മത്സരത്തില്‍ ലൂക്ക ലങ്കോണിയുടെ കാലില്‍ നിന്ന് ന്യൂ ഇംഗ്ലണ്ട് രണ്ടാം മിനിട്ടില്‍ ഗോള്‍ നേടി തുടക്കം കുറിക്കുകയായിരുന്നു. ശേഷം ഡിലാന്‍ ബോറേറോ 34ാം മിനിറ്റിലും മയാമിയുടെ വല കുലുക്കി. എന്നാല്‍ അതിന് ശേഷം ശക്തമായ തിരിച്ചുവരവാണ് മായാമി നടത്തിയത്.
ലൂയിസ് സുവാരസ് 40ാം മിനിട്ടിലും 43ാം മിനിട്ടിലും ഇരട്ട ഗോള്‍ നേടി മയാമിയെ സമനിലയില്‍ എത്തിച്ചു. തുടര്‍ന്ന് ബെഞ്ചമിന്‍ ക്രമാസ്‌കി 58ാം മിനിട്ടില്‍ തകര്‍പ്പന്‍ ഗോള്‍ നേടി മെസിപ്പടയെ മുന്നിലെത്തിച്ചു.
അവസാന ഘട്ടത്തില്‍ ഫുട്‌ബോള്‍ ആരാധകരെ അമ്പരപ്പിച്ചു കൊണ്ടാണ് മെസി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. 78, 81, 89 എന്നീ മിനിട്ടുകളില്‍ ന്യൂ ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയെ തകര്‍ത്തുകൊണ്ട് മൂന്നു വെടിയുണ്ട് ഗോളുകളാണ് മെസി അടിച്ചു കയറ്റിയത്.
മത്സരത്തില്‍ ആദ്യ 40 മിനിട്ടിന് ശേഷം ഇന്റര്‍മയാമിയാണ് പൂര്‍ണ്ണ ആധിപത്യം സൃഷ്ടിച്ചത്. പന്ത് കൈവശം വയ്ക്കുന്നതിലും പാസിലും ഷോട്ടുകള്‍ എതിരാളിയുടെ വലയിലേക്ക് ഉന്നം വെക്കുന്നതിലും മയാമി മുന്നിലെത്തി.
നിലവില്‍ എം.എല്‍.എസ് പോയിന്റ് പട്ടികയില്‍ 34 മത്സരങ്ങളില്‍ 22 വിജയവും എട്ട് സമനിലയും നാല് തോല്‍വിയും അടക്കം 74 പോയിന്റ് സ്വന്തമാക്കി മെസിയുടെ ഇന്റര്‍ മയാമി തന്നെയാണ് മുന്നില്‍. രണ്ടാംസ്ഥാനത്തുള്ള കൊളംബസ് 19 വിജയവും ഒമ്പത് സമനിലയും ആറ് തോല്‍വിയും ഉള്‍പ്പെടെ 66 പോയിന്റ് നേടിയിട്ടുണ്ട്.
Content Highlight: Lionel Messi In Great Performance In M.L.S