ബാഴ്‌സലോണയില്‍ തിരികെയെത്താന്‍ പുതിയ നിബന്ധന മുന്നോട്ടുവെച്ച് മെസി; റിപ്പോര്‍ട്ട്
Football
ബാഴ്‌സലോണയില്‍ തിരികെയെത്താന്‍ പുതിയ നിബന്ധന മുന്നോട്ടുവെച്ച് മെസി; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd March 2023, 8:31 am

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ബാഴ്‌സലോണ എഫ്.സിയിലേക്ക് തിരികെ പോകാന്‍ തയ്യാറാണെന്നും എന്നാല്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട്.

ബാഴ്‌സയില്‍ കുറഞ്ഞ വേതനത്തില്‍ സൈന്‍ ചെയ്യാന്‍ മെസി തയ്യാറാണെന്നും തന്റെ മത്സരങ്ങളില്‍ നിന്ന് ക്ലബ്ബിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് തനിക്ക് നല്‍കണമെന്ന നിബന്ധനയാണ് മെസി മുന്നോട്ടുവെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പാനിഷ് ഔട്‌ലെറ്റായ എല്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ മെസി ബാഴ്‌സലോണയുമായി സൈന്‍ ചെയ്യാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മെസി നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ പി.എസ്.ജിയില്‍ വരുന്ന ജൂണിലാണ് താരത്തിന്റെ കരാര്‍ അവസാനിക്കുക.

മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ പി.എസ്.ജിക്ക് ഓപ്ഷന്‍ ഉണ്ടെങ്കിലും എഫ്.എഫ്.പിയുടെ പ്രശ്‌നങ്ങള്‍ കാരണം ക്ലബ്ബിന് വേതന ബില്‍ കുറക്കേണ്ടതുണ്ട്. അതിനാല്‍ ജൂണില്‍ താരത്തെ റിലീസ് ചെയ്യാന്‍ തന്നെയാകും പി.എസ്.ജിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സീസണില്‍ മെസിയും പാരീസിയന്‍ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കാനായതോടെയാണ് ബാഴ്സലോണ താരത്തെ സ്വന്തമാക്കാന്‍ എത്തിയിരിക്കുന്നത്. ബാഴ്സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ട മെസിയെ തിരികെയെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും താരം വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. പി.എസ്.ജിയുമായി കരാര്‍ പുതുക്കാന്‍ മെസി താത്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ബാഴ്സലോണക്ക് പുറമെ ഇന്റര്‍ മിയാമിയാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ള മറ്റൊരു ക്ലബ്ബ്.

അതേസമയം സ്പാനിഷ് ലാ ലിഗ ഫുട്‌ബോളിലെ എല്‍ ക്ലാസിക്കോയില്‍ ബാഴസലോണ വിജയിച്ചിരുന്നു. റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ബ്ലൂഗ്രാനക്കായി സെര്‍ജി റോബേര്‍ട്ടോയും ഫ്രാങ്ക് കെസിയുമാണ് വലകുലുക്കിയത്.

ഏപ്രില്‍ രണ്ടിന് എല്‍ച്ചെക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Content Highlights: Lionel Messi is going to sign with Lionel Messi, report