ, രണ്ട് ലാ ലിഗ ടൈറ്റിലുകളും ഒരു ചാമ്പ്യന്‍സ് ലീഗും ഒരു ബാലണ്‍ ഡി ഓറും താരത്തിന്റെ പേരിലുണ്ട്.

97 തവണ ബ്രസീലിന് വേണ്ടി കളിച്ചിട്ടുള്ള താരം ടീമിനായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്. 2002ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. ബാഴ്‌സലോണക്ക് പുറമെ പി.എസ്.ജി, എ.സി മിലാന്‍, ഫ്‌ളെമിങോ, അത്‌ലറ്റികോ മിനേറോ, ക്വറേട്ടറോ, ഫ്‌ളുമിനെന്‍സ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടുകെട്ടിയിട്ടുള്ള റൊണാള്‍ഡീഞ്ഞോ 2005ലാണ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

Content Highlights: Lionel Messi praises Ronaldinho